തിരുവനന്തപുരം: സേവാഭാരതിയ്‌ക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി കോർപറേഷൻ കൗൺസിലർ. കൊവിഡ് രോഗിയെ ആശുപത്രിയിലെത്തിക്കാൻ തക്കസമയത്ത് എത്തിയ സംഭവം സൂചിപ്പിച്ചാണ് തിരുവനന്തപുരം കോർപറേഷൻ കൗൺസിലറും ബിജെപി അംഗവുമായ സുമി ബാലു ഫേസ്‌ബുക്കിൽ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
രാഷ്ട്രീയ തിമിരം ബാധിച്ചവർക്ക് സേവാഭാരതി എന്ന പേര് വല്ലാതെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. എന്നാൽ സഹായം അഭ്യർത്ഥിക്കുന്ന, സഹായം അർഹിക്കുന്ന മനുഷ്യ ജീവനെയാണ് സേവാഭാരതി കാണുന്നത് എന്നാണ് സുമി ബാലു കുറിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം ചുവടെ:
മാനവ സേവ മാധവ സേവ : സമയം രാവിലെ 4 മണി. തൊഴുവൻകോട് ഭാഗത്ത് നിന്നും എനിക്കും ആശ വർക്കർ ശ്രീമതി ഉമയ്ക്കും ഫോൺ കോളുകൾ വന്നു. വീട്ടിൽ കഴിയുന്ന ഒരു കോവിഡ് രോഗി അബോധാവസ്ഥയിൽ കിടക്കുന്നു എന്ന്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ VKP നഗറിൽ നിന്നും വന്ന കോളിന്റെ ദുരനുഭവം മനസ്സിൽ വച്ച് കൊണ്ട് ഞങ്ങൾ അവിടെ എത്തി. റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹി ശ്രീ പ്രേമാനന്ദ് ചേട്ടനും ഞങ്ങൾ വിവരം അറിയിച്ചതനുസരിച്ചു അപ്പോഴേക്കും അവിടേക്കെത്തിയിരുന്നു. അപ്പോൾ തന്നെ ശ്രീമതി ഉമ വിവരം അറിയിച്ചതനുസരിച്ച് ശ്രീ അരുൺ സേവാഭാരതിയുടെ ആംബുലൻസുമായി എത്തി കഴിഞ്ഞിരുന്നു. ഭാഗ്യവശാൽ രോഗിക്കു ബോധം വരികയും ആംബുലൻസിൽ കോവിഡ് ഹോസ്പിറ്റലിലേക്ക് പോവുകയും ചെയ്തു.
ഈ പോസ്റ്റിടുവാൻ മറ്റൊരു കാരണം കൂടി ഉണ്ട്. സേവ ഭാരതി എന്ന സംഘടനയും, അതിനു നേതൃത്വം കൊടുക്കുന്ന സാധാരണ പ്രവർത്തകരും, ഓരോ ദുരന്ത മുഖത്തും നിസ്വാർത്ഥം പ്രവർത്തിക്കുന്നത് നമുക്ക് സുപരിചിതമാണ്. തിരിച്ചു അവർ ഒന്നും പ്രതീക്ഷിക്കുന്നുമില്ല. പക്ഷേ ഈ പേര് കാണുന്നത് ചില രാഷ്ട്രീയ തിമിരം ബാധിച്ചവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. അരോടു ഒന്നേ പറയാനുള്ളു മാനവ സേവ മാധവ സേവ എന്ന ആപ്ത വാക്യം മുൻ നിർത്തി പ്രവർത്തിക്കുന്ന സേവാഭാരതിയുടെ കാവി നിറമായിരിക്കും നിങ്ങൾ കാണുന്നത്, പക്ഷേ അവർ നിങ്ങളിൽ കാണുന്നത് സഹായം അഭ്യർത്ഥിക്കുന്ന, സഹായം അർഹിക്കുന്ന മനുഷ്യ ജീവനെയാണ്.