lion

ജയ്‌പൂർ: ഹൈദരാബാദിലെ മൃഗശാലയ്ക്ക് പുറമെ ജയ്‌പൂർ മൃഗശാലയിലെ ത്രിപുർ എന്ന സിംഹത്തിനും രോഗം സ്ഥിരീകരിച്ചതായി ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.വി.ആർ.ഐ) അധികൃതർ അറിയിച്ചു.

ത്രിപുരിന്റെ സാമ്പിളുകൾക്കൊപ്പം പരിശോധനയ്ക്ക് അയച്ച പുള്ളിപ്പുലി, വെള്ളക്കടുവ, പെൺസിംഹം എന്നിവയുടെ പരിശോധനാ ഫലത്തിൽ അവ്യക്തതയുള്ളതിനാൽ വീണ്ടും പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

അതേസമയം പഞ്ചാബിലെയും ഉത്തർപ്രദേശിലെയും മൃഗശാലകളിൽ നിന്ന് ലഭിച്ച സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണെന്നും ഐ.വി.ആർ.ഐ ജോയിന്റ് ഡയറക്ടർ കെ.പി. സിംഗ് പറഞ്ഞു.

പരിപാലിക്കുന്ന മനുഷ്യരിൽ നിന്നാകാം രോഗം മൃഗങ്ങളിലേക്ക് പകർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ ആദ്യമായി ഹൈദരാബാദ് മൃഗശാലയിലെ എട്ട് ഏഷ്യൻ സിംഹങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് മൃഗശാല അടച്ചിടുകയും ജീവനക്കാർക്ക് ആവശ്യമായ മുൻകരുതലുകളും സ്വീകരിച്ചിരുന്നു.