death

ലക്‌നൗ: ഉത്തർപ്രദേശിലെ ചിത്രകൂടിലെ ജയിലിൽ തടവുകാർ തമ്മിലുള്ള വാക്കേറ്റം അക്രമത്തിൽ കലാശിച്ചതോടെ ഗുണ്ടാനേതാവ് മുകിം കാല, എം.എൽ.എ മുക്താർ അൻസാരിയുടെ സഹായി മെരാജുദ്ദീൻ എന്നിവരുൾപ്പെടെ മൂന്നു പേർ വെടിയേറ്റ് കൊല്ലപ്പെട്ടു.

ഇന്നലെ രാവിലെ പത്തുമണിയോടെയാണ് സംഭവം നടന്നത്.

തടവുകാർ തമ്മിലുളള വാക്കുതർക്കം അക്രമത്തിലേക്ക് നീങ്ങിയതോടെ ജയിൽ ഉദ്യോഗസ്ഥൻ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. അൻഷു ദിക്ഷിത് എന്ന തടവുകാരൻ കൈയിൽ ഒളിപ്പിച്ചിരുന്ന തോക്ക് ഉപയോഗിച്ച് മെരാദുജ്ജീനെയും മുകിം കാലയെയും വെടിവയ്ക്കുകയായിരുന്നു. അഞ്ച് അന്തേവാസികളെ പിടിച്ചുവച്ച അൻഷു ഇവരെയും കൊല്ലുമെന്ന് ഭീഷണി മുഴക്കി. ജില്ലാ മജിസ്‌ട്രേറ്റും ചിത്രകൂട് എസ്.പിയും സ്ഥലത്തെത്തി അൻഷുവിനോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരും അൻഷുവും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഇയാൾ കൊല്ലപ്പെട്ടു.

ജയിലിനുള്ളിൽ തോക്ക് എങ്ങനെയെത്തി എന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ‌ഡി.ജി.പി അറിയിച്ചു.

65 കേസുകളിൽ പ്രതിയായ മുകിം കാലയെ മേയ് ഏഴിനാണ് സഹാറൻപൂർ ജയിലിൽ നിന്നും നിന്ന് ചിത്രകൂടിലെത്തിച്ചത്. 2019 മുതൽ ജയിലിലെ അന്തേവാസിയാണ് കൊടുംക്രിമിനലായ അൻഷു ദിക്ഷിത്.