soumya

ന്യൂഡൽഹി: ഇസ്രയേലിൽ റോക്കറ്റ് അക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സ് സൗമ്യ സന്തോഷിന്റെ മൃതദേഹം ഡൽഹിയിലെത്തിച്ചു. ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ മൃതദേഹം ഏറ്റുവാങ്ങി.

ഉച്ചയോടെ എയർ ഇന്ത്യ വിമാനത്തില്‍ മൃതദേഹം നെടുമ്പാശേരിയില്‍ എത്തിക്കും.തുടർന്ന് സ്വദേശമായ ഇടുക്കി കീരിത്തോട്ടിലേക്ക് കൊണ്ടുപോകും.നാളെ ഉച്ചകഴിഞ്ഞ് കീരിത്തോട് നിത്യസഹായമാതാ പള്ളിയിലാണ് സംസ്‌കാരം.

ഇസ്രയേൽ- പലസ്തീൻ സംഘർഷത്തിനിടെ ചൊവ്വാഴ്ചയാണ് സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഏഴ് വർഷമായി ഇസ്രയേലിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഭർത്താവ് സന്തോഷുമായി വീഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരിക്കവേയാണ് റോക്കറ്റ് വീടിന് മുകളിൽ പതിക്കുന്നതും സൗമ്യ കൊല്ലപ്പെടുന്നതും. സൗമ്യ പരിചരിച്ചിരുന്ന വൃദ്ധയും കൊല്ലപ്പെട്ടിരുന്നു.