air-india

 ശക്തമായി നേരിടാൻ കേന്ദ്രം

ന്യൂഡൽഹി: മുൻകൂർ നികുതിക്കേസിൽ ഇന്ത്യയ്ക്കെതിരെ വിജയം നേടിയ ബ്രിട്ടീഷ് കമ്പനി കെയിൻ എനർജി, നഷ്‌ടപരിഹാരം നേടിയെടുക്കുന്നതിന്റെ ഭാഗമായി എയർ ഇന്ത്യയ്ക്കെതിരെ അമേരിക്കൻ കോടതിയിൽ ഹർജി നൽകി. കെയിനിന് ഇന്ത്യ 120 കോടി ഡോളർ (ഏകദേശം 8,800 കോടി രൂപ) നഷ്‌ടപരിഹാരം നൽകണമെന്ന് കഴിഞ്ഞ ഡിസംബറിൽ നെതർലൻഡ്‌സിലെ ഹേഗിലുള്ള പാർലമെന്റ് കോർട്ട് ഒഫ് ആർബിട്രേഷനിലെ മൂന്നംഗ ട്രൈബ്യൂണൽ വിധിച്ചിരുന്നു.

നഷ്‌ടപരിഹാരം നൽകാൻ ഇന്ത്യ തയ്യാറാകുന്നില്ലെന്ന് കാട്ടി അമേരിക്ക, ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, സിംഗപ്പൂർ, നെതർലൻഡ്‌സ്, ജപ്പാൻ, യു.എ.ഇ., കേമാൻ ഐലൻഡ്സ് രാജ്യങ്ങളിലെ കോടതികളെ സമീപിച്ച് ഇന്ത്യൻ ആസ്‌തികൾ കണ്ടുകെട്ടാനുള്ള അപേക്ഷയും കെയിൻ നൽകിയിരുന്നു. ബാങ്ക് അക്കൗണ്ടുകൾ, വിമാനങ്ങൾ, കപ്പലുകൾ, മറ്റ് ആസ്‌തികൾ തുടങ്ങിയവ കണ്ടുകെട്ടുകയായിരുന്നു ലക്ഷ്യം. എന്നാൽ, ഇതിനിടെ ഇന്ത്യ ഹേഗിലെ കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി.

ഇതിനു പിന്നാലെയാണ്, എയർ ഇന്ത്യയ്ക്കെതിരെ അമേരിക്കയിൽ കെയിൻ ഹർജി നൽകിയത്. ഇതു കോടതി അംഗീകരിച്ചാൽ അമേരിക്കയിൽ ലാൻഡ് ചെയ്യുന്ന എയർ ഇന്ത്യ വിമാനം കെയിനിന് കണ്ടുകെട്ടാം. അമേരിക്കൻ കോടതിയിൽ നിന്ന് നോട്ടീസ് ലഭിച്ചാൽ ശക്തമായി നേരിടാനാണ് കേന്ദ്ര തീരുമാനം. കേന്ദ്ര മന്ത്രിതല സമിതി ഇതിനായി നിയമവിദഗ്ദ്ധരുമായി ചർച്ച തുടങ്ങിയിട്ടുണ്ട്. പുനഃപരിശോധനാ ഹർജി പരിഗണിക്കുമ്പോഴും വിധി അനുകൂലമാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

കേസ് ഇങ്ങനെ

2006-07ൽ ആഭ്യന്തര പുനഃസംഘടനയുടെ ഭാഗമായി കെയിൻ ഇന്ത്യ ഹോൾഡിംഗ്‌സ് കമ്പനിയുടെ ഓഹരികൾ മാതൃകമ്പനിയായ കെയിൻ യു.കെ., കെയിൻ ഇന്ത്യ കമ്പനിക്ക് കൈമാറിയിരുന്നു. ഇതിലൂടെ കെയിൻ യു.കെ സാമ്പത്തികലാഭം നേടിയെന്ന് കണ്ടെത്തിയ ഇന്ത്യൻ ആദായനികുതി വകുപ്പ് 25,000 കോടി രൂപയുടെ റെട്രോ ടാക്‌സ് (മുൻകാല പ്രാബല്യത്തോടെയുള്ള നികുതി) ആവശ്യപ്പെട്ടു.

ഇതിനെതിരെ ഇന്ത്യയിലെ കോടതികളെ കെയിൻ സമീപിച്ചെങ്കിലും തോറ്റു. തുടർന്നാണ് കേസ് അന്താരാഷ്‌ട്ര കോടതികളിലേക്ക് നീണ്ടത്. ഇന്ത്യയുടെ നടപടി ബ്രിട്ടനുമായുള്ള ഉഭയകക്ഷി കരാറിന്റെ ലംഘനമാണെന്ന് കാട്ടിയാണ് നെതർലൻഡ്സ് കോടതി കെയിനിന് അനുകൂലമായി വിധിച്ചത്.

എയർ ഇന്ത്യയ്ക്ക് തിരിച്ചടി

സ്വകാര്യവത്കരണത്തിനുള്ള ചിറകുവിരിച്ച എയർ ഇന്ത്യയ്ക്ക് തിരിച്ചടിയാണ് അമേരിക്കയിലെ ഹർജി. ടാറ്റാ ഗ്രൂപ്പും സ്‌പൈസ് ജെറ്റിന്റെ സ്ഥാപകൻ അജയ് സിംഗുമാണ് എയർഇന്ത്യയ്ക്കായി സജീവമായി രംഗത്തുള്ളത്. ഹർജിയിൽ തിരിച്ചടിയുണ്ടായാൽ ഓഹരി വില്പനയെ അത് പ്രതികൂലമായി ബാധിച്ചേക്കും.