തിരുവനന്തപുരം: കൊവിഡ് അതിവേഗ വ്യാപനമുളള തലസ്ഥാന ജില്ലയുൾപ്പടെ നാല് ജില്ലകളിൽ ഞായറാഴ്‌ച മുതൽ ട്രിപ്പിൾ ലോക്ഡൗണാണ്. തിരുവനന്തപുരത്തിന് പുറമേ എറണാകുളം, മലപ്പുറം, തൃശൂർ എന്നീ ജില്ലകളിലാണ് ട്രിപ്പിൾ ലോക്ഡൗണുണ്ടാകുക.
തീവ്ര വ്യാപനമുളള സ്ഥലങ്ങളിൽ സർക്കാർ നിയന്ത്രണം കർശനമാക്കുന്നതിനെയാണ് ട്രിപ്പിൾ ലോക്ഡൗൺ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് മുൻപ് കാസർകോട് ജില്ലയിൽ കൊവിഡ് ഒന്നാംഘട്ട വ്യാപന സമയത്ത് ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തി രോഗനിരക്ക് കുറച്ചിരുന്നു.
പുറത്ത് നിന്നുമുളളവർക്ക് പ്രവേശനമില്ല
ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ സ്ഥലത്ത് പുറമേ നിന്നുളള ആർക്കും പ്രവേശനമുണ്ടാകില്ല. പൊലീസ് ഇക്കാര്യം ഉറപ്പുവരുത്തും.
രോഗമുളളവർ വീട്ടിൽ തന്നെ
കൊവിഡ് രോഗബാധിതർ വീട്ടിൽ തന്നെയുണ്ടെന്ന് ഉറപ്പാക്കും. സമൂഹവ്യാപനം തടയുന്നതിനുളള മുൻകരുതലാണിത്. രോഗബാധയുളളവരുമായി സമ്പർക്കമുളളവരെ കണ്ടെത്തി അവരെ വ്യാപനം കൂടിയ സ്ഥലങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തും.
ട്രിപ്പിൾ ലോക്ഡൗൺ കർശനം
സാധാരണ ലോക്ഡൗണും ട്രിപ്പിൾ ലോക്ഡൗണും തമ്മിലെ വ്യത്യാസം സാധാരണ ലോക്ഡൗണിന് അവശ്യ സർവീസുകളും സ്ഥലത്തെ കടകൾ, ബാങ്കുകൾ എന്നിവ നിയന്ത്രിത അളവിൽ പ്രവർത്തിക്കും. എന്നാൽ ട്രിപ്പിൾ ലോക്ഡൗണിന് ശക്തമായ പരിശോധനകളുണ്ടാകും, പ്രവേശനം ഒരിടത്തുകൂടി മാത്രമാകും. വിമാനത്താവളങ്ങൾ, റെയിൽവേ സ്‌റ്റേഷനുകൾ എന്നിവയുടെ പ്രവർത്തനം തടയില്ല. ഇവിടങ്ങളിലേക്കുളള ടാക്‌സി സർവീസും തടയില്ല. ചരക്ക് വാഹനങ്ങൾ, മെഡിക്കൽ ഷോപ്പ്, ആശുപത്രി ഇവ പ്രവർത്തിക്കും. എടിഎം, ഡേറ്റ സെന്റർ ഓപ്പറേറ്റർമാർ, ബാങ്കിംഗ് എന്നിവയുണ്ടാകും.
അത്യാവശ്യം വേണ്ടപ്പോഴല്ലാതെ വീട്ടിൽ നിന്ന് പുറത്തിറങ്ങാനോ, റോഡിൽ യാത്ര ചെയ്യാനോ പറ്റില്ല. മറ്റുളള പൊതു ഇടങ്ങളിലെ ഒരുവിധ പ്രവർത്തനങ്ങളും അനുവദിക്കില്ല. സാങ്കേതിക വിദ്യാ സഹായത്തോടെ നിയമലംഘനം നടത്തുന്നത് ശ്രദ്ധിക്കാൻ പ്രത്യേക സംവിധാനമൊരുക്കും.