മാഡ്രിഡ് : സ്പാനിഷ് ലാലിഗയിൽ തകർപ്പൻ ജയം നേടി നിലവിലെ ചാമ്പ്യൻനാരായ റയൽ മാഡ്രിഡ് കിരീട പ്രതീക്ഷ വീണ്ടും സജീവമാക്കി.
ഇന്നലെ നടന്ന മത്സരത്തിൽ റയൽ 4-1ന് ഗ്രനാഡയെ വീഴ്ത്തിയാണ് ചാമ്പ്യൻപട്ടത്തിലേക്ക് കണ്ണുവയ്ക്കുന്നത്. ജയത്തോടെ റയൽ ബാഴ്സലോണയെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. രണ്ട് മത്സരങ്ങൾ കൂടി ശേഷിക്കെ 36 മത്സരങ്ങളിൽ നിന്ന് 78 പോയിന്റാണ് റയലിനുള്ളത്. ഒന്നാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡിന് ഇത്രയും മത്സരങ്ങളിൽ നിന്ന് 80 പോയിന്റാണുള്ളത്. ബാഴസയ്ക്ക് 76 പോയിന്റും. 17-ാം മിനിട്ടിൽ പ്ലേമേക്കർ ലൂക്ക മൊഡ്രിച്ചാണ് റയലിന്റെ ഗോൾ അക്കൗണ്ട് തുറന്നത്. ഒന്നാം പകുതി അവസാനിക്കാറാകവെ റോഡ്രിഗോ ലീഡുയർത്തി. 71-ാം മിനിറ്റിൽ ജ്യോർഗെ മോളിനയാണ് ഗ്രനാഡയുടെ ആശ്വാസ ഗോൾ നേടിയത്.
എന്നാൽ 75-ാം മിനിട്ടിൽ അൽ ഒഡ്രിയൊസോളയും തൊട്ടടുത്ത മിനിട്ടിൽ വെറ്റ്റൻ സ്ട്രൈക്കർ കരിം ബെൻസേമയും ലക്ഷ്യം കണ്ടതോടെ റയൽ വിജയം ഉറപ്പിക്കുകയായിരുന്നു.