rain

​​തിരുവനന്തപുരം: തെക്കൻ ജില്ലകളിൽ ഇന്നലെ രാത്രി തുടങ്ങിയ മഴ ഇന്നും തുടരുന്നു. തിരുവനന്തപുരത്ത് കരമനയാറും കിള്ളിയാറും കരകവിഞ്ഞു. കാലടി ഉൾപ്പടെയുളള പ്രദേശങ്ങളില്‍ നിന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ന്യൂനമര്‍ദം ഇന്ന് അതിതീവ്രമാകുമെന്ന് മുന്നറിയിപ്പ് സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ട്.

അതിനിടെ തിരുവനന്തപുരം ജില്ലയിൽ റെഡ് അലട്ട് പിൻവലിച്ച് യെല്ലോ അലർട്ടായി. കൊല്ലം, പത്തനംതിട്ട ജില്ലകളിലും റെഡ് അലർട്ട് പിൻവലിച്ചിട്ടുണ്ട്. ആലപ്പുഴ മുതൽ വയനാട് വരെയുളള ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

60–70 കിലോമീറ്റര്‍ വേഗത്തിലായിരിക്കും കാറ്റ് വീശുക. തിരമാല തീരത്ത് ഒരുമീറ്റര്‍ വരെ ഉയരാം. കൊല്ലം ആലപ്പാട്, പരവൂര്‍ മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ആറു കപ്പലുകള്‍ കൊല്ലം തുറമുഖത്ത് അടുപ്പിച്ചു.

ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന മഴയില്‍ കൊല്ലം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ പലയിടങ്ങളിലും വീടുകളിൽ വെള്ളം കയറി. തൃക്കോവിൽവട്ടത്ത് നിന്നു അഞ്ചു കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. 356 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. എൻ ഡി ആർ എഫിൻ്റെ ഒരു സംഘവും കൊല്ലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി അഞ്ഞൂറോളം ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. കൊവി‍ഡ് മാനദണ്ഡം പാലിച്ചാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. രോഗികളും അല്ലാത്തവരും രണ്ടിടത്താണ്. ലോക്ക്‌ഡൗണ്‍ മൂലം ആശയവിനിമയം തടസപ്പെടാതിരിക്കാന്‍ പ്രത്യേകശ്രദ്ധ വേണമെന്ന് ദുരന്തനിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.