ലോകത്തെ നടുക്കിയ കൊവിഡ് മഹാമാരിയുടെ രണ്ടാംതരംഗത്തിന്റെ ഭീഷണിയിലാണ് ഇന്ത്യയിപ്പോൾ. കൊവിഡ് രോഗം ബാധിക്കുമ്പോൾ മാത്രമല്ല രോഗമുക്തിക്ക് ശേഷവും പോസ്റ്റ് കൊവിഡ് പ്രശ്നങ്ങൾ ആളുകളിൽ ഉണ്ടാകുമെന്ന് നേരത്തെ തന്നെ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഹൃദയാഘാതവും ശ്വാസംമുട്ടലും അത്തരത്തിൽ സംഭവിക്കുന്ന പോസ്റ്റ് കോവിഡ് പ്രശ്നങ്ങളാണ്.. കൊറോണ വൈറസ് പുരുഷന്മാരുടെ ഉദ്ധാരണശേഷിയെ ബാധിക്കുമെന്നാണ് ഇപ്പോൾ പുറത്തുവന്ന ഏറ്റവും പുതിയ പഠനത്തിൽ പറയുന്നത്. കൊവിഡ് നെഗറ്റീവായാലും വൈറസിന്റെ സാന്നിദ്ധ്യം മാസങ്ങളോളം പുരുഷ ലിംഗത്തിൽ ഉണ്ടാകുമെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. വേൾഡ് ജേണൽ ഓഫ് മെൻസ് ഹെൽത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്..
പഠനത്തിൽ പറയുന്നതിനനുസരിച്ച് വൈറസ് മാസങ്ങളോളം പുരുഷ ലിംഗത്തിൽ ഉണ്ടാകും . വൈറസിന്റെ പ്രവർത്തനം മൂലമുണ്ടാവുന്ന എൻഡോതീലിയൽ ഡിസ്‌ഫംഗ്ഷനാണ് ഉദ്ധാരണക്കുറവിന് കാരണമാകുന്നത്.. ലിംഗത്തിലെ രക്തക്കുഴലുകൾ ചുരുങ്ങുന്ന അവസ്ഥയാണ് എൻഡോതീലിയൽ. കൊവിഡിന്റെ ദീർഘകാല പ്രത്യാഘാതമായി ഇതിനെ കാണാമെന്ന് പഠനത്തിന് നേതൃത്വം നൽകിയ മിയാമി സർവകലാശാലയിലെ മില്ലർ സ്‌കൂൾ ഓഫ് മെഡിസിൻ റീപ്രൊഡക്ടീവ് യൂറോളജി ഡയറക്ടർ രഞ്ജിത് രംഗസ്വാമി പറയുന്നു.
കൊവിഡ് പോസിറ്റീവായവരേയും കൊവിഡ് ഇതുവരെ ബാധിക്കാത്തവരേയുമാണ് പഠനത്തിന് വിധേയമാക്കിയത്. സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുക, കോവിഡ് വരാതെ സൂക്ഷിക്കുക, വാക്‌സിൻ എടുക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്ന് രഞ്ജിത് രംഗസ്വാമി പറയുന്നു. ഉദ്ധാരണപ്രശ്‌നങ്ങൾ തോന്നിയാൽ ഡോക്ടറെ സമീപിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു, .
രോഗബാധിതരായ പുരുഷൻമാരുടെ വൃഷ്ണത്തിലും വൈറസിനെ കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രത്യുൽപ്പാദന ക്ഷമതയെ ബാധിക്കാമെന്നും ലൈംഗികബന്ധത്തിലൂടെ പകർന്നേക്കാമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നുണ്ട്.