benyamin

തിരുവനന്തപുരം: പാലസ്തീനെ പിന്തുണച്ച് എഴുത്തുകാരൻ ബെന്യാമിൻ. സന്ദേഹങ്ങൾക്ക് ഇടയില്ലാത്തവിധം താൻ പാലസ്തീൻ ജനതയ്ക്ക് ഒപ്പമാണ്. ശ്രീലങ്കയിൽ തമിഴർക്കും മ്യാൻമാറിൽ രോഹിങ്ക്യകൾക്കും തിബത്തിൽ ബുദ്ധന്മാർക്കും കാശ്മീരിൽ പണ്ഡിറ്റുകൾക്കുമാണ് തന്റെ പിന്തുണ. ജാതി മത വംശ രാഷ്ട്രീയത്തിനു അതീതമായി നിസഹായകരായ സാധാരണ മനുഷ്യർക്കൊപ്പമാണ് താനെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

വേട്ടയാടപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും പലായനം ചെയ്യാൻ വിധിക്കപ്പെടുകയും ചെയ്യുന്ന ജനങ്ങൾക്കൊപ്പമാണ്. തുർക്കിയിൽ കുർദുകൾക്കും ഇറാഖിൽ യസീദികൾക്കും സിറിയയിൽ ക്രിസ്ത്യാനികൾക്കും രണ്ടാം ലോക മഹായുദ്ധത്തിനു മുൻപുള്ള ജർമനിയിലെ/യൂറോപ്പിലെ ജൂതന്മാർക്കൊപ്പമാണ് താനെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഫലസ്തീൻ വിഷയത്തിൽ നിങ്ങൾക്ക് അഭിപ്രായം ഒന്നും ഇല്ലേ?

ഉണ്ടല്ലോ. ലോകരാഷ്ട്രീയം വായിച്ചു മനസിലാക്കി തുടങ്ങിയ കാലം മുതൽ ഇതേ വിഷയത്തിലും എന്റെ അഭിപ്രായം പറഞ്ഞു കൊണ്ടേ ഇരിക്കുന്നു. അത് ഓരോ തവണയും പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ ആവർത്തിക്കേണ്ടതില്ല. അന്ന് നിങ്ങളത് കേട്ടോ ഇല്ലയോ എന്നത് എന്റെ പ്രശ്നം അല്ല.

എന്നാലും ഒരു പ്രാവശ്യം കൂടി പറയാം. സന്ദേഹങ്ങൾക്ക് ഇടയില്ലാത്തവിധം അത് ഫലസ്തീൻ ജനതയ്ക്ക് ഒപ്പം ആണ്. എന്നു പറഞ്ഞാൽ വേട്ടയാടപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും പലായനം ചെയ്യാൻ വിധിക്കപ്പെടുകയും ചെയ്യുന്ന ജനങ്ങൾക്കൊപ്പം.

ശ്രീലങ്കയിൽ ഞാൻ തമിഴർക്കൊപ്പം ആണ്. മ്യാൻമാറിൽ രോഹിങ്ക്യകൾക്കൊപ്പം. തിബത്തിൽ ബുദ്ധന്മാർക്കൊപ്പം. കാശ്മീരിൽ പണ്ഡിറ്റുകൾക്കൊപ്പം. തുർക്കിയിൽ കുർദുകൾക്കൊപ്പം. ഇറാഖിൽ യസിദികൾക്കൊപ്പം. സിറിയയിൽ ക്രിസ്ത്യാനികൾക്കൊപ്പം. രണ്ടാം ലോക മഹായുദ്ധത്തിനു മുൻപുള്ള ജർമനിയിലെ / യൂറോപ്പിലെ ജൂതന്മാർക്കൊപ്പം.

ഒരിക്കൽ കൂടി പറയുന്നു. ജാതി മത വംശ രാഷ്ട്രീയത്തിനു അതിതമായി നിസ്സഹായകരായ സാധാരണ മനുഷ്യർക്കൊപ്പം. 1f60d