gunshot

ലക്‌നൗ: വിചാരണ തടവുകാരൻ ജയിലിനുള‌ളിൽ നടത്തിയ വെടിവയ്‌പ്പിൽ ഗുണ്ടാ തലവൻ ഉൾപ്പടെ രണ്ടുപേർ മരിച്ചു. വെടിവച്ച തടവുകാരനെ പിന്നാലെ പൊലീസ് വെടിവച്ചു കൊന്നു. യു.പിയിലെ ചിത്രകൂട് ജയിലിലാണ് വിചാരണതടവുകാരൻ അനുഷൽ ദീക്ഷിത്ത് ഗുണ്ടാ തലവനായ മുഖിം കാലായെയും മ‌റ്റൊരു തടവുപുള‌ളിയെയും വെടിവച്ചു കൊലപ്പെടുത്തിയത്.

ഇതിനുപിന്നാലെ അഞ്ച് തടവുകാരെ ബന്ദികളാക്കിയ അനുഷൽ ഇവരെ കൊലപ്പെടുത്താനൊരുങ്ങിയപ്പോൾ ഇയാളെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ജയിൽ അധികൃതർ അറിയിച്ചു.

വിചാരണ തടവുകാരനായ അനുഷൽ മ‌റ്റ് തടവുകാരുമായി തർക്കിച്ചു. ഇതിനിടെ ജയിൽ അധികൃതർ ഇടപെട്ടപ്പോൾ ഇവരുടെ സർവീസ് റിവോൾവർ കൈക്കലാക്കിയ അനുഷൽ ദീക്ഷിത്ത് രണ്ടുപേരെ വെടിവയ്‌ക്കുകയായിരുന്നു. ഇതിനിടെയാണ് മുഖിം കാല കൊല്ലപ്പെട്ടത്. കൊള‌ളയും കൊലയും നടത്തിയതിന് മുൻപും ശിക്ഷിക്കപ്പെട്ടിട്ടുള‌ളയാളാണ് അനുഷൽ. 65ഓളം കേസുകളിൽ പ്രതിയാണ് മുഖിം കാല.