saumya-santhosh

ഇടുക്കി: ഇസ്രയേലിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിനിടെയായിരുന്നു മലയാളി നഴ്‌സ് സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്. സൗമ്യ താമസിച്ച വീടിന് മുകളിൽ റോക്കറ്റ് പതിക്കുകയായിരുന്നു. സൗമ്യയുടെ മരണത്തിന് പിന്നാലെ അവരുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ഇസ്രയേൽ എംബസി അറിയിച്ചിരുന്നു.

'കുടുംബത്തെ ഇസ്രയേലി അധികൃതർ സംരക്ഷിക്കും. ഒരു അമ്മയുടെയും ഭാര്യയുടെയും നഷ്ടത്തിന് ഒന്നും പകരമാകില്ലെങ്കിലും...'എന്നായിരുന്നു ഇസ്രയേല്‍ എംബസിയുടെ ഇന്ത്യയിലെ ഉപസ്ഥാനപതി റോണി യദീദിയ ക്ലീന്‍ അറിയിച്ചത്. ഇസ്രയേൽ അധികൃതർ അന്ന് പറഞ്ഞത് വെറുവാക്കായിരുന്നില്ല. അവരുടെ കരുതൽ സൗമ്യയ്ക്കും കുടുംബത്തിനുമൊപ്പം തന്നെ ഉണ്ട്. ഓരോ പ്രവൃത്തിയിലൂടെയും അവരത് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.


ഇന്നലെ രാവിലെയായിരുന്നു സൗമ്യയുടെ മൃതദേഹം ഡൽഹിയിലെത്തിച്ചത്. ഇസ്രയേലിൽ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് മൃതദേഹമെത്തിയത്. ആദരാഞ്ജലി അർപ്പിക്കാൻ റോണി യദീദിയ ക്ലീനും വിമാനത്താവളത്തിൽ എത്തിയിരുന്നു.

ഇന്നലെ രാത്രിയോടെ മൃതദേഹം ഇടുക്കി കീരിത്തോട്ടിലെ വീട്ടിൽ എത്തിച്ചിരുന്നു. കോൺസൽ ജനറൽ ജോനാഥൻ സഡ്ക്കാ ഇവിടെയെത്തി അനുശോചനം അറിയിച്ചു.അവൾ ഞങ്ങൾക്കൊരു മാലാഖയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.സൗമ്യ തീവ്രവാദത്തിന് ഇരയാണെന്നും, ഇസ്രയേൽ സർക്കാർ കുടുംബത്തെ സഹായിക്കുമെന്നും കോൺസൽ ജനറൽ ഉറപ്പ് നൽകി. ഇന്ന് ഉച്ചതിരിഞ്ഞ് ഇടുക്കി കീരിത്തോട് നിത്യസഹായമാതാ പള്ളിയിൽ വച്ചായിരിക്കും സംസ്കാരം.

ബുധനാഴ്ചയാണ് ഗാസയില്‍ നിന്നുള്ള ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ സൗമ്യ കൊല്ലപ്പെട്ടത്. സൗമ്യ കെയര്‍ ടേക്കറായി ജോലിചെയ്യുന്ന ഇസ്രായേലിലെ അഷ്‌കെലോണ്‍ നഗരത്തിലെ വീടിനു മുകളില്‍ റോക്കറ്റ് പതിക്കുകയായിരുന്നു.