തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിൽ നിലവിലെ മന്ത്രിസഭയിലെ അംഗങഅങളും സ്ഥാനം പിടിക്കാൻ സാദ്ധ്യതയെന്ന് റിപ്പോർട്ട്. കേന്ദ്ര കമ്മിറ്റി അംഗമായ കെ.കെ.ശൈലജ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി.രാമകൃഷ്ണൻ എം.എം.മണി തുടങ്ങിയവർ തുടരാനാണ് സാധ്യത. എ.സി.മൊയ്തീനും ഒരവസരം കൂടി ലഭിച്ചേക്കുമെന്നാണ് പാർട്ടിവൃത്തങ്ങൾ നൽകുന്ന സൂചനകൾ. .
മന്ത്രിസഭയിലെ പുതുമുഖങ്ങളായി കേന്ദ്ര കമ്മിറ്റി അംഗമായ എം.വി.ഗോവിന്ദൻ, കെ.രാധാകൃഷ്ണൻ, സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.രാജീവ്, കെ.എൻ.ബാലഗോപാൽ എന്നിവരാണ് സാദ്ധ്യതാപട്ടികയിലുള്ളത്. വി.ശിവൻകുട്ടി, വി.എൻ.വാസവൻ, എം.ബി.രാജേഷ്, വീണാ ജോർജ്, ചിത്തരഞ്ജൻ, വി.അബ്ദുറഹിമാൻ എന്നിർക്കും സാദ്ധ്യത കല്പിക്കുണ്ട്.
21 അംഗ മന്ത്രിസഭയിൽ സിപി.എമ്മിനു മുഖ്യമന്ത്രി ഉൾപ്പെടെ 12 മന്ത്രിമാരുണ്ടാകാനാണ് സാദ്ധ്യത. സി.പി.ഐയ്ക്കു 4 മന്ത്രിമാർ. സ്പീക്കർ സ്ഥാനം സി.പി.എമ്മിനും ഡെപ്യൂട്ടി സ്പീക്കർ പദവി സി.പി.ഐയ്ക്കും ലഭിക്കും. ചീഫ് വിപ്പ് പദവി സി.പി.ഐയ്ക്കു നഷ്ടമാകും.
കേരളാ കോൺഗ്രസിന് ഒരു മന്ത്രിയും ചീഫ് വിപ്പ് പദവിയും നൽകും. എൻ.സി.പിക്കും ജെ.ഡി.എസിനും ഓരോ മന്ത്രിമാർ. ഒറ്റ സീറ്റുള്ള പാർട്ടികളിൽ കേരളാ കോൺഗ്രസ് ബിക്കു മന്ത്രി സ്ഥാനം ഉറപ്പാണ്. കോൺഗ്രസ് എസിനു മന്ത്രി സ്ഥാനം നൽകില്ല. ജനാധിപത്യ കേരളാ കോൺഗ്രസിനും ഐ.എൻ.എല്ലിനും രണ്ടര വർഷം വീതം നൽകി രണ്ടു പാർട്ടികൾക്കും പ്രാതിനിധ്യം നൽകാനാണ് ശ്രമം. മേയ്സ 20ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വൈകിട്ട് 3.30നാണ് രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുക,