തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി മാറിയതായി മുന്നറിയിപ്പ്. ഇതിനെ തുടർന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ വീണ്ടും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ അതീവ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വയനാട് വരെയുളള മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
തിരുവനന്തപുരത്ത് കരമനയാറും കിളളിയാറും കരകവിഞ്ഞു. വീടുകളിൽ വെളളം കയറിയതിനെ തുടർന്ന് കാലടിയിൽ നിന്ന ജനങ്ങളെ മാറ്റി പാർപ്പിച്ചു. തെക്കൻ ജില്ലകളിൽ രാവിലെ അൽപനേരം മഴ കുറഞ്ഞിരുന്നെങ്കിലും പിന്നീട് ആരംഭിച്ചു.
തിരുവനന്തപുരത്തും കൊല്ലത്തും കൊവിഡ് മാർഗനിർദ്ദേശങ്ങൾ പാലിച്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ലോക്ഡൗൺ മൂലം ആശയവിനിമയം തടസപ്പെടാതിരിക്കാൻ ദുരന്തനിവാരണ അതോറിറ്റി പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകി.