ശബരിമല വിഷയം ഉപയോഗിച്ചുകൊണ്ട് വോട്ട് നേടാൻ ശ്രമിച്ചാൽ അതുകൊണ്ട് ഫലമുണ്ടാകില്ലെന്ന് സാമൂഹിക നിരീക്ഷനും നടി കനി കുസൃതിയുടെ അച്ഛനുമായ മൈത്രേയൻ. ബിജെപി നേതാക്കളെ ഉദ്ദേശിച്ചുകൊണ്ടാണ് ഒരു യൂട്യൂബ് ചാനലിനോട് അദ്ദേഹം ഈ അഭിപ്രായം പറഞ്ഞത്. മനുഷ്യരെ വിശ്വാസത്തിന്റെ പേരിൽ വികാരപരമായി മുതലെടുക്കുക എന്നത് സാധ്യമല്ലെന്നും അറിവ് നേടുന്തോറും മനുഷ്യന് ആരാധനാലയങ്ങളുടെ ആവശ്യമില്ലാതായി വരുമെന്നും മൈത്രേയൻ പറയുന്നു.
വിവിധ മതവിശ്വാസങ്ങളെ കുറിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കാത്തത് അത് മനുഷ്യന് ആവശ്യമില്ലാത്തതായതുകൊണ്ടാണെന്നും അദ്ദേഹം പറയുന്നു. മനുഷ്യന് സാമൂഹിക സുരക്ഷിതത്വം നൽകുന്ന സംവിധാനങ്ങൾ ഇല്ലാത്തതുകൊണ്ടാണ് വിവിധ മതവിശ്വാസങ്ങൾ നിലനിൽക്കുന്നതെന്നും പൂർണമായ സാമൂഹിക സുരക്ഷിതത്വം ഉണ്ടായിവരികയാണെങ്കിൽ ഈ മതവിശ്വാസം ഇല്ലാതാകുമെന്നും മൈത്രേയൻ അഭിപ്രായപ്പെടുന്നു.
ഈ ചിന്തയ്ക്ക് വിരുദ്ധമായി എന്തോ മഹത്തായ കാര്യത്തിനാണെന്ന് പറഞ്ഞുകൊണ്ട് അഭിനയിക്കുകയാണെങ്കിൽ ആളുകൾ അതിനെ അഭിനയമായി തന്നെ ആളുകൾ കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് മൈത്രേയൻ ഇക്കാര്യം പറഞ്ഞത്.
സുരേഷ് ഗോപിയുടേത് അഭിനയമാണെന്ന് ജനങ്ങൾക്ക് മാസിലായിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന് അഭിനയിക്കാനും അറിയില്ല എന്ന് തനിക്ക് പറയേണ്ടി വരുമെന്നും മൈത്രേയൻ പരിഹസിക്കുന്നു. ആരാധനാലയങ്ങൾ വർഷങ്ങളായി ആളുകൾ സാമൂഹികപരമായും സാമ്പത്തികപരമായും മറ്റും ഒത്തുകൂടുന്ന സ്ഥലങ്ങളാണെന്നും വിശ്വാസത്തിന്റെ ബലത്തിലല്ല അവ നിലനിൽക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ആൾക്കാരുടെ ജീവിതചര്യയുമായും ജീവിതാവശ്യങ്ങളുമായും ബന്ധപ്പെട്ടുകൂടിയാണ് അവ നിലനിൽക്കുന്നതെന്നും മൈത്രേയൻ പറഞ്ഞു. ആരാധനാലയങ്ങളെന്ന സംവിധാനങ്ങൾക്ക് പകരം സാമൂഹികസുരക്ഷ ഉറപ്പാക്കുന്ന, ജീവിതനിലവാരം ഉറപ്പാക്കുന്ന സംവിധാനങ്ങൾ ഇനിയും ആവശ്യത്തിന് എത്തിയിട്ടില്ല എന്നുള്ളതാണ് നിലവിലെ പ്രശ്നം.
യഥാർത്ഥ അറിവിന്റെ ലോകത്ത് വിശ്വാസങ്ങൾക്ക് സ്ഥാനമില്ല. അതുകൊണ്ടാണ് വിശ്വാസങ്ങളെ പൊലിപ്പിച്ചുകാട്ടികൊണ്ട്, തിരഞ്ഞെടുപ്പിൽ ജയിക്കാൻ ശ്രമിച്ചതുകൊണ്ടാണ് ചില ആളുകൾ തോറ്റുപോകുന്നത്. ആശ്വാസത്തിന്റെ യുക്തിക്കകത്ത് മാത്രമാണ് വിശ്വാസങ്ങൾ നിലനിൽക്കുന്നത് എന്നറിയുന്ന ഒരു സമൂഹമായി നാം മാറിക്കഴിഞ്ഞിട്ടുണ്ട്.
ഭാവപ്രകടനങ്ങൾ കൊണ്ട് വോട്ട് കിട്ടുമെന്ന് കരുതുന്നവരുണ്ടെങ്കിൽ അങ്ങനെ അത് ലഭിക്കില്ലെന്ന് പഠിക്കുക കൂടി ചെയ്യുക. മൈത്രേയൻ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരുന്ന വേളയിൽ, ശബരിമല വിഷയം സംബന്ധിച്ച ഒരു ചോദ്യം വന്നപ്പോൾ തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി കൂടിയായ സുരേഷ്‌ഗോപി ഒരു മാദ്ധ്യമപ്രവർത്തകനോട് കയർത്തു സംസാരിച്ചതിന്റെ വീഡിയോ, സോഷ്യൽ മീഡിയ വഴിയും മറ്റുമായി വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു.