
തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്നുള്ള അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാനം തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രാത്രി വളരെ നിർണായകമാണ്. റെഡ് അലർട്ട് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. എൻ.ഡി.ആർ.എഫ് സംഘങ്ങൾ സംസ്ഥാനത്തെത്തിയിട്ടുണ്ടെന്നും അതീവ ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കൂടുതൽ കരുത്താർജിച്ച് ചുഴലിക്കാറ്റായി മാറികൊണ്ടിരിക്കുകയാണ്. മെയ് 16 വരെ അതിതീവ്രമായ മഴയും ശക്തമായ കാറ്റും രൂക്ഷമായ കടൽക്ഷോഭവും തുടരുമെന്നാണ് മുന്നറിയിപ്പ്. സർക്കാർ സംവിധാനങ്ങളും ജനങ്ങളും അതീവ ജാഗ്രത പുലർത്തണം. ഇന്ന് രാത്രി അതീവ നിർണായകമാണ്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ അതിതീവ്രമോ ശക്തമായതോ ആയ മഴ ഉണ്ടാവും. കണ്ണൂർ കാസർകോട് ജില്ലകളിൽ ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള സ്വാധീനം ഉണ്ടായേക്കാം. സമീപ ജില്ലകളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അപകടാവസ്ഥയിലുള്ള മരങ്ങൾ, ബോർഡുകൾ എന്നിവ മാറ്റണം. എല്ലാവരും സ്വന്തം വീട്ടിലെ മരങ്ങൾ ശ്രദ്ധിക്കണം ആവശ്യമെങ്കിൽ ശാഖകൾ വെട്ടിക്കളയണം. ശക്തമായ മഴ തുടർന്നാൽ നഗരങ്ങളിലും താഴ്ന്നപ്രദേശങ്ങളിലും വെള്ളപ്പൊക്കം ഉണ്ടായേക്കാം. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ വീട്ടിൽ നിന്നും ക്യാംപുകളിലേക്ക് മാറാൻ ജനങ്ങൾ തയ്യാറാവണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
വിവിധ സേനാവിഭാഗങ്ങളും വകുപ്പുകളും സംസ്ഥാന വ്യാപകമായി അടിയന്തരസാഹചര്യം നേരിടാൻ സജ്ജമാണ്. ദുരന്തനിവരാണസേനയുടെ ഒൻപത് ടീമുകളെ വിവിധ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. കരസേനയുടെ ഒരു ടീം കാസർകോടും രണ്ട് സംഘങ്ങൾ കണ്ണൂരിലും എത്തും. രണ്ട് സംഘങ്ങൾ തിരുവനന്തപുരത്ത് സ്റ്റാൻബൈ ആയി നിൽക്കും എൻജിനീയറിംഗ് വിഭാഗത്തിന്റെ ഒരു ടീം ബെംഗളുരുവിൽ സ്റ്റാൻഡ് ബൈ ആയി നിൽക്കുന്നുണ്ട്. വ്യോമസേനയുടെ രണ്ട് വിമാനങ്ങളും രക്ഷാപ്രവർത്തനത്തിന് സജ്ജമാണ്. മത്സ്യബന്ധനത്തിന് പോകാനുള്ള നിരോധനം തത്കാലം തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.