തിരുവനന്തപുരം: നടൻ രാജൻ പി ദേവിന്‍റെ മകന്‍റെ ഭാര്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ഉണ്ണി പി ദേവിന്‍റെ ഭാര്യ പ്രിയങ്കയെയാണ് ബുധനാഴ്‌ച ഉച്ചയ്ക്ക് രണ്ട് മണിയോടെ തിരുവനന്തപുരം വെമ്പായത്തെ വീട്ടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്‍റെ പീഡനമാണ് മരണകാരണമെന്ന ആരോപണവുമായാണ് ഭാര്യ പ്രിയങ്കയുടെ കുടുംബം രംഗത്തെത്തിയിരിക്കുന്നത്.
ഭർത്താവ് ഉണ്ണി പി ദേവുമായുള്ള പ്രശ്‌നങ്ങളെ തുടർന്ന് അങ്കമാലിയിലെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസമാണ് പ്രിയങ്ക വെമ്പായത്തെ സ്വന്തം വീട്ടിലെത്തിയത്. മരിക്കുന്നതിന് തലേദിവസം പ്രിയങ്ക ഉണ്ണിക്കെതിരെ വട്ടപ്പാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് പ്രിയങ്കയെ ഉണ്ണി നിരന്തരം മർദ്ദിച്ചിരുന്നതായി പരാതിയിൽ പറയുന്നു. പ്രിയങ്കയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്‍റെ പാടുകളുണ്ടായിരുന്നതായി കുടുംബാംഗങ്ങളും വ്യക്തമാക്കി.
പ്രിയങ്കയുടെ സഹോദരന്‍റെ പരാതിയിൽ തിരുവനന്തപുരം വട്ടപ്പാറ പൊലീസ് അന്വേഷണം തുടങ്ങി. പ്രിയങ്കയുടെ കുടുംബത്തിന്‍റെ ആരോപണത്തിൽ ഉണ്ണി പി ദേവും കുടുംബവും ഇതുവരെ പ്രതികരിച്ചിട്ടില്ല.