മാഡ്രിഡ്: ഈ സീസൺ ലാ ലിഗയ്ക്ക് ശേഷം സിനദിൻ സിദാൻ സ്പാനിഷ് സൂപ്പർ ക്ളബ് റയൽ മാഡ്രിഡിന്റെ പരിശീലകസ്ഥാനം ഒഴിയുമെന്ന് റിപ്പോർട്ടുകൾ. സെവിയ്യക്കെതിരെ കഴിഞ്ഞ ദിവസം 2-2ന് സമനില വഴങ്ങിയതിന് ശേഷമുള്ള ടീം മീറ്റിംഗിൽ സിദാൻ ക്ളബ് വിടുന്ന കാര്യം കളിക്കാരെ അറിയിച്ചെന്നാണ് സൂചനകൾ.
മൂന്ന് തവണ റയലിനെ ചാമ്പ്യൻസ് ലീഗിൽ ജേതാക്കളാക്കിയ സിദാൻ 2018-ൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിന് പിന്നാലെ പരിശീലകസ്ഥാനം ഒഴിഞ്ഞിരുന്നു. എന്നാൽ ആരാധകരുടെയും ക്ളബ് മാനേജ്മെന്റിന്റെയും നിരന്തരമായ അഭ്യർത്ഥനകൾ കാരണം അധികം വൈകാതെ തിരിച്ചെത്തി. നിലവിലെ ലാ ലിഗ ചാമ്പ്യന്മാരാണ് റയൽ . എന്നാൽ ഈ സീസണിൽ കിരീടം നിലനിറുത്തുക അത്ര എളുപ്പമല്ല.രണ്ട് മത്സരങ്ങൾ മാത്രം ശേഷിക്കേ അത്‌ലറ്റിക്കോ മാഡ്രിഡിന് രണ്ട് പോയിന്റ് പിന്നിൽ രണ്ടാം സ്ഥാനത്താണ് റയൽ. അത്‌ലറ്റിക് ക്ലബ്ബുമായും വിയ്യാറയലുമായാണ് റയലിന് ശേഷിക്കുന്ന മത്സരങ്ങൾ. റയൽ പരിശീലകനായി സിദാന്റെ അവസാന രണ്ട് മത്സരങ്ങളാകും ഇവ.
11 കിരീടങ്ങൾ
റയലിന്റെ മുൻ താരം കൂടിയായ സിദാന്റെ പരിശീലനത്തിന് കീഴിൽ ക്ളബ് 11 കിരീടങ്ങളാണ് നേടിയത്. 2016 സീസണിനിടെ റാഫേൽ ബെനിറ്റ്സിനെ മാറ്റിയപ്പോഴാണ് സിദാൻ ആദ്യമായി റയൽ സീനിയർ ടീമിന്റെ പരിശീലകനായത്. ആദ്യ സീസണിൽത്തന്നെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കി. തൊട്ടടുത്ത രണ്ട് സീസണുകളിലും ചാമ്പ്യൻസ് ലീഗ് കിരീടനേട്ടം ആവർത്തിച്ച് ഹാട്രിക് സ്വന്തമാക്കുന്ന ആദ്യ കോച്ചായി. കളിക്കാരനായും കോച്ചായും റയലിന് വേണ്ടി ചാമ്പ്യൻസ് ലീഗ് നേടിയ റെക്കാഡും സിദാന് സ്വന്തമാണ്. രണ്ട് തവണ ലാ ലിഗ കിരീടവും നേടിക്കൊടുത്തു.
പകരമാര്?
അടുത്ത സീസൺ മുതൽ സിദാന് പകരം ആര് റയലിലെത്തുമെന്ന ചർച്ചകളും തുടങ്ങിയിട്ടുണ്ട്. ക്ളബിന്റെ മുൻ സൂപ്പർ താരമായ റൗൾ ഗോൺസാൽവസിന്റെ പേരിനാണ് പ്രാമുഖ്യം.
എവിടേക്ക് പോകും?
റയൽ വിട്ട ശേഷം വിശ്രമിക്കുമോ അതോ പുതിയ ക്ളബിലേക്ക് നീങ്ങുമോ എന്നതാണ് മറ്റൊരു ചോദ്യം.2018ൽ റയലിൽ നിന്ന് ഒഴിഞ്ഞ ശേഷം വിശ്രമിക്കാനായിരുന്നു തീരുമാനം.എന്നാൽ പകരക്കാരായി എത്തിയ ലൊപ്റ്റേഗുയിക്കും സൊളാരിക്കും അടിതെറ്റിയതോടെ തിരിച്ചുവരേണ്ടിവന്നു. വിശ്രമം കഴിഞ്ഞാൽ ഇറ്റാലിയൻ ക്ളബ് യുവന്റസിലേക്ക് പോകുമെന്ന് അന്നേ ശ്രുതിയുണ്ടായിരുന്നു.ഇപ്പോഴും അതുയരുന്നുണ്ട്. യുവന്റസിൽ കളിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി വീണ്ടും ഒരുമിക്കാൻ സിദാന് ആഗ്രഹമുണ്ടെന്ന് അറിയുന്നു.മുൻ യുവന്സ് താരം കൂടിയാണ് സിദാൻ.
ഇക്കുറി സെരി എ കിരീടം നഷ്ടമാവുകയും ചാമ്പ്യൻസ് ലീഗ് ബർത്ത് തുലാസിലാവുകയും ചെയ്തിരിക്കുന്ന യുവന്റസ് തങ്ങളുടെ പരിശീലകസ്ഥാനത്തുനിന്ന് ആന്ദ്രേ പിർലോയെ മാറ്റാൻ ഇടയുണ്ട്.ചാമ്പ്യൻസ് ലീഗ് ബർത്ത് കിട്ടിയില്ലെങ്കിൽ ക്രിസ്റ്റ്യാനോ യുവന്റസ് വിടുമെന്ന സൂചനയുമുണ്ട്.