gouriamma

തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​ഗാ​ന്ധി​ ​പീ​സ് ​ഫൗ​ണ്ടേ​ഷ​നു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ചി​ല​ ​ആ​വ​ശ്യ​ങ്ങ​ളു​മാ​യി​ട്ട് 1967​-69​ ​കാ​ല​ഘ​ട്ട​ത്തി​ലാണ് ഗൗ​രി​അ​മ്മ​യെ​ ​ആ​ദ്യം​ ​കാ​ണു​ന്ന​ത്.​ ​അവരുടെ വാക്കുകൾ ഭയഭക്തി ബഹുമാനങ്ങളോടെയാണ് വിദ്യാർത്ഥിയായ ഞാൻ കേട്ടുനിന്നത്. അന്ന് യാതൊരു പ്രയാസവുമില്ലാതെ ആവശ്യങ്ങൾ സാധിച്ചുതരികയും ചെയ്തു. പിന്നീട്, 1987-91 കാലഘട്ടത്തിൽ വ്യവസായ മന്ത്രിയായിരിക്കെയാണ് ബന്ധം കൂടുതൽ ദൃഢമായത്. സിൽക്കിന്റെ കോർപ്പറേറ്റ് എച്ച്. ആർ മേധാവിയായിരിക്കെ അൺ സ്‌കിൽഡ് വിഭാഗത്തലേക്കുള്ള നിയമനകാര്യങ്ങളുടെ ചുമതല എനിക്കായിരുന്നു. അക്കാലത്തൊരിക്കൽ മന്ത്രിയായ ഗൗരിഅമ്മയെ കാണേണ്ടി വന്നപ്പോൾ അവർ പറഞ്ഞത് ഓർമ വരികയാണ്:
'ഞാൻ ചില ശുപാർശകളൊക്കെ നടത്തും. മന്ത്രിയെന്ന നിലയിലുള്ള എന്റെ സാമൂഹ്യബാദ്ധ്യതയാണത്. പക്ഷേ, തന്റെ തിരഞ്ഞെടുപ്പു രീതിയിൽ മാത്രം അവരെ തിരഞ്ഞെടുത്താൽ മതി. അൺസ്‌കിൽഡായിട്ടുള്ള ആളുകളെ തിരഞ്ഞെടുക്കുന്നതിന് തന്റെ രീതി തന്നെയാണ് നല്ലത്. അയോഗ്യരാണെങ്കിൽ എടുക്കരുത്. ആ വിവരം എന്നെ അറിയിച്ചാൽ മതി.' ഗുണമേന്മയുടെ കാര്യത്തിൽ കൃത്യമായ നിഷ്‌കർഷ അവർ പുലർത്തിപ്പോന്നിരുന്നു. മന്ത്രിമന്ദിരമായ തൈക്കാട് ഹൗസിൽ കുടുംബാംഗത്തെപ്പോലെയാണ് എന്നെ പരിഗണിച്ചിരുന്നത്. തൊണ്ണൂറുകളുടെ തുടക്കത്തിലാണെന്നു തോന്നുന്നു എന്തോ ഔദ്യോഗിക കാര്യം ചർച്ച ചെയ്യാൻ തൈക്കാട് ഹൗസിലെത്താൻ എന്നോടാവശ്യപ്പെട്ടു. ഭാര്യ ലതയുമൊത്ത് തൈക്കാട് ശാസ്താംകോവിലിൽ പോയി മടങ്ങിവരുന്ന വഴി വൈകിട്ട് ഏഴുമണിക്കു ശേഷമാണ് ഞങ്ങൾ ചെന്നത്. കാർ ഞാനാണ് ഓടിച്ചിരുന്നത്. ​കാ​റോ​ടി​ച്ച് ​അ​ല്‌​പം​ ​മു​ന്നി​ലേ​ക്കു​ ​നീ​ക്കി​ ​നി​റു​ത്തി​യ​ശേ​ഷം​ ​ഞാ​നി​റ​ങ്ങി​ച്ചെ​ന്നു.​ ​സ്വീകരണ മുറിയിൽ ഇരിക്കുകയായിരുന്ന ഗൗരിഅമ്മ എന്നോടു ചോദിച്ചു:

'കാറിൽ തന്റെ ഭാര്യയല്ലേ ഇരുന്നത്? അവരെ അകത്തോട്ട്
വിളിച്ചുകൊണ്ടു വരാത്തതെന്തേ?' ഞാൻ ഇറങ്ങിപ്പോയി ലതയേയും കൂട്ടി ചെന്നപ്പോൾ യാതൊരു മുഖവുരയുമില്ലാതെ
ഗൗരിഅമ്മ പറഞ്ഞു:

'ഡോക്ടർ ആണെന്ന് എനിക്കറിയാം. ഗോപാലപിള്ള തിരുവനന്തപുരത്ത് ഇല്ലാത്തതുകൊണ്ട് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടെന്നുമറിയാം...'

അമ്പരന്നുപോയ എനിക്കും ലതയ്ക്കും മിണ്ടാട്ടം മുട്ടിപ്പോയി. കാരണം, ഇങ്ങനെയൊരു കാര്യം ഒരിക്കൽപോലും ഞാൻ മന്ത്രിയോട് സൂചിപ്പിച്ചിട്ടു പോലുമില്ലായിരുന്നു. ആ വർഷമായിരുന്നു എന്റെ മൂത്തമകൻ ശബരീഷിനെ ഒന്നാം ക്ലാസിൽ ചേർത്തത്. സിൽക്കിലെ ജോലിയുടെ ഭാഗമായി കണ്ണൂർ, കോഴിക്കോട്, തൃശൂർ, ചേർത്തല ഭാഗങ്ങളിൽ സ്ഥിരമായി യാത്ര ചെയ്യേണ്ടിയിരുന്നതിനാൽ എനിക്ക് കുടുംബകാര്യങ്ങളിൽ കാര്യമായി ശ്രദ്ധിക്കാൻ സാധിച്ചിരുന്നില്ല. അതൊക്കെ മന്ത്രി എങ്ങനെയറിഞ്ഞു എന്നതാണ് ഞങ്ങളെ കുഴക്കിയത്. അതിനുശേഷം എനിക്ക് തിരുവനന്തപുരത്തുതന്നെ പുതിയ ചുമതലകൾ നൽകി.

നേരിട്ട് അഭിനന്ദിച്ചില്ലെങ്കിലും എനിക്കു കിട്ടാവുന്ന ഏറ്റവും വലിയ അഭിനന്ദനം മന്ത്രിയെന്ന നിലയിൽ ഗൗരിഅമ്മ മറ്റുപലരോടും പങ്കുവച്ച നല്ല വാക്കുകൾ തന്നെയായിരുന്നു. സിൽക്കിലെ തൊഴിൽപ്രശ്നങ്ങൾ രൂക്ഷമായപ്പോൾ ഒരിക്കൽ മാനേജ്‌മെന്റ് പ്രതിനിധികളും തൊഴിലാളി സംഘടനാ പ്രതിനിധികളുമായി മന്ത്രി ചർച്ച നടത്തി. സി.ഐ.ടി.യു യൂണിയന്റെ നേതാവായി അന്നു വന്നത് സുശീലാ ഗോപാലനായിരുന്നു. മർദ്ദിത വർഗത്തെ മാനേജ്‌മെന്റ് ചൂഷണം ചെയ്യുന്നതിനെപ്പറ്റി സുശീലാ ഗോപാലൻ പറയാൻ തുടങ്ങിയപ്പോൾ ഗൗരിഅമ്മയുടെ ഭാവം മാറി: 'ഞാനിവിടെ വ്യവസായവത്‌കരണത്തിന് ആളുകളെ ക്ഷണിച്ചുകൊണ്ട് ഓടിനടക്കുകയാണ്, അപ്പോൾ പഴകിയ സിദ്ധാന്തവും പറഞ്ഞ് അതിന് ഇടങ്കോലിടരുത്...'
ഒരിക്കൽ ആലപ്പുഴയിൽ നിന്നെത്തിയ നിർദ്ധനരായ കുറച്ചു സ്ത്രീകൾക്ക് രാത്രിയാണ് മന്ത്രിയെ കാണാനായത്. അവരിൽ നിന്ന് നിവേദനം വാങ്ങി വായിച്ചശേഷം ഗൗരിഅമ്മ പറഞ്ഞു:
'നിങ്ങൾ ഇനി രാത്രി ആലപ്പുഴയ്ക്ക് യാത്ര ചെയ്യേണ്ട. ആഹാരം ഇവിടെ നിന്നു കഴിച്ചോളൂ. കിടന്നുറങ്ങാനുള്ള
സൗകര്യവും ചെയ്തുതരാം, രാവിലെ മടങ്ങിയാൽ മതി.'
ഗൗരിഅമ്മയുടെ ഹൃദയത്തിന്റെ ആർദ്രത വെളിവാക്കുന്ന സന്ദർഭങ്ങളിലൊന്നായിരുന്നു അത്. പിന്നീട് കൃഷിവകുപ്പു മന്ത്രിയായിരിക്കെ, ഫാക്ടിന്റെ സി.എം.ഡി എന്ന നിലയ്ക്ക് എന്നെ ഫോണിൽ വിളിച്ച്
'എന്നാണ് തിരുവനന്തപുരത്തേക്ക് വരുന്നത് ? ഒന്നു കാണണമായിരുന്നു' എന്നു പറഞ്ഞു. അതനുസരിച്ച് മന്ത്രിക്കുകൂടി സൗകര്യപ്രദമായ ഒരു ദിവസം തീരുമാനിച്ച് ഞാൻ തിരുവനന്തപുരത്തെത്തി. കൃഷിവകുപ്പിനു കീഴിലുള്ള ഒരു പൊതുമേഖലാ സ്ഥാപനത്തിന് ചില സഹായങ്ങൾ ചെയ്തുകൊടുക്കാൻ ഫാക്ടിനു കഴിയുമോ എന്നു ചോദിക്കാനാണ് എന്നെ വിളിപ്പിച്ചത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമെന്ന നിലയിൽ ഫാക്ട് ഗൗരിഅമ്മയുടെ പരിധിയിൽ വരുന്ന ഒന്നല്ലായിരുന്നു. പറഞ്ഞ സമയത്തുനിന്ന് കുറച്ചു വൈകിയാണ് ആ കമ്പനിയുടെ
എംഡിയും മറ്റ് പ്രതിനിധികളുമെത്തിയത്. അന്ന് ഗൗരിഅമ്മയുടെ
മറ്റൊരു മുഖം ഞാൻ കണ്ടു.

'എന്നോടുള്ള വ്യക്തിബന്ധം കൊണ്ടാണ് ഫാക്ടിന്റെ ചെയർമാൻ ഇവിടെ വന്നത്. ആവശ്യക്കാരായ നിങ്ങൾക്ക് താത്‌പര്യമില്ലെങ്കിൽ മതിയാക്കി പൊയ്‌ക്കോളൂ, അദ്ദേഹത്തിന് നിങ്ങളെ കാത്തിരിക്കേണ്ട കാര്യമൊന്നുമില്ല.'

ശകാരത്തിനു ശേഷം ഗൗരിഅമ്മ എന്നോടു ചോദിച്ചു, 'എന്തെങ്കിലും ചെയ്യാനാകുമോ?' ഗൗരിഅമ്മ ആവശ്യപ്പെട്ട സഹായം ചെയ്യാൻ എനിക്കു ബുദ്ധിമുട്ടുണ്ടായില്ല. ധിഷണാശാലിയും ഭരണതന്ത്രജ്ഞയും സർവോപരി മനുഷ്യസ്‌നേഹിയുമായ കെ.ആർ.ഗൗരിഅമ്മ വരുംകാലത്തെ രാഷ്ട്രമീമാംസാ വിദ്യാർത്ഥികൾക്കുള്ള തുറന്ന പാഠപുസ്തകം കൂടിയാണെന്നതിൽ സംശയമില്ല.

ലേഖകൻ ഫാക്‌ട് മുൻ സി.എം.ഡിയാണ് . ഫോൺ : 9895165656