'ഇട്ടി" അതാണ് അയാളുടെ പേര്. അല്ലെങ്കിൽ അയാളെ അങ്ങനെയാണ് എല്ലാവരും വിളിക്കുന്നത്. വളരെ കുറച്ച് പരിചയം മാത്രമേ ഉള്ളൂ എങ്കിലും മനസിൽ അയാളെപ്പോഴോ കയറി പറ്റിയിരുന്നു. ഒറ്റപ്പെടലിന്റെ തീവ്രതയും വേദനയും കൂടുതൽ തിരിച്ചറിഞ്ഞത് ഈ നഗരത്തിൽ വന്നതിന് ശേഷമാണ്. ഒഴിവ് സമയങ്ങളിൽ ഇവിടെ വന്നിരിക്കാൻ തുടങ്ങിയതിന് ശേഷം ചുറ്റുപാട് നിന്നും കണ്ണു കൊണ്ട് കാണാനാവാത്ത എന്തോ ഒന്ന് ഒരു തരംഗം പോലെ മനസിനെ ചൂഴ്ന്ന് നിന്നു.
പുറത്തെ വെയിലിന് കനം കൂടി തുടങ്ങി. നിവർത്തിയ കുടകൾക്കടിയിലും ചൂടേറ്റ് തളർന്ന മുഖങ്ങളുമായി നടക്കുന്ന വഴിയാത്രക്കാർ. നട്ടു വളർത്തിയ മരങ്ങൾ വളർന്ന് പടർന്ന് മുകളിൽ വിരിഞ്ഞ് നിൽക്കുന്നത് കൊണ്ട് ഇലകൾക്കിടയിലൂടെ താഴേക്ക് വന്ന് നൃത്തം വയ്ക്കുന്ന വെളിച്ചത്തിന്റെ ചെറിയ ചീളുകളല്ലാതെ മൃഗശാലക്കകത്ത് എപ്പോഴും തണലും തണുപ്പുമാണ്.
മനു പടർന്ന് നിൽക്കുന്ന മദിരാശി മരത്തിനടിയിലെ സിമന്റ് ബഞ്ചിൽ ചാരിയിരുന്നു. ദൂരെ നിന്ന് ഇട്ടി വലതുകാലും വലിച്ചിഴച്ച് നടന്ന് വരുന്നുണ്ടായിരുന്നു. ഇട്ടി ചിരിച്ച് കണ്ടിട്ടേയില്ല. ഭക്ഷണം കൊടുക്കുന്നതിനിടയിൽ ഇടയ്ക്കൊക്കെ മൃഗങ്ങളോട് സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. അങ്ങനെയാണ് അയാളെ ശ്രദ്ധിക്കാൻ തുടങ്ങിയത്.
വെറുതെയിരിക്കുമ്പോൾ ആരെയെങ്കിലും സൂക്ഷ്മമായി നിരീക്ഷിച്ച് കൊണ്ടിരിക്കുക എന്നത് മനു അടുത്തിടെ കണ്ടുപിടിച്ച ഒരു വിനോദമായിരുന്നു. പെട്ടെന്ന് നേരമങ്ങ് പോയിക്കിട്ടും. ഇട്ടിയോട് തനിക്ക് അടുപ്പം തോന്നാനുള്ള കാരണം മനു തന്നെ കണ്ടുപിടിച്ചിരുന്നു. ഇട്ടിയിൽ എവിടെയോ തന്നെ പോലൊരാൾ ഉണ്ടെന്നുള്ള തോന്നൽ....
ആരൊക്കെയോ ആണെന്നും എന്തൊക്കെയോ ആയിതീരുമെന്നും അഹങ്കരിച്ചിരുന്ന നാളുകൾ.... എത്ര പെട്ടെന്നാണ് അതെല്ലാം കടന്ന് പോയത്. ഒന്നുമാകാൻ കഴിയാത്തതിന്റെ നൈരാശ്യത്തേക്കാൾ മനുവിന്റെ ആരെങ്കിലും ആണെന്ന് പറയുന്നതിൽ അഭിമാനിച്ചിരുന്നവർ തന്റെ ഇപ്പോഴത്തെ അവസ്ഥ പരിഹാസത്തോടെയും സഹതാപത്തോടെയും നോക്കി കാണുന്നതാണ് സഹിക്കാൻ കഴിയാത്തത്.
ഇട്ടി അടുത്തെത്താറായി. അയാളുടെ വലതുകാലിന് ചെറിയ ഒരു മുടന്തുണ്ട്. അത് കൂടാതെ ഇപ്പോൾ ഒരു മുറിവും. അല്ലെങ്കിലും ഈ മൃഗശാലയ്ക്കകത്ത് ഊർജ്വസ്വലരായി ആരെയും കണ്ടിട്ടില്ല. ഒന്നുകിൽ വയസൻമാരോ അല്ലെങ്കിൽ എന്തെങ്കിലും അംഗവൈകല്യം ഉള്ളവരുമാണ് എല്ലാവരും. അകത്ത് കിടക്കുന്നവരായാലും... പുറത്തുള്ളവരായാലും... പെറ്റുപെരുകുന്ന ചിലയിനം ഒഴിച്ച്...
ഈ മൃഗശാലയും സ്വകാര്യവൽക്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതിലേക്ക് നോട്ടമുള്ള വമ്പൻമാരൊന്നും ഇല്ലാത്തതു കൊണ്ടായിരിക്കും. അല്ലെങ്കിൽ പണ്ടേ കൊടുത്ത് കളഞ്ഞേനെ. ഒരു പക്ഷേ അങ്ങനെ ആരെങ്കിലും ഏറ്റെടുത്തിരുന്നെങ്കിൽ ഇതിന്റെ ഛായ തന്നെ മാറ്റിയെടുത്ത് നല്ല വരുമാനം ഉണ്ടാക്കുമായിരുന്നു. മനു മൃഗശാലയുടെ കവാടത്തിലേക്ക് നോക്കി. കവാടത്തിനപ്പുറത്തെ ഹൈവേയും അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന റോഡുകൾക്കിടയിൽ നട്ടുവളർത്തിയ ചെടികളും വെയിൽ തിളങ്ങി. കുറച്ചപ്പുറത്തെ ടോൾ പ്ലാസയിൽ നിന്ന് വാഹനങ്ങളുടെ ഹോൺ നിരന്തരം മുഴങ്ങുന്നു.
കവാടം വിജനമാണ്.... സ്ഥിരമായി അവിടം സ്വന്തമാക്കിയ ബലൂൺ കച്ചവടക്കാരനും ഐസ്ക്രീം കച്ചവടക്കാരനും അപ്പുറമിപ്പുറം നിന്ന് സംസാരിച്ച് കൊണ്ടിരിക്കുന്നു. ടിക്കറ്റ് കൗണ്ടറിലിരുന്നൊരാൾ ഉറക്കം തൂങ്ങുന്നുണ്ട്.... ചില ദിവസങ്ങൾ ഇങ്ങനെയാണ്.സന്ദർശകർ ആരും ഉണ്ടാകില്ല. ചില കമിതാക്കളും തന്നെ പോലെ ഏകാന്തതയന്വേഷിച്ച് വരുന്ന ചില ഒറ്റയാൻമാരും സ്വകാര്യതക്ക് വേണ്ടി വന്നിരിക്കുന്നതല്ലാതെ കുട്ടികൾക്ക് പോലും ഈ മൃഗശാലയും കൂട്ടിലിട്ട വയസൻ മൃഗങ്ങളും ഒട്ടും പുതുമയുള്ള കാഴ്ചകളല്ലാതായിരിക്കുന്നു.
ഇട്ടി ഇപ്പോൾ മദിരാശിയുടെ തൊട്ടടുത്തെത്തി. അയാൾ കയ്യിൽ ഒരു കോഴിയെ തൂക്കി പിടിച്ചിട്ടുണ്ട്. നടവഴിക്കിരുവശവും ഇഷ്ടിക പാകി ചെടി വച്ച് പിടിപ്പിച്ചിരിക്കുന്നു. ഇട്ടി വഴിയരികിൽ സ്ഥാപിച്ചിട്ടുള്ള കംഗാരുവിന്റെ ആകൃതിയിലുള്ള വേയ്സ്റ്റ് ബിന്നിൽ പിടിച്ച് നിന്ന് വലതുകാലിന് ചെറിയ വിശ്രമം കൊടുത്തു. വേദനയുടെ ആഴം അയാളുടെ മുഖത്ത് പ്രകടമായിരുന്നു. വളഞ്ഞ മുതുക് ഒന്നു കൂടി വളച്ച് അയാൾ ചുണ്ടുകൾ കടിച്ച് പിടിച്ചു. പുറത്തു കാണപ്പെട്ട മുകൾ നിരപല്ലുകൾ നേരിയ മഞ്ഞനിറത്തിലും ചെറുതായി കറപിടിച്ചും ഇരുന്നു. മുഖത്തെ അധികം വളർന്ന് കണ്ടിട്ടില്ലാത്ത എണ്ണത്തിൽ കുറഞ്ഞ ചുരുണ്ട താടിരോമങ്ങൾ വിറച്ചു.
അയാൾ നിൽക്കുന്നതിന്റെ കുറച്ചപ്പുറത്തെ കൂട്ടിൽ, രാവിലെ കൊണ്ടു വച്ച പഴങ്ങൾ പാതി തിന്ന് ചുറ്റും വലിച്ചെറിഞ്ഞിട്ട് കമ്പിയഴികളിൽ കയറിയിറങ്ങുന്ന കുരങ്ങുകൾ ഇളിച്ച് കാട്ടി ശബ്ദമുണ്ടാക്കി. അയാളെ കാണുമ്പോൾ എന്തെങ്കിലും തിന്നാൻ കിട്ടും എന്ന ചിന്തയായിരിക്കും അവർക്ക്. ഒന്നിന് മുകളിലൊന്നായി നിരന്നിരുന്ന് പരസ്പരം അടിച്ചും മാന്തിയും ദേഹത്തെ ചെള്ള് പെറുക്കിയും അവർ സമയം കളഞ്ഞ് കൊണ്ടിരിക്കുന്നു. വാനര കൂട്ടത്തെ നോക്കി ഇട്ടി എന്തോ ചിന്തിച്ച് കൊണ്ട് നിൽക്കുകയാണ്. അതെന്തായിരിക്കും എന്ന് ഊഹിക്കാനാവുന്നുണ്ട്.
പല ദിവസങ്ങളിലായി ഒരു പാട് കഷ്ടപ്പെട്ടാണ് ഇട്ടിയുമായി ഒരു സൗഹൃദം ഉണ്ടാക്കിയെടുക്കാനായത്. അതിന് ശേഷം അയാൾ തന്നോട് തന്നെയോ കൂട്ടിലെ മൃഗങ്ങളോടോ എന്ന വണ്ണം പലപ്പോഴായി പറഞ്ഞ ചില കാര്യങ്ങൾ കൂട്ടി വച്ചാണ് ഇട്ടിയുടെ ഭൂതകാലത്തെ കുറിച്ച് ഒരു ചിത്രം ഉണ്ടാക്കിയെടുത്തത്. കുരങ്ങൻമാരെ നോക്കി കൊണ്ടിരിക്കുമ്പോൾ അയാളുടെ മനസിൽ തെളിയുന്ന ചിത്രം ഇങ്ങനെയൊന്നായിരിക്കും.
പകൽ മുഴുവൻ അനക്കമില്ലാതെ മയങ്ങി കിടക്കുന്ന ഒരു തെരുവ് ... സന്ധ്യയടുത്താൽ അടക്കം പറച്ചിലുകൾ, പൊട്ടിച്ചിരികൾ, വളകിലുക്കം, പലതരം നിറങ്ങൾ, പൂക്കൾ, സുഗന്ധങ്ങൾ. ഒളിച്ചും പാത്തും വരുന്ന മാന്യർമാരും പകൽ മാന്യൻമാരും. നിറഞ്ഞ കണ്ണുകൾക്കപ്പുറമുള്ള കാഴ്ച പോലെ മനസിനടിയിൽ മൂടിക്കിടക്കുന്ന അവ്യക്തമായ ഒരു കാഴ്ച .....
ഈ കാഴ്ച മനസിൽ നിറയുമ്പോൾ അയാളുടെ മുഖഭാവം പെട്ടെന്ന് മാറും. അപ്പോളയാൾ ഈ നഗരത്തിലേതല്ല, മറ്റൊരു നഗരത്തിൽ നിന്ന് വന്നവനെ പോലെയിരിക്കും. പെണ്ണായി പിറന്നിരുന്നെങ്കിൽ... ഇന്ന് താനും അവിടെ ആ തെരുവിന്റെ ഒരു ഭാഗമായിരുന്നേനെ.... ഒരിക്കൽ ഇങ്ങനെയൊരവസ്ഥയിൽ ഇട്ടി പറഞ്ഞത് ഓർമ്മ വന്നു.
അയാളങ്ങനെ നിൽക്കുന്നതിനിടയിൽ കയ്യിൽ തലകീഴായി പിടിച്ചിരുന്ന കോഴി ഒന്ന് കുതറി. ഇട്ടി ചിന്തയിൽ നിന്നുണർന്ന് വീണ്ടും നടക്കാൻ തുടങ്ങി. ഒരു നിമിഷത്തേക്ക് മറന്ന ശരീരത്തിന്റെ വേദന വീണ്ടും അയാളെ പിടികൂടിക്കാണണം.
മദിരാശിയും മറികടന്ന് കുറുക്കനെ ഇട്ടിരിക്കുന്ന കൂടിനടുത്തേക്ക് നടക്കുമ്പോൾ അയാൾ തന്നെ ഒന്ന് നോക്കുക കൂടി ചെയ്തില്ലല്ലോ എന്ന് മനുവിന് തോന്നി. ഒരു പക്ഷേ ഇങ്ങനെയൊരാൾ ഇവിടെ ഇരിക്കുന്നത് അയാൾ കണ്ടിട്ടേ ഉണ്ടാകില്ല. അയാളുടെ കണ്ണുകൾ എന്നും സ്ഥിരം കാഴ്ചകൾ കാണാനും കാലുകൾ സ്ഥിരം വഴികളിലൂടെ സഞ്ചരിക്കാനും മാത്രമാണ് ആഗ്രഹിക്കുന്നത് എന്ന് ഇതിന് മുമ്പ് പലപ്പോഴും തോന്നിയിട്ടുണ്ട്.
കതക് പതുക്കെ തുറന്ന് കോഴിയെ അകത്തേക്കിട്ടതും വിശന്നിരുന്നത് കൊണ്ടാവാം കുറുക്കൻ അതിന്റെ കഴുത്തിൽ തന്നെ ചാടിപ്പിടിച്ചത്... ഇട്ടി ആ പിടച്ചിൽ കുറച്ച് നേരം നോക്കി നിന്നു.രണ്ട് മിനിറ്റിനകം പിടച്ചിലടങ്ങി. അതിന്റെ ജീവിതം അവിടെ അവസാനിച്ചു. പിടച്ചിലടങ്ങും വരെ കോഴിയുടെ കഴുത്തിൽ തന്നെ പിടിച്ചിരുന്ന കുറുക്കൻ അതിനെയും കൊണ്ട് ഒരു മൂലയിലേക്ക് നടന്നു. ഇട്ടി അടുത്ത കൂടിനടുത്തേക്കും. എന്തെങ്കിലും ഒന്ന് ഇരയായി തീർന്നാലേ മറ്റൊന്നിന് വളർച്ചയുണ്ടാകൂ... കടമകൾക്കിരയായി സ്വന്തം ജീവിതം കൈവിട്ട് പോകുന്ന എത്രയോ പേരുണ്ട്.
മൂത്ത സഹോദരിയുടെ അടുക്കൽ അമ്മയെ കൊണ്ടാക്കി പോരുമ്പോൾ അമ്മ ഓർമ്മിപ്പിച്ചു.
''മനു ഇടക്കിടെ വിളിക്കണേ.""എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ട് എന്ന് ആശ്വസിക്കാനായിരിക്കും. തന്റെ ചിന്തകളെയും പ്രവൃത്തികളെയും മനസിലാക്കാൻ ഇതുവരെ അമ്മക്കായിട്ടില്ല. നാല് സഹോദരിമാർക്കും കുടുംബവും കുട്ടികളുമായി കഴിഞ്ഞപ്പോൾ മുതൽ അമ്മ പറയുന്നതാണ്.
''ഇഷ്ടടൊള്ള ഏതെങ്കിലും കുട്ടിയെ വിളിച്ചോണ്ട് വന്നൂടെ നിനക്ക്...""
ഇന്നത്തെ പെൺകുട്ടികളൊക്കെ പോക്കറ്റിന്റെ കനം കൂടി നോക്കും.. എന്ന് മനസിൽ കരുതി. എങ്ങനെയെങ്കിലും കുടുംബവും കുട്ടികളുമായി മകൻ കഴിയണം എന്നേ അമ്മക്കുള്ളൂ. പക്ഷേ... എന്തിന്? കഷ്ടപ്പെടാനായി ഒപ്പം ചിലരെ കൂട്ടണം. ഇനിയുള്ള കാലം ഇങ്ങനെയൊക്കെ..... ഇട്ടിയെ പോലെ .
ഇട്ടി വളരെ ചെറുതിലേ വീടുവിട്ട് ഇറങ്ങിയതാണ്. വീട് വിട്ട് എന്ന് പറയാനാകില്ല. നാട് വിട്ട് എന്നാണ് അയാൾ പറയാറുള്ളത്. വീട് എന്ന് പറയാൻ മാത്രം എന്തെങ്കിലും അയാൾക്ക് ഉണ്ടായിരുന്നോ ആവോ?
ഒരിക്കൽ അയാൾ പറഞ്ഞു.
''സാറിനറിയില്ല. വേറൊരാൾക്ക് മുന്നിൽ കൈ നീട്ടാന്ന് പറഞ്ഞാലെ...""
അപ്പോഴയാൾ അരിഞ്ഞ് കൊണ്ട് വന്ന ഇളം പുല്ല് മാൻകൂട്ടത്തിന് ഇട്ട് കൊടുക്കുകയായിരുന്നു.
''നമുക്ക് പറ്റാത്ത സ്ഥലത്തുന്ന്, പറ്റാത്ത കാര്യങ്ങള് കാണുമ്പോ മിണ്ടാണ്ട് ഇറങ്ങേണ്ടി വരും. വേറൊന്നും ചെയ്യാനുള്ള തന്റേടം ഇല്ലെങ്കി പിന്നെ....വേറെ വഴീണ്ടാ...""
ആ സമയത്ത് അയാളുടെ സംസാരത്തിൽ കീഴടങ്ങപ്പെട്ടവന്റെയും പരാജയപ്പെട്ടവന്റെയും നിരാശ നിറഞ്ഞിരുന്നു.
''പിന്നെ ദൈവം കനിഞ്ഞപ്പോ എത്തപ്പെട്ട സ്ഥലാ ഇത്. ഇവടെ കെടക്കണോരെ കാണുമ്പോ ഞാനും അവരും ഒരുപോലാന്നാ എന്റെ വിചാരം. അഴിച്ച് വിട്ടാ ഇറ്റോൾക്കും എനിക്കും പോകാൻ ഒരെടംണ്ടോ. കല്ലെറിഞ്ഞോടിക്കാൻ ആള്ണ്ടാവും.""
ഈ അസ്വാതന്ത്ര്യം അയാൾ സ്വയം ഒരു ശിക്ഷയായി അനുഭവിക്കുന്നതല്ലേ. എന്തൊക്കെയായാലും ഒരു സർക്കാർ ജോലിക്കാരനാണല്ലോ. സ്ഥിരം വരുമാനവും ഉണ്ട്. പ്രൈവറ്റ് ഫേമിൽ ജോലി ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് നന്നായറിയുന്നതുകൊണ്ട് അങ്ങനെ ചിന്തിക്കാതിരിക്കാനായില്ല.
ചിന്ത വായിച്ചിട്ടെന്ന പോലെ അയാൾ ചിരിച്ചു.
''നോട്ടിന് ചെല നേരത്ത് ജീവന്റെ വെലാ... ചെല നേരത്ത് കടലാസിന്റേ വെല പോലും ഇല്ല.""
ഒരു മൃഗശാല ജോലിക്കാരൻ എന്നതിലപ്പുറം അയാളാരോ ആണെന്ന് മനസ് പറഞ്ഞു.
''സ്വയം ഒരു കള്ളി വരച്ച് അതിനകത്ത് ഒതുങ്ങും ചെലോര്. പേടിച്ചിട്ടാ... ആ കള്ളിക്കപ്പുറത്തുള്ളത് കാണാനും അറിയാനും പേടിച്ചിട്ട്.""
ഓരോ നിമിഷവും അയാളിൽ നിന്നിങ്ങോട്ട് എന്തെങ്കിലും പഠിച്ചോ അതോ അയാളങ്ങോട്ടെന്തെങ്കിലും പഠിച്ചോ... ഒന്നും തന്നെ മനസ്സിലായില്ല. താനും മറ്റൊരു ഇട്ടിയാണോ എന്ന് മനുവിന് തോന്നാതിരുന്നില്ല. മനസിന്റെ തടവറയിൽ സ്വയം കെട്ടിയിട്ട് ജീവിക്കുന്ന ചിലരിൽ ഒരുവൻ..... മാൻകൂട്ടത്തിനിടയിലേക്ക് കണ്ണോടിച്ച് മിണ്ടാതെ നിന്നു.
കമ്പിവേലി കെട്ടിത്തിരിച്ച അരയേക്കർ സ്ഥലത്തിനുള്ളിൽ ഒരു മൂലക്ക് ഒതുങ്ങി കിടക്കുകയാണ് മാൻ കൂട്ടം... കൂട്ടം എന്ന് പറയാൻ മാത്രമില്ല. എട്ടോ പത്തോ എണ്ണം... പഴയതുപോലെ ഇപ്പോൾ അവറ്റകൾ പെറ്റ് പെരുകുന്നില്ല എന്ന് ഇട്ടി മുമ്പപ്പോഴോ പറഞ്ഞിരുന്നു.. കാടിന്റെ ഓർമ്മകൾ ഒരു സ്വപ്നമായി കടന്ന് വരാൻ മാത്രമെങ്കിലും അവരുടെ മനസിൽ ശേഷിച്ച് കാണുമോ എന്തോ?
മുമ്പിലിട്ട് കൊടുത്ത വലിയ ഇറച്ചി കഷണം തിരിഞ്ഞ് പോലും നോക്കാതെ കൂട്ടിലുലാത്തുന്ന സിംഹത്തിന്റെ ചിന്തയും മറ്റൊന്നാവില്ല.
''എടാ എടുത്ത് തിന്നോ. പട്ടിണി കിടന്നോണ്ടൊന്നും ഒരു കാര്യോം ഇല്ല. അല്ലേലും വെറുതെ കിടക്കുന്നോർക്ക് വിശപ്പിന് നേരോം കാലോം ഉണ്ടോ?""
പറഞ്ഞത് കേട്ടിട്ടെന്നപോലെ അത് ഇറച്ചി വന്ന് മണത്ത് നോക്കി. ഇട്ടിയുടെ ഭാഷ അവർക്കും അവരുടെ ഭാഷ ഇട്ടിക്കും മനസിലാകുന്നുണ്ടായിരിക്കും. കാലങ്ങളായി അവർ സഹജീവികളാണല്ലോ.
''ഇതുങ്ങളൊക്കെ പാവങ്ങളാന്നേ. ഇവരുടെ ശബ്ദമൊന്നുയരുന്നത് ചില കുസൃതികൾ കോലിട്ട് കുത്തി പ്രകോപിപ്പിക്കുമ്പോഴാണ്. കുട്ട്യോൾക്ക് അതൊരു രസം. കോമാളികളുടെ വേദന പോലും മറ്റുള്ളവരെ രസിപ്പിക്കും.""
ഇത് പറഞ്ഞ് ഇട്ടി മുടന്തുള്ള സ്വന്തം കാലിലേക്ക് നോക്കി. ഇനി ഒരു പക്ഷേ ഈ മുടന്തിന് പിന്നിൽ ഒരു കഥയുണ്ടായിരിക്കും എന്ന് മനുവിന് തോന്നി. ഇനിയും പറയാത്ത വേറൊരു കഥ.
എല്ലാവരേയും സന്ദർശിച്ച് തീറ്റയും കൊടുത്ത് സുഖവിവരമന്വേഷിച്ചും തിരിച്ച് പോകുന്ന ഇട്ടിയോടൊപ്പം നടക്കുമ്പോൾ മരത്തോളം ഉയരത്തിൽ കെട്ടിയ കമ്പിവലക്കകത്ത് വട്ടത്തിൽ പറന്ന് ഒരു പരുന്ത് ഉറക്കെ ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു.. അവൻ മാത്രമാണ് മുകളിലെ ആകാശം നോക്കി ഉയർന്ന് പറക്കാൻ കഴിയാത്തതിൽ അമർഷം പൂണ്ട് എപ്പോഴും പറന്നുയരാൻ വൃഥാ ശ്രമിച്ച് കമ്പിയിൽ തട്ടി ശബ്ദമുണ്ടാക്കി കൊണ്ടിരിക്കുന്നത്....
അത് കാണുമ്പോഴൊക്കെ ഒരു നെടുവീർപ്പിട്ടു കൊണ്ട് അയാൾ പറയാറുണ്ട്.
''അവന് പുറത്ത് കടന്നാൽ പറക്കാനൊരാകാശം ഉണ്ട്.""
ഇട്ടി പതിവുപോലെ കറങ്ങിത്തിരിഞ്ഞ് മനുവിനടുത്തെത്തി. നേരത്തേ തന്നെ കണ്ടപ്പോൾ കാണത്ത പോലെ പോയതാണ്.
മനുവിരിക്കുന്ന സിമന്റ് ബഞ്ചിനരികിൽ താഴെ വെറും നിലത്ത് അയാൾ കാലും നീട്ടിയിരുന്നു.
''ഇന്ന് ഉച്ചക്ക് ശേഷം ഡോക്ടർ ഓരോന്നിനേയും പരിശോധിക്കാൻ വരുന്ന ദിവസമാണ്. അല്ലെങ്കിലും ഇവർക്ക് മരുന്നിനും ഭക്ഷണത്തിനും വലിയ മുട്ട് വരുത്താറില്ല. അവറ്റകൾക്ക് വല്ലതും പറ്റിയാൽ പുതിയതൊന്നിനെ കിട്ടാൻ എളുപ്പമല്ലല്ലോ. ഡോക്ടർ വരുമ്പോൾ ഈ കാലൊന്ന് കാണിക്കണം.""
മനുവിന്റെ നോട്ടം കണ്ടിട്ടാകണം അയാൾ വീണ്ടും പറഞ്ഞു.
''അവർക്കും എനിക്കും ഒരു മരുന്ന് മതിയാകും.""
എത്ര നിരീക്ഷിച്ചിട്ടും ഇനിയും ഇയാളിൽ ബാക്കിയായത് എന്തൊക്കെയാണ് എന്നാലോചിച്ച് മനു അയാളെയും നോക്കിയിരുന്നു.
(ഫോൺ: 9656534555)