ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച അടിയന്തര ഉന്നതതല യോഗം തുടങ്ങി. കൊവിഡ് സാഹചര്യത്തിനും വാക്‌സിനേഷനും ഒപ്പം സംസ്ഥാനങ്ങളിലെ പ്രകൃതിക്ഷോഭ സാഹചര്യവും പ്രധാനമന്ത്രി വിലയിരുത്തും. രാജ്യത്ത് ഇന്നും മൂന്ന് ലക്ഷത്തിലേറെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തതിനു പിന്നാലെയാണ് പ്രധാനമന്ത്രി യോഗം വിളിച്ചു ചേർത്തത്.
സ്‌പുട്‌നിക് വാക്‌സിൻ അടുത്തയാഴ്‌ച വിതരണത്തിനെത്തുന്നതോടെ വാക്‌സിൻ ക്ഷാമത്തിന് പരിഹാരമാകുമെന്നാണ് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നത്. രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ നേരിയ കുറവുണ്ടെങ്കിലും മരണനിരക്ക് ഉയരുന്നത് ആശങ്കയോടെയാണ് സർക്കാർ നോക്കികാണുന്നത്.
രണ്ടാം തരംഗത്തിലെ വെല്ലുവിളി ഏതാനും ആഴ്‌ചകൾ കൂടി തുടരുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. അതേസമയം, വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ ഹർഷ വർദ്ധൻ ഇന്ന് ചർച്ച നടത്തും.