bridge

തിരുവനന്തപുരം: സംസ്ഥാനത്ത് കടൽക്ഷോഭം അതിരൂക്ഷമായി തുടരുന്നതിനിടെ തലസ്ഥാനത്തെ ചരിത്ര പ്രാധാന്യമുള്ള വലിയതുറ കടൽപ്പാലം വൻ വിള്ളൽ വീണതിനെ തുടർന്ന് ഒരു വശത്തേക്ക് ചെരിഞ്ഞു. പുലർച്ചെ 3.30 ഓടെ വലിയ ശബ്ദം കേട്ട് ഓടിയെത്തിയ സുരക്ഷാ ജീവനക്കാരനാണ് പാലത്തിൽ വിള്ളൽ കണ്ടെത്തിയത്. തുടർന്ന് അവർ തുറമുഖ അധികൃതരെ വിവരം അറിയിച്ചു. വിള്ളലുണ്ടായതിന് പിന്നാലെ പാലത്തിന്റെ പില്ലറുകൾ താഴ്ന്നുപോയ അവസ്ഥയിലാണ്. പാലത്തിന്റെ വശങ്ങളിലെ തൂണുകളും പൊട്ടിയിട്ടുണ്ട്. കടൽക്ഷോഭത്തെ തുടർന്ന് മത്സ്യബന്ധനം നിരോധിച്ചതിനാൽ പാലം ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. പാലത്തിന്റെ തുടക്കഭാഗം കഴിഞ്ഞുള്ള ഭാഗം കടലിലേക്ക് താഴ്ന്നിട്ടുണ്ട്. പില്ലറുകൾ തകർന്നതിനാൽ പാലത്തിന്റെ ഘടന തന്നെ മാറിപ്പോയ നിലയിലാണ്. ആ ഭാഗത്തെ പില്ലറുകളാണ് ശക്തമായ തിരയടിയേറ്റ് കടലിലേക്ക് താഴ്ന്നത്. പാലത്തിലേക്ക് ജനങ്ങൾ കടക്കുന്നത് പൊലീസ് തടഞ്ഞിട്ടുണ്ട്.

 50 വർഷത്തെ പഴക്കം
തലസ്ഥാനത്തെ പ്രധാന ആകർഷണ കേന്ദ്രങ്ങളിലൊന്നായ വലിയതുറ കടൽപ്പാലത്തിന് 50 വർഷത്തിലധികം പഴക്കമുണ്ട്. കേരളത്തിലെ ആദ്യകാല തുറമുഖങ്ങളിലൊന്നായിരുന്നു ഇത്. എന്നാൽ, കൊച്ചി പ്രസിദ്ധമായതോടുകൂടി വലിയതുറയുടെ പ്രാധാന്യം കുറഞ്ഞു. ഇന്ന് വലിയതുറ ഒരു ഫിഷിംഗ് വല്ലേജാണ്. കടലിൽ കപ്പലുകൾക്ക് നങ്കൂരമിട്ട് ചെറുബോട്ടുകൾ വഴി സാധനങ്ങൾ കരയ്‌ക്കെത്തിക്കുന്നതിനായിട്ടാണ് വലിയതുറ കടൽപ്പാലം നിർമിച്ചത്.