തിരുപ്പത്തൂർ: ട്രാക്ടറിൽ ഇരുന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇരുപതുകാരൻ കിണറ്റിൽ വീണ് മരിച്ചു. തിരുപ്പത്തൂർ ജില്ലയിലെ വാണിയമ്പാടി ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. കെ. സഞ്ചീവ് എന്ന യുവാവ് ട്രാക്ടറിനോടൊപ്പം 120 അടി താഴ്ചയുളള കിണറ്റിലേക്ക് വീഴുകയായിരുന്നു.
സഞ്ചീവ് ആദ്യം തന്റെ വീടിന് സമീപത്തെ പാടത്തെ ട്രാക്ടറിന് മുകളിൽ കയറി സെൽഫിയെടുക്കുകയും ആ ചിത്രം ഫോണിന്റെ ഡിസ്‌പ്ലേ പിക്ചർ ആക്കുകയും ചെയ്തിരുന്നു. എന്നാൽ ചിത്രം കണ്ട സുഹൃത്തുക്കൾ അഭിനന്ദിച്ചതോടെ കൂടുതൽ സെൽഫി എടുക്കാൻ തീരുമാനിക്കുകയായിരുന്നു.
പിന്നാലെ ട്രാക്ടർ സ്റ്റാർട്ട് ആക്കി ചിത്രങ്ങൾ പകർത്തുന്നതിനിടെ പിന്നോട്ടുനീങ്ങിയ വാഹനം കിണറ്റിലേക്ക് വീഴുകയായിരുന്നുവെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കിണറ്റിൽ 35 അടിയോളം വെള്ളമുണ്ടായിരുന്നു.
സംഭവം അറിഞ്ഞ കർഷകർ പൊലീസിനെയും അഗ്‌നിശമനസേനയെയും വിവരമറിയിച്ചു. നാലു മണിക്കൂർ നീണ്ട പരിശ്രമത്തിൽ വെള്ളം വറ്റിച്ച ശേഷമാണ് കിണറ്റിൽ നിന്ന് യുവാവിന്റെ മൃതദേഹവും ട്രാക്ടറും പുറത്തെടുത്തത്. കാറ്ററിംഗ് കോഴ്സ് പൂർത്തിയാക്കിയ സഞ്ചീവ് ചെന്നെെയിലെ ഒരു സ്ഥാപനത്തിൽ ജോലി നോക്കുകയായിരുന്നു.