treatment

ഹേഗ്: ലോകത്താകെ പടർന്നുപിടിക്കുന്ന കൊവിഡിന് ചികിത്സ സൗജന്യമാക്കണമെന്ന് ആവശ്യവുമായി അന്താരാഷ്‌ട്ര കോടതിയെ സമീപിച്ച് ഒരു മലയാളി. രോഗം അനിയന്ത്രിതമായി തുടരുകയും മരണനിരക്ക് കുത്തനെ ഉയരുകയും ചെയ്യുന്നതുകൊണ്ടാണ് മലയാളിയായ എസ്.പി നമ്പൂതിരി കോടതിയെ സമീപിച്ചത്.

സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ വിൽസ് മാത്യൂസാണ് എസ്.പി നമ്പൂതിരിയുടെ അഭിഭാഷകൻ. നല്ല ചികിത്സയെന്നത് നികുതി നൽകുന്നയാളുടെ അവകാശമാണ്. പൗരൻ ആരോഗ്യത്തോടെയിരിക്കുക എന്നത് ഭരിക്കുന്നവരുടെ ഉത്തരവാദിത്വമാണെന്നും അതുകൊണ്ടാണ് താൻ കോടതിയെ സമീപിച്ചതെന്നും എസ്.പി നമ്പൂതിരി പറഞ്ഞു.

തിരുവിതാംകൂറിൽ രാജഭരണകാലത്ത് വസൂരി പടർന്നുപിടിച്ചപ്പോൾ ചികിത്സ സൗജന്യമാക്കിയിരുന്നു. ഇപ്പോൾ കൊവിഡിന് വാക്‌സിൻ മാത്രമാണ് പ്രതിവിധി. കൊവിഡ് മൂലം പുറത്തിറങ്ങാനാകാതെ ജനങ്ങൾ വരുമാന നഷ്‌ടം കൊണ്ട് വിഷമിക്കുമ്പോൾ സൗജന്യ ചികിത്സ തന്നെ വേണമെന്നാണ് എസ്.പി നമ്പൂതിരിയുടെ വാദം.