qq

'എസ്" മോഡലായി രൂപാന്തരപ്പെട്ട ക്യൂവിൽ അവന്റെ ഊഴവും കാത്ത് മനു കിടന്നു. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ക്യൂ ഒന്നു ചലിച്ചു. ഏതോ ഒരു ചിത എരിഞ്ഞടങ്ങിയിട്ടുണ്ടാവും. പച്ചമാംസം കത്തുമ്പോഴുള്ള രൂക്ഷ ഗന്ധം ശ്‌മശാനം മുഴുവൻ നിറഞ്ഞു നിന്നിരുന്നു. ഒരെണ്ണം ഒടുങ്ങിയാൽ മറ്റൊന്ന്… അതും എരിഞ്ഞടങ്ങുമ്പോൾ വേറൊന്ന്... അങ്ങനെ പതുക്കെ പതുക്കെ ക്യൂ മുന്നോട്ട് നീങ്ങി.
ഇന്നലെ എത്തിയ മീരയുടെ ഊഴമാണ് അടുത്തത്. പി.പി.ഇ കിറ്റിനകത്ത് ആയതിനാൽ വ്യക്തമായി അവളെ കാണാൻ സാധിക്കുന്നില്ല. എത്ര അകലത്തിലായാലും ആ കിടപ്പുകണ്ടാൽ വ്യക്തമായി അവളെ തിരിച്ചറിയാം. വിവാഹം കഴിഞ്ഞു വന്ന നാൾമുതൽ കാണുന്ന കാഴ്‌ചയാണ്. അതിനൊരു ഭംഗിയുണ്ട്. വലതു വശം കുറച്ച് ചരിഞ്ഞ്, ഒരു കൈ മടക്കി തലയുടെ അടിയിൽ വച്ച്, കാൽമുട്ട് കുറച്ച് മടക്കി ശാന്തമായുള്ള ഉറക്കം. ഉറക്കത്തിൽ പലതരം ഭാവങ്ങൾ പലപ്പോഴും മുഖത്ത് മാറി വരുന്നതു കാണാം.
ചുണ്ടിൽ വിരിയുന്ന പുഞ്ചിരി സങ്കടമായി മാറാൻ അധികനേരംവേണ്ടി വരില്ല. അതു കണ്ടു നിൽക്കാൻ രസമാണ്.
പകൽ അതേക്കുറിച്ച് പറഞ്ഞു ചിരിക്കുമ്പോൾ അവൾ പറയും.
''ഇങ്ങനെയാണേൽ ഞാനിനി ഉറങ്ങില്ല.""
അവളുടെ മുഖത്തു വിരിയുന്ന ഭാവങ്ങൾ അവൾക്കു കാണിച്ചു കൊടുക്കുന്നതിനുവേണ്ടിയാണ് മീര ഉറങ്ങിയപ്പോൾ മകളെ കൂട്ടു പിടിച്ച് മൊബൈലിൽ പകർത്തിയത്. അതിനവൾ പൊട്ടിത്തെറിച്ചു.
''ഈ മനുവേട്ടന്റെ ഒരു കാര്യം. സ്വസ്ഥമായി ഒന്ന് ഉറങ്ങാൻപോലും സമ്മതിക്കില്ല.""
മുഖത്ത് ഭാവവ്യത്യാസങ്ങളില്ലാതെ നിശബ്‌ദമായി അവളിപ്പോൾ ഉറങ്ങുകയാണ്. ആ കിടപ്പു മാത്രം അതേ രീതിയിൽ.
മനു പിന്നിലേയ്‌ക്കു തിരിഞ്ഞുനോക്കി. പെയ്യാൻ മടിച്ചു നിൽക്കുന്ന കാർമേഘങ്ങളെപ്പോലെ പുറത്തേയ്‌ക്കുപോകാൻ തയ്യാറാകാത്ത പുക ചുരുളുകൾ ശ്‌മശാനത്തിനുള്ളിൽ ചുറ്റിക്കറങ്ങി. കുറ്റിച്ചെടികളുടെ ഇടയിലൂടെ ക്യൂ വളഞ്ഞ് തിരിഞ്ഞ് മനു കിടക്കുന്ന ഭാഗത്തിനടുത്തായി എത്തി. വീണ്ടും രണ്ടുപേരെ കൂടി കൊണ്ടു കിടത്തി.
ഇങ്ങനെ ഇനിയും എത്രപേർ?
മനുവിന്റെ തൊട്ടടുത്തായി കിടത്തിയ പി.പി.ഇ കിറ്റിനകത്തെ രൂപത്തെ അയാൾ വീണ്ടും സൂക്ഷിച്ചുനോക്കി.
''മകളേ നീയും...""
അയാൾ മീരയെ നോക്കി.
സ്ട്രക്ചറിൽ നിന്ന് രണ്ടുപേർ അവളെ തൂക്കിയെടുത്ത് എരിഞ്ഞു തീരാറായ മറ്റൊരു ചിതയുടെ മുകളിൽ വയ്‌ക്കുകയാണ്. മണിക്കൂറുകൾക്കുശേഷം തണുത്തു മരവിച്ച അവളുടെ ശരീരം ചൂടാവാൻ തുടങ്ങി.
അതിൽ നിന്ന് ഉയർന്ന പുക മെല്ലെ അയാളെ തഴുകി തലോടി അന്തരീക്ഷത്തിലെ പുകയോടൊപ്പം ലയിച്ചു.
ആ തലോടലിൽ മോഹങ്ങളും മോഹഭംഗങ്ങളും, ഒരു പിടി സ്വപ്‌നങ്ങളും നിറഞ്ഞു നിൽക്കുന്നതായി അയാൾക്കുതോന്നി.
പല സ്ഥലത്തു നിന്നും നായ്‌ക്കൾ ഓരിയിടുന്ന ശബ്‌ദംകേട്ട് അസ്വസ്ഥനായി അയാൾ വീണ്ടും മകളെനോക്കി.
''മോളേ… ഇനി എത്ര മണിക്കൂറുകൾ ഈ തണുപ്പും വെയിലിമേറ്റ് നിനക്കിവിടെ കിടക്കേണ്ടി വരും. എന്റെ സ്ഥാനം നിനക്കു നൽകാൻ കഴിഞ്ഞെങ്കിൽ…!""
''ഒരു വിരൽ ചലിപ്പിക്കാൻ എനിക്കായിരുന്നെങ്കിൽ നിന്നെ ഞാൻ അരികിൽ ചേർത്തു കിടത്തുമായിരുന്നു.""
പി.പി.ഇ കിറ്റിനകത്തു കിടന്ന മനുവിന്റെ പ്രജ്ഞയറ്റ ശരീരം മകളോടുളള വാത്സല്യം കൊണ്ടു നിറഞ്ഞു.
മകൾ എത്ര പ്രാവശ്യം പറഞ്ഞുപോകരുതെന്ന്. കേട്ടില്ല...
''അച്‌ഛാ… ഇങ്ങനെ താടിയിൽ മാസ്‌ക് ധരിച്ചാലെന്തു പ്രയോജനം.""
മകളുടെ വാക്കുകൾ കേട്ട് അയാൾ മാസ്‌ക്ക് ലേശമൊന്നുയർത്തി അവളെ നോക്കി കണ്ണിറുക്കി. ചുരുട്ടിയ കരങ്ങൾ വായുവിൽ ഉയർത്തി ആവേശത്തേടെ പാർട്ടി അണികളോടൊപ്പം ചേരുന്ന സമയം വീടും, കുടുംബവും മറന്നു.
ജംഗ്ഷനിൽ നിന്ന് ജംഗ്ഷനിലേയ്‌ക്ക്. പാർട്ടിയുടെ നേട്ടങ്ങളെക്കുറിച്ച് അക്കമിട്ട് നിരത്തി ആവേശത്തോടെ മുദ്രാവാക്യം വിളിക്കുമ്പോൾ പലരുടേയും മാസ്‌ക് താടിയിൽ നിന്നും കാൽപ്പാദങ്ങളുടെ അടിയിൽ ഞെരിഞ്ഞമരുകയായിരുന്നു.
''അച്‌ഛാ… ഈ വാർത്തകൾ കാണുമ്പോൾ എനിക്ക് പേടി തോന്നുന്നു. കൊവിഡ് 19 ഈ ഗതി തുടർന്നാൽ എന്താകും സ്ഥിതി.""
മകളുടെ ചോദ്യത്തിന് അയാൾ പറഞ്ഞു.
''നീ കാണേണ്ട കാഴ്‌ചയാണ്. . എന്താ ജനക്കൂട്ടം. ഇക്കുറി നമ്മൾ ജയിക്കും.""
''അച്‌ഛാ… സാനിറ്റൈസർ...""
അവളുടെ നിർബന്ധത്തിന് വഴങ്ങി സാനിറ്റൈസർ വാങ്ങി എങ്കിലും അത് ഉപയോഗിക്കാനുള്ള മനഃസാന്നിദ്ധ്യം അവനപ്പോൾ ഇല്ലായിരുന്നു. മനു പ്രചരണം അവസാനിച്ചതിന്റെ ആവേശതിമിർപ്പിലായിരുന്നു.
''ഫലം വരട്ടെ അതു കഴിഞ്ഞുവേണം ആ ജോസഫിനോട് എനിക്കു രണ്ടു വർത്തമാനം പറയാൻ.""
അയാൾ വീണ്ടും തിരിഞ്ഞ് ക്യൂവിലേയ്‌ക്കുനോക്കി.
''ജോസഫേ… നീയും എന്റെ പുറകെയുണ്ടോ…?""
രണ്ടുപേർ ചേർന്ന് മനുവിനെ കുറച്ചു കൂടെ മുന്നോട്ടു നീക്കി കിടത്തി.
നേരമിരുട്ടി തുടങ്ങി. ഇരുട്ടിന് കനം വയ്‌ക്കുന്തോറും അവൻ വിമ്മിഷ്‌ടപ്പെട്ടു.
ഇരുട്ടിനെ അവൾക്കുപേടിയാണ്. ചീവീടുകളുടേയും, നായ്‌ക്കളുടേയും ഒച്ചകൾക്കിടയിൽ ഈ ഇരുട്ടത്ത്.
''അച്‌ഛാ… ഞാനിന്നുകൂടെ ഈ റൂമിൽ കിടക്കട്ടെ? അവിടെ എന്തൊക്കെയോ ഒച്ചകേൾക്കുന്നു. ഒറ്റയ്‌ക്ക് കിടക്കാൻ എനിക്ക് പേടിയാ...""
''പോത്തുപോലെ വളർന്നു. ചെന്നു കിടക്കടീ നിന്റെ റൂമിൽ...""
മീരയുടെ ശാസന മുഖവിലയ്‌ക്കെടുക്കാതെ അവളെ അരികിൽ പിടിച്ചു കിടത്തുമ്പോൾ അവളുടെ കുട്ടിക്കാലം കൺമുമ്പിൽ തെളിഞ്ഞു.
അവനോടൊപ്പം ചേർന്ന് ശാന്തമായി ഉറങ്ങുന്ന മകളെ ചൂണ്ടി മനു മീരയോടു പറഞ്ഞു
''നിന്നെപ്പോലെ അവളും ഉറക്കത്തിൽ സ്വപ്‌നം കാണുന്നുണ്ടാകും… മുഖത്ത് ചിരി പടരുന്നതു കണ്ടോ?""
മീര പിന്നേയും പലതും ചോദിക്കുന്നതുകേട്ടു
ഉറക്കത്തിലേയ്‌ക്ക് വഴുതി വീണ അയാൾ അതൊന്നും വ്യക്തമായി കേട്ടിരുന്നില്ല. രാത്രിയുടെ പല യാമങ്ങളിലും മനുവിന്റെ മുമ്പിലെ ക്യൂ ചെറുതാവുകയും പിന്നിലെ ക്യൂ വലുതാവുകയും ചെയ്‌തു കൊണ്ടിരുന്നു. അതിനിടയിൽ അയാൾ മകൾ കിടക്കുന്ന ഭാഗം കണ്ടെത്താനായി പരിശ്രമിച്ചു.
പ്രഭാതം പുലർന്നപ്പോൾ രണ്ടുപേർ മനുവിനെ എടുത്ത് ചിതക്കരികിലേയ്‌ക്കു നടന്നു. ചൂട് ശരീരത്തിൽ പടർന്ന് പിടിക്കുമ്പോഴും മനു ചോദ്യം ആവർത്തിച്ചുകൊണ്ടേയിരുന്നു.
''മകളേ നീ ഇപ്പോൾ എവിടെയാണ്? നിന്റെ തണുത്തുറഞ്ഞ ശരീരത്തെപ്പോലും എനിക്ക് സംരക്ഷിക്കാനായില്ലല്ലോ…?""