വിമൽ കുമാർ, വി.ദിജു,സനാവേ തോമസ് തുടങ്ങിവരെ വാർത്തെടുത്ത പരിശീലകൻ
തിരുവനന്തപുരം: കേരളത്തിൽ നിന്ന് നിരവധി അന്താരാഷ്ട്ര ബാഡ്മിന്റൺ താരങ്ങളെ വാർത്തെടുത്ത പരിശീലകൻ എസ്.ബാലചന്ദ്രൻ(69) അന്തരിച്ചു. തിരുവനന്തപുരം ആനയറയിലെ വീട്ടിലായിരുന്നു അന്ത്യം. കൊവിഡ് ബാധിതനായിരുന്നു.
ഒരു ദശകത്തോളം ഇന്ത്യൻ ബാഡ്മിന്റൺ ടീമിന്റെ പരിശീലകനായിരുന്നു.നിരവധി ഇന്റർനാഷണൽ ടൂർണമെന്റുകളിൽ ടീമിനെ അനുഗമിച്ചിട്ടുണ്ട്. സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ തൃശൂർ സെന്ററിൽ കോച്ചായിരുന്ന ബാലചന്ദ്രൻ നായരുടെ ശിക്ഷണത്തിലാണ് ദേശീയ താരങ്ങളായ യു.വിമൽകുമാർ, ഒളിമ്പ്യൻ വി.ദിജു, സനേവ് തോമസ്, തോമസ് കുര്യൻ.ഫാത്തിമ നസീൻ,അയ്യപ്പൻ കൃഷ്ണൻ തുടങ്ങിയവർ വളർന്നുവന്നത്.
തിരുവനന്തപുരം ജി.വി രാജ സ്കൂളിൽ ബാഡ്മിന്റൺ കോച്ചായാണ് കരിയർ ആരംഭിച്ചത്. തുടർന്ന് ഛണ്ഡിഗഡിലും ചിക്കമംഗലുരുവിലും പരിശീലകനായിപ്പോയ ശേഷം ബെംഗളുരു സായ് സെന്ററിലെത്തി.തൃശൂർ സായ് ആരംഭിക്കുന്നതിൽ പ്രധാനപങ്കുവഹിച്ചു.2011ൽ കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ നിന്നാണ് വിരമിച്ചത്. വത്സലയാണ് ഭാര്യ. രണ്ട് പെൺമക്കളാണ്, പ്രിയയും മുൻ സംസ്ഥാന ബാഡ്മിന്റൺ താരമായ പ്രിജയും.
ബാലചന്ദ്രൻ നായരുടെ നിര്യാണത്തിൽ സംസ്ഥാന ബാഡ്മിന്റൺ അസോസിയേഷൻ അനുശോചിച്ചു. നിരവധി ദേശീയ താരങ്ങളെ വളർത്തിയെടുത്ത പരിശീലകനാണെങ്കിലും അർഹതപ്പെട്ട അംഗീകാരം അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. മൂന്ന് തവണ ദ്രോണാചാര്യ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
പരിശീലനത്തിൽ അച്ചടക്കത്തിന് വലിയ പ്രാധാന്യം നൽകിയിരുന്ന പരിശീലകനായിരുന്നു ബാലചന്ദ്രൻ നായരെന്ന് ഒളിമ്പ്യൻ ദിജു അനുസ്മരിച്ചു. അടിസ്ഥാന പാഠങ്ങൾ പകർന്നുകൊടുക്കുന്നതിൽ അഗ്രഗണ്യനായിരുന്നു അദ്ദേഹം. അച്ചടക്കത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമായിരുന്നില്ല. കളിക്കാരുടെ ബന്ധുക്കളെ പരിശീലനസമയത്ത് അടുപ്പിച്ചിരുന്നില്ല. പരിശീലസമയത്ത് ഫോണുപയോഗിക്കുന്നതും കർശനമായി വിലക്കിയിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് താൻ അർജുന അവാർഡ് ഏറ്റുവാങ്ങിയതെന്നും ദിജു പറഞ്ഞു.