rain

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറയിലും തുമ്പമണിലും ഗുരുതര പ്രളയസാദ്ധ്യത ഉണ്ടെന്ന് കേന്ദ്ര ജല കമ്മിഷന്‍. ടൗക് തേ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത മഴ പെയ്‌ത സാഹചര്യത്തിലാണ് മുന്നറിയിപ്പ്. കേരളത്തിലെ നദികളിലെ സാഹചര്യം കേന്ദ്ര ജല കമ്മിഷന്‍ വിലയിരുത്തിയ ശേഷം മണിമല, അച്ചന്‍കോവില്‍ നദികളിലാണ് പ്രളയസാദ്ധ്യത അറിയിച്ചിരിക്കുന്നത്.

rain

കല്ലൂപ്പാറ എന്ന സ്ഥലത്ത് മണിമലയാര്‍ അപകട നിലയ്ക്ക് മുകളിലാണ് ഒഴുകുന്നതെന്ന് ജല കമ്മിഷന്‍ അറിയിച്ചു. അപകട നിലയ്ക്ക് 0.08 മീറ്റര്‍ ഉയരത്തിലാണ് ഇവിടെ വെള്ളം ഒഴുകികൊണ്ടിരിക്കുന്നതെന്നാണ് കമ്മിഷൻ പറയുന്നത്. അച്ചന്‍കോവിലാർ തുമ്പമണ്‍ എന്ന പ്രദേശത്തുകൂടി അപകടനിലയ്ക്ക് 0.50 മീറ്റര്‍ മുകളിലാണ് ഒഴുകുന്നതെന്നും ജലകമ്മിഷന്‍ അറിയിച്ചു.

rain

ടൗക് തേ ഇന്ന് രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റായി ഗോവ തീരത്തേക്ക് പോകുമെന്നാണ് പ്രവചനം. ഇപ്പോള്‍ അമിനിദ്വീപിന് 180 കിലോമീറ്റർ അകലെയാണ് ടൗക് തേ. ചൊവ്വാഴ്‌ച ഗുജറാത്ത് കരയിലേക്ക് ടൗക്ക് തേ കടക്കും. കൊച്ചി മുതല്‍ കറാച്ചി വരെ ചുഴലിക്കാറ്റ് മുന്നറിയിപ്പുണ്ട്. കപ്പല്‍ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. ചുഴലിക്കാറ്റിനെ തുടർന്ന് പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

rain

ആലപ്പുഴയിൽ ഇന്നലെ രാത്രി വീശിയടിച്ച കനത്ത കാറ്റിലും മഴയിലും വൻ നാശനഷ്‌ടമാണുണ്ടായത്. ഒട്ടേറെ വീടുകളും വ്യാപാരസ്ഥാപനങ്ങളും തകർന്നു. വലിയ മരങ്ങൾ വീണും വൈദ്യുത തൂണുകൾ ഒടിഞ്ഞും നഗരത്തിൽ വൈദ്യുതിബന്ധം നിലച്ചു.

rain

കനത്ത മഴയിൽ ഗതാഗത തടസം ഉണ്ടായതോടെ ആശുപത്രിയിൽ എത്തിക്കാനാവാതെ ഇടുക്കിയിൽ രോഗി മരിച്ചു. വട്ടവട സ്വദേശി രാജ (50) ആണ് മരിച്ചത്. അർദ്ധരാത്രി ഹൃദയാഘാതം ഉണ്ടായ രാജയെ മൂന്നാറിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിയിൽ മരങ്ങൾ വീണു കിടന്നതിനാൽ സാധിച്ചില്ല. മരങ്ങൾ വെട്ടിമാറ്റി വാഹനം രാവിലെ എട്ട് മണിയോടെ പുറത്തെത്തിച്ചെങ്കിലും വഴിമദ്ധ്യേ രാജ മരിച്ചു.

rain

കനത്ത മഴയിലും കടൽക്ഷോഭത്തിലും ലക്ഷദ്വീപിലെ ചെത്തിലാത് ദ്വീപിൽ വൻ നാശനഷ്‌ടമുണ്ടായി. നിരവധി വീടുകളും മത്സ്യബന്ധന ബോട്ടും തകർന്നു. അമിനി, കടമത്തു ദ്വീപുകളിലും നിരവധി ബോട്ടുകൾ തകർന്നു. നിലമ്പൂർ ചുക്കത്തറ കൈപനിയിൽ താത്ക്കാലിക പാലം ഒലിച്ചുപോയി. കഴിഞ്ഞ പ്രളയത്തിൽ പാലം തകർന്നതിനെത്തുടർന്ന് താത്ക്കാലികമ‌ായി നിർമിച്ചതായിരുന്നു പുതിയ പാലം.

rain

പാലാ കരൂര്‍ മേഖലയില്‍ കൊടുങ്കാറ്റിൽ വ്യാപകനാശൻഷ്‌ടമാണുണ്ടായത്. നിരവധി വന്‍മരങ്ങള്‍ നിലംപൊത്തി. റബ്ബര്‍ മരങ്ങളും മറ്റും കടപുഴകി. വൈദ്യുതി ബന്ധം പൂര്‍ണമായും തകര്‍ന്നു. പലയിടത്തും മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം സ്‌തംഭിച്ചു. നിരവധി വീടുകള്‍ക്ക് കാര്യമായ നാശം സംഭവിച്ചിട്ടുണ്ട്.

rain

തിരുവനന്തപുരം പള്ളിത്തുറയിൽ കടൽ ക്ഷോഭത്തിൽ നിരവധി വീടുകളിൽ വെള്ളം കയറി. ശക്തമായ കാറ്റിൽ വീടുകളുടെ മേൽക്കൂര പറന്നു പോയി. തുമ്പ, പള്ളിത്തുറ, വലിയ വേളി പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.