ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ വീണ്ടും മൂന്ന് ലക്ഷത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. 3,53,299 പേർക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,43,72,907 ആയി ഉയർന്നതായി കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 3,890 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,66,207 ആയി ഉയർന്നു. 3,53,299 പേർ രോഗമുക്തരായതോടെ നിലവിൽ ചികിത്സയിലുള്ളവർ 36,73,802 പേരാണ്. രാജ്യത്ത് ഇതുവരെ 2,04,32,898 പേർ രോഗമുക്തരായി.
മേയ് 14 വരെയുള്ള ഐ സി എം ആർ കണക്കനുസരിച്ച് രാജ്യത്താകെ 31,30,17,193 സാംപിളുകളാണ് കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇതിൽ 16,93,093 പരിശോധനകൾ ഇന്നലെയാണ് നടന്നത്. ഇതുവരെ 18,04,57,579 പേർക്ക് വാക്‌സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
അതേസമയം, മഹാരാഷ്‌ട്ര അടക്കമുളള സംസ്ഥാനങ്ങളിൽ രോഗവ്യാപനം കുറയുന്നതായാണ് വിവരം. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് അടക്കം കുറയുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഥിതിഗതികൾ വഷളാവുകയാണ്.