mini-ipe

കൊച്ചി: ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ (എൽ.ഐ.സി) ഒഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്‌ടർ സ്ഥാനത്തേക്ക് മലയാളിയും തിരുവല്ല സ്വദേശിയുമായ മിനി ഐപ്പിനെ ബാങ്ക്സ് ബോർഡ് ബ്യൂറോ (ബി.ബി.ബി) നാമനിർദേശം ചെയ്‌തു. പൊതുമേഖലാ ബാങ്കുകളിലെയും ഇൻഷ്വറൻസ് കമ്പനികളിലെയും ചെയർമാൻ, മാനേജിംഗ് ഡയറക്‌ടർ, സി.ഇ.ഒ പദവികളിലേക്ക് യോഗ്യരെ കണ്ടെത്തുന്ന സ്ഥാപനമാണ് ബി.ബി.ബി.

അടുത്ത അഞ്ചുമാസത്തിനകം എൽ.ഐ.സിയുടെ നിലവിലെ രണ്ടു മാനേജിംഗ് ഡയറക്‌ടർമാർ വിരമിക്കും. ഇതിൽ വിപിൻ ആനന്ദ് ജൂലായ് അവസാനം വിരമിക്കുന്ന ഒഴിവിലേക്കാണ് മിനിയുടെ നിയമനം. ആഗസ്‌റ്റ് ഒന്നിന് മിനി ചുമതലയേൽക്കും. മറ്റൊരു മാനേജിംഗ് ഡയറക്‌ടർ മുകേഷ് ഗുപ്‌ത സെപ്‌തംബറിൽ വിരമിക്കുന്ന ഒഴിവിലേക്ക് ബി.സി. പട്‌നായിക്കിനെയും നാമനിർദേശം ചെയ്‌തിട്ടുണ്ട്. മാനേജിംഗ് ഡയറക്‌ടർ പദവിയിലേക്ക് ആറു പേരെയാണ് പരിഗണിച്ചതെന്നും ഇതിൽ മികവിന്റെ അടിസ്ഥാനത്തിലാണ് മിനിയും പ്ട‌നായിക്കും തിരഞ്ഞെടുക്കപ്പെട്ടതെന്നും ബി.ബി.ബി വ്യക്തമാക്കി.

ദിനേശ് കെ. ഭഗത്, പ്രകാശ് ചന്ദ് എന്നിവരെ റിസർവ് മാനേജിംഗ് ഡയറക്‌ടർമാരായും നാമനിർദേശം ചെയ്‌തിട്ടുണ്ട്. എൽ.ഐ.സിയുടെ ഹൈദരാബാദ് ആസ്ഥാനമായുള്ള ദക്ഷിണ-മദ്ധ്യമേഖലാ സോണൽ മാനേജരായി പ്രവർത്തിക്കുകയാണ് നിലവിൽ മിനി. എൽ.ഐ.സിയുടെ ആദ്യ വനിതാ സോണൽ മാനേജരാണ് മിനി. 1986ലാണ് ഓഫീസറായി എൽ.ഐ.സിയിൽ ചേർന്നത്. ഭർത്താവ് റിട്ട. കമ്മഡോർ ഐപ്പ്.

മിനിയുടെയും പട്‌നായിക്കിനെയും നാമനിർദേശം ചെയ്‌ത ബി.ബി.ബിയുടെ തീരുമാനം ഇനി കാബിനറ്റിന്റെ അപ്പോയിന്റ്‌മെന്റ്‌സ് കമ്മിറ്റി പരിശോധിച്ച് അന്തിമ അനുമതി നൽകേണ്ടതുണ്ട്. ഇതിന് മൂന്നുമാസം വരെ എടുക്കും. അതേസമയം, എൽ.ഐ.സി ചെയർമാൻ എം.ആർ. കുമാർ ജൂണിൽ വിരമിക്കുകയാണെങ്കിലും പകരക്കാരനെ ഇനിയും ധനമന്ത്രാലയം കണ്ടെത്തിയിട്ടില്ല. ഇൻഷ്വറൻസ് റെഗുലേറ്റർമാരായ ഐ.ആർ.ഡി.എ.ഐയുടെ ചെയർമാൻ സുഭാഷ് ചന്ദ്ര ഖുണ്ഡ്യ മേയ് ആറിന് വിരമിച്ച ഒഴിവിലേക്കും ഇതുവരെ പകരക്കാരനായിട്ടില്ല.