whatsapp

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നമ്മൾ എപ്പോൾ വാട്‌സാപ്പ് തുറന്നാലും വരുന്നൊരു അറിയിപ്പുണ്ട്. വാട്‌സാപ്പ് അവരുടെ പുതിയ സ്വകാര്യതാ നയം കൊണ്ടുവരുന്നു അതിന് ഞാൻ അനുകൂലിക്കുന്നു എന്ന് ക്ളിക്ക് ചെയ്യണം എന്നാവശ്യപ്പെട്ടുള‌ളതാണത്.

നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ വാട്‌സാപ്പ് ഡിലീ‌റ്റ് ചെയ്യുകയൊന്നുമില്ല. എന്നാൽ അവർക്ക് നൽകുന്ന സേവനങ്ങളിൽ വാട്‌സാപ്പ് കുറവ് വരുത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അവർക്ക് ഇന്നുമുതൽ ചാ‌റ്റ് ലിസ്‌റ്റിലേക്കോ,​ വാട്‌സാപ്പ് വീഡിയോ കോൾ നടത്താനോ നോട്ടിഫിക്കേഷൻ വരുന്നതിലോ എല്ലാം കുറവുണ്ടാകും. പിന്നീട് മെസേജ് അയക്കാൻ സാധിക്കാത്ത തരത്തിലേക്ക് വാട്‌സാപ്പ് നയം കർശനമാക്കിയേക്കും. എന്നാൽ നയം അംഗീകരിക്കുന്നവർക്ക് സേവനത്തിൽ ഒരു തടസവും ഉണ്ടാകില്ല.

കുറച്ച് നാളുകൾക്ക് ശേഷം മെസേജ് അയക്കാനോ സ്വീകരിക്കാനോ കഴിയാതെ വരുമ്പോൾ തങ്ങളുടെ നയം സ്വീകരിക്കണോ വേണ്ടേ എന്ന് ഉപഭോക്താക്കൾ തീരുമാനിക്കേണ്ട സ്ഥിതിയിലാകും. അപ്പോഴേക്കും അവ‌ർക്ക് വാട്‌സാപ്പ് ഉപയോഗിക്കാനാവാതെ തടയുന്ന സ്ഥിതിയുണ്ടായേക്കുമെന്നാണ് ഒരു അന്താരാഷ്‌ട്ര മാദ്ധ്യമത്തിനോട് കമ്പനി പ്രതികരിച്ചത്.

ഇക്കഴിഞ്ഞ ജനുവരിയിലാണ് വാട്‌സാപ്പ് അവരുടെ പുതിയ സ്വകാര്യതാ നയം പ്രഖ്യാപിച്ചത്. തങ്ങളുടെ നയം അംഗീകരിക്കാൻ ഫെബ്രുവരി 8 വരെ കമ്പനി സമയവും അനുവദിച്ചു. എന്നാൽ വ്യാപക വിമർശനമുണ്ടായതോടെ അത് നീട്ടിവയ്‌ക്കേണ്ടി വന്നു. വാട്‌സപ്പ് നയം തിരുത്തണമെന്ന് കേന്ദ്ര സർക്കാരും ആവശ്യപ്പെട്ടിരുന്നു.

ഫേസ്‌ബുക്കുമായി തങ്ങളുടെ വിവരങ്ങൾ പങ്കുവയ്‌ക്കുന്നതിന് തയ്യാറാണെന്ന് സമ്മതിക്കുന്നതാണ് പുതിയ സ്വകാര്യതാ നയത്തിൽ പ്രധാനം. പ്രത്യേകിച്ച് ബിസിനസ് അക്കൗണ്ടുകൾ ഇങ്ങനെ ചെയ്‌തേ മതിയാകൂ. ഒപ്പം നിലവിലെ ചാ‌റ്റുകൾ സുരക്ഷിതമാണെന്ന വാഗ്ദാനവും. എന്നാൽ ഉപഭോക്താക്കളുടെ വിവരങ്ങൾ ഫേസ്‌ബുക്ക് തന്നെ ചോർത്തി നൽകിയെന്ന വിവാദത്തിന് ശേഷവും വാട്‌സാപ്പ് ഉപഭോക്താക്കളുടെ വിവരങ്ങൾ ഫേസ്‌ബുക്കുമായി പങ്കുവയ്‌ക്കാൻ തയ്യാറാകണമെന്ന ആവശ്യം വലിയ വിമർശനം ഉണ്ടാക്കിയിട്ടുണ്ട്.