തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ സെക്രട്ടേറിയറ്റിൽ പുതിയ എയർ കണ്ടീഷണർ വാങ്ങാൻ 28 ലക്ഷം അനുവദിച്ചു കൊണ്ട് പൊതുഭരണ വകുപ്പിന്റെ ഉത്തരവ്. സെക്രട്ടേറിയറ്റിലെ ഒന്നാം നിലയിൽ സ്ഥിതി ചെയ്യുന്ന ജലവിഭവ വകുപ്പ് ഓഫീസിലാണ് പുതിയ എ.സി സ്ഥാപിക്കുന്നത്. കൊവിഡ് വ്യാപിപ്പിക്കുന്നതിനാൽ തന്നെ അടച്ചിട്ട മുറികളിൽ എ.സിയിൽ പ്രവർത്തിപ്പിക്കരുതെന്ന് മുഖ്യമന്ത്രിയും ആരോഗ്യവകുപ്പും നിർദ്ദേശം നൽകിയിരുന്നു. ഇതുപ്രകാരം ഒട്ടുമിക്ക ഓഫീസുകളും ഇപ്പോൾ ജനാലകൾ തുറന്നിട്ട് എ.സി പ്രവർത്തിപ്പിക്കാതെയാണ് ജോലി ചെയ്യുന്നത്. അതിനിടെയാണ് തിരക്കിട്ട് ജലവിഭവ വകുപ്പിലെ എ.സി സ്ഥാപിക്കുന്നത്. എ.സി വാങ്ങുന്നതിനും അനുബന്ധ ഇലക്ട്രിക്കൽ ജോലികൾക്കുമായാണ് 28.30 ലക്ഷം അനുവദിച്ചിരിക്കന്നത്.
അടൂർ പ്രകാശ് എം.പി മന്ത്രിയായിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന ഓഫീസാണ് ഇപ്പോൾ നവീകരിച്ച് ജലവിഭവ വകുപ്പിന്റെ ഓഫീസായി മാറ്റിയിരിക്കുന്നത്. ഇവിടെ നേരത്തെ തന്നെ എ.സി സ്ഥാപിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇപ്പോൾ പുതിയ എ.സി വാങ്ങുന്നത് എന്തിനാണെന്ന ചോദ്യം ഉയരുന്നുണ്ട്. നിലവിലെ എ.സി കേടായതാണെങ്കിൽ പോലും അറ്റക്കുറ്റപ്പണി ചെയ്യുകയാണ് വേണ്ടത്. മാത്രമല്ല, കൊവിഡ് പ്രതിരോധ വാക്‌സിൻ വൻതുക നൽകി സർക്കാർ വാങ്ങുന്നതിനിടെ പുതിയ എ.സി സ്ഥാപിക്കാനുള്ള നീക്കം ജീവനക്കാർക്കിടയിലും ചർച്ച ആയിട്ടുണ്ട്.
സെക്രട്ടേറിയറ്റിൽ ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾ പുതിയ കാര്യം അല്ലെങ്കിലും കൊവിഡ് വ്യാപന സമയത്ത് തന്നെ ഇത് വേണോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ധനവകുപ്പ് അടക്കമുള്ള ഓഫീസുകൾ എല്ലാം തന്നെ എ.സി ഓഫ് ചെയ്ത നിലയിലാണ് പ്രവർത്തിക്കുന്നത്. ഇതിലൂടെ വൈദ്യുതി ചാർജ് ഇനത്തിലും സർക്കാരിന് നല്ലൊരു തുക ലാഭിക്കാൻ കഴിയുന്നുണ്ട്.