കറാച്ചി: പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണവുമായി മുൻ ക്യാപ്ടൻ ശുഹൈബ് മാലിക്ക്. സ്വജനപക്ഷപാതമാണ് പാക് ക്രിക്കറ്റിൽ അരങ്ങേറുന്നതെന്നും ഉന്നതരുമായി ബന്ധമുണ്ടെങ്കിലേ ദേശീയ ടീമിൽ ഇടം നേടാനാകൂവെന്നും മാലിക്ക് തുറന്നടിച്ചു.
സിംബാബ്വെ പര്യടനത്തിനുള്ള ടീമിലേക്ക് ക്യാപ്ടൻ ബാബർ അസം നിർദ്ദേശിച്ച താരങ്ങളെ ഉൾപ്പെടുത്താതിരുന്ന പാക് ക്രിക്കറ്റ് ബോർഡിന്റെ നടപടി വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് രൂക്ഷ വിമർശനവുമായി മാലിക്ക് രംഗത്തെത്തിയത്. ഇഷ്ടക്കാരെ തിരുകിക്കയറ്റാതെ മികച്ച പ്രകടനം നടത്തുന്നവരെ ടീമിലെടുക്കണമെന്നും അദ്ദേഹം തുറന്നടിച്ചു.
അസം മികച്ച ചില താരങ്ങളെ ടീമിലേക്ക് പരിഗണിക്കാൻ പറഞ്ഞിരുന്നു എന്നാൽ അതെല്ലാം പാക് ക്രിക്കറ്റ് ബോർഡ് തള്ളിക്കളയുകയായിരുന്നു. എല്ലാവർക്കും ഓരോ താത്പര്യങ്ങൾ കാണും. എന്നാൽ ക്യാപ്ടന്റെ വാക്കുകൾ അന്തിമമായി പരിഗണിക്കണം. കാരണം ഗ്രൗണ്ടിലിറങ്ങുന്നത് ക്യാപ്ടനും ടീമുമാണ് - മാലിക്ക് പറഞ്ഞു.