pinarayi-vijayan

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ചടങ്ങിലെ ജനപങ്കാളിത്തം കുറച്ചേക്കും. 750 പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കൂടുതലാളുകളെ ചടങ്ങിൽ പങ്കെടുപ്പിക്കുന്നതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആളുകളുടെ എണ്ണം കുറയ്ക്കുന്നതിനെക്കുറിച്ച് സി പി എം ആലോചിക്കുന്നത്. ഇടതുമുന്നണി ചർച്ച ചെയ്ത ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.


ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ അറിയിച്ചിരുന്നു. അതേസമയം സെൻട്രൽ സ്റ്റേഡിയത്തിൽ പന്തലിന്റെ ജോലികൾ പുരോഗമിക്കുകയാണ്. മന്ത്രിമാരും അടുത്ത ബന്ധുക്കളും, എം.എല്‍.എമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.

രണ്ട് വാക്സിനേഷന്‍ എടുത്തു എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റോ, കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ചടങ്ങിനെത്തുന്നവര്‍ കൈയിൽ കരുതണം. മേയ് 20 നാണ് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ. ചടങ്ങ് വെര്‍ച്വൽ പ്ലാറ്റ്ഫോമിൽ നടത്തി പിണറായി സര്‍ക്കാര്‍ കൊവിഡ് കാലത്ത് മാതൃകയാകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.