gold

 വിറ്റഴിഞ്ഞത് ₹100 കോടിയുടെ സ്വർണാഭരണങ്ങൾ

കൊച്ചി: കൊവിഡും ലോക്ക്ഡൗണും മൂലം തുടർച്ചയായ രണ്ടാംവർഷവും അക്ഷയതൃതീയ ഓൺലൈനിൽ ഒതുങ്ങി. സ്വർണം വാങ്ങാൻ ഏറ്റവും ഐശ്വര്യപൂർണമായ സമയമെന്ന് വിശ്വസിക്കപ്പെടുന്ന അക്ഷയതൃതീയ നാളിൽ ശരാശരി 25 ശതമാനം പ്രതിവർഷ വളർച്ച കേരള വിപണി നേടാറുണ്ട്. 2019ൽ 650 കോടിയോളം രൂപ മതിക്കുന്ന 2,000 കിലോഗ്രാം സ്വർണമാണ് അക്ഷയതൃതീയയ്ക്ക് വിറ്റഴിഞ്ഞത്. 10 ലക്ഷത്തോളം ഉപഭോക്താക്കൾ കടകളിലേക്കും എത്തിയിരുന്നു.

എന്നാൽ, കഴിഞ്ഞവർഷം വില്പന 50-60 കോടി രൂപയിലൊതുങ്ങി. ഇക്കുറി 2019ന്റെ 15 ശതമാനം വരെ വില്പന നടന്നുവെന്നാണ് വിലയിരുത്തലുകൾ. ഇത് ഏകദേശം 100 കോടി രൂപ വരും. മൂക്കുത്തി, കമ്മൽ, മോതിരം, സ്വർണനാണയം എന്നിവയ്ക്കായിരുന്നു ഇത്തവണ കൂടുതൽ ബുക്കിംഗും. അക്ഷയതൃതീയയ്ക്ക് പതിവായി സ്വർണം വാങ്ങുന്നവരാണ് ഇത്തവണയും ബുക്കിംഗ് അധികവും നടത്തിയത്. കടകൾ തുറക്കുന്ന മുറയ്ക്ക് സ്വർണം നേരിട്ട് വന്നു വാങ്ങുകയോ വീടുകളിൽ ഡെലിവറി ചെയ്യുകയോ ചെയ്യുന്നവിധമാണ് ബുക്കിംഗ് ഒരുക്കിയത്.

ഫോൺ, വെബ്‌സൈറ്റ്, ഇൻസ്‌റ്റഗ്രാം, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയവ വഴി ബുക്കിംഗ് സ്വീകരിച്ചതിലൂടെയാണ് കഴിഞ്ഞവർഷത്തേക്കാൾ നേരിയ വളർച്ചയെങ്കിലും ഇത്തവണ ബുക്കിംഗിൽ നേടാനായത്.

''തുടർച്ചയായ രണ്ടാംവർ‌ഷമാണ് അക്ഷയതൃതീയ ദിനത്തിൽ ലോക്ക്ഡൗൺ മൂലം കടകൾ അടഞ്ഞുകിടക്കുന്നത്. എങ്കിലും, ഇക്കുറി ഓൺലൈനിൽ മികച്ച അന്വേഷണങ്ങളും ബുക്കിംഗുകളും ലഭിച്ചു. കടകൾ തുറക്കുന്ന മുറയ്ക്കായിരിക്കും വിതരണം""

ഡോ. ബി. ഗോവിന്ദൻ,

ചെയർമാൻ, ഭീമ ഗ്രൂപ്പ്

₹100 കോടി

ഇത്തവണ ഓൺലൈനിലൂടെ 100 കോടി രൂപയുടെ സ്വർണാഭരണ ബുക്കിംഗ് അക്ഷയതൃതീയ ദിനമായ ഇന്നലെ നടന്നുവെന്നാണ് വിലയിരുത്തൽ.

₹60 കോടി

കഴിഞ്ഞവർഷത്തെ അക്ഷയതൃതീയ നാളിൽ നടന്നത് 50-60 കോടി രൂപയുടെ വില്പന.

₹650 കോടി

2019ൽ വില്പന 640-650 കോടി രൂപയുടേതായിരുന്നു.

₹10,000 കോടി

ദേശീയതലത്തിൽ കൊവിഡും ലോക്ക്ഡൗണും മൂലം സ്വർണാഭരണ വിപണിക്ക് ഇക്കുറി നഷ്‌ടമായത് 10,000 കോടി രൂപയുടെ അക്ഷയതൃതീയ വരുമാനം. 2019ൽ 10,000 കോടി രൂപയുടെ വില്പന നടന്നിരുന്നു. കഴിഞ്ഞവർഷം വരുമാനം 980 കോടി രൂപയിലേക്ക് ഇടിഞ്ഞു.

₹4,465

ഇന്നലെ സംസ്ഥാനത്ത് സ്വർണവില ഗ്രാമിന് 15 രൂപ ഉയർന്ന് 4,465 രൂപയായി. 120 രൂപ വർദ്ധിച്ച് 35,720 രൂപയാണ് പവൻ വില.