കൊച്ചി: ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചെങ്കിലും അവശ്യസർവീസ് എന്ന നിലയിൽ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ഔഷധി തുറന്നുപ്രവർത്തിക്കുകയാണെന്ന് മാനേജിംഗ് ഡയറക്‌ടർ വ്യക്തമാക്കി. ആയുർവേദ മരുന്നു നിർമ്മാണശാലകൾക്ക് ലോക്ക്ഡൗണിൽ പ്രവർത്തിക്കാൻ ഇളവുണ്ട്. കഴിഞ്ഞവർഷത്തെ ലോക്ക്ഡൗണിലും ഔഷധി പ്രവർത്തിച്ചിരുന്നു. 'ബ്രേക്ക് ദ ചെയിൻ" ചട്ടങ്ങൾ പാലിച്ചും ജീവനക്കാർക്ക് തിരിച്ചറിയൽ രേഖകൾ നൽകിയുമാണ് പ്രവർത്തനം.
ഭാരതീയ ചികിത്സാ വകുപ്പിൽ നിന്ന് കൊവിഡ് രോഗപ്രതിരോധ മരുന്നുകളുടെ ഓർഡറുകൾ, സമയബദ്ധിതമായി നിർമ്മിച്ച് വിതരണം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ജീവനക്കാരെ പ്രത്യേക വാഹനങ്ങൾ ഏർപ്പെടുത്തിയാണ് കുട്ടനെല്ലൂരിലെ ഫാക്‌ടറിയിൽ എത്തിക്കുന്നത്. പകൽ, രാത്രി ഷിഫ്‌റ്റുകളിലാണ് മരുന്നു നിർമ്മാണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഓർഡർ നൽകിയ സർക്കാർ ആയുർവേദ ആശുപത്രികൾ, സംസ്ഥാനത്തെ 900ഓളം ഔഷധി ഡീലർമാർ എന്നിവർക്കും മരുന്ന് ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
തൃശൂരിലെ ഔഷധി പഞ്ചകർമ്മ ആശുപത്രി ആൻഡ് റിസർച്ച് സെന്റർ, പത്തനാപുരത്തെയും പരിയാരത്തെയും ഔഷധി സബ് സെന്ററുകൾ, തിരുവനന്തപുരം മുട്ടത്തറയിലെ പ്രൊഡക്‌ഷൻ യൂണിറ്റ് എന്നിവയും തുറന്നു പ്രവർത്തിക്കുന്നുണ്ടെന്ന് മാനേജിംഗ് ഡയറക്‌ടർ പറഞ്ഞു.