സിഡ്നി: ലോകക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ 2018ലെ 'പന്തുചുരണ്ടൽ' വിവാദം അതിലെ നായകരിലൊരാളായ ഓസീസ് താരം കാമറൂൺ ബാൻക്രോഫ്റ്റിന്റെ പുതിയ വെളിപ്പെടുത്തലിലൂടെ വീണ്ടും ചൂടുപിടിക്കുന്നു.
പന്തുചുരണ്ടുന്നതിനെപ്പറ്റി ഓസീസ് ടീമിലെ ബൗളർമാർക്കെല്ലാം അറിയാമായിരുന്നെന്നാണ് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ബാൻക്രോഫ്റ്റ് വെളിപ്പെടുത്തിയത്.
ഇതോടെ, സംഭവത്തെക്കുറിച്ച് പുനരന്വേഷണം നടത്താൻ ആസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചു. സംഭവത്തെ കുറിച്ച് ആർക്കെങ്കിലും കൂടുതൽ വിവരങ്ങൾ അറിയാമെങ്കിൽ മുന്നോട്ടുവരണമെന്നും ഭരണ സമിതിയെ ഇക്കാര്യം അറിയിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് ക്രിക്കറ്റ് ആസ്‌ട്രേലിയ.
2018-ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിനിടെയായിരുന്നു വിവാദ സംഭവം. ബാൻക്രോഫ്റ്റ് സാൻഡ് പേപ്പർ ഉപയോഗിച്ച് പന്തിന്റെ ഒരു ഭാഗം ചുരണ്ടുകയായിരുന്നു. സംഭവം ടി.വി. ക്യാമറയിൽ പതിഞ്ഞതിനാൽ കൈയോടെ പിടിക്കപ്പെട്ടു. പാന്റിനുള്ളിൽ ഒളിപ്പിച്ച സാൻഡ്‌പേപ്പർ കണ്ടെത്തി. സംഭവത്തില്‍ ക്യാപ്ടൻ സ്റ്റീവൻ സ്മിത്ത്, വൈസ് ക്യാപ്ടൻ ഡേവിഡ് വാർണർ, ബാൻക്രോഫ്റ്റ് എന്നിവർക്ക് വിലക്കുകിട്ടി. കോച്ച് ഡാരൻ ലേമാനും സ്ഥാനം നഷ്ടമായി.
സ്മിത്തും വാർണറും ഒരു വർഷത്തിനുശേഷം ടീമിൽ തിരിച്ചെത്തി. ബാൻക്രോഫ്റ്റ് ഇംഗ്ലീഷ് കൗണ്ടി ടീം ഡർഹാമിനായി കളിക്കുകയാണ്.
ബാൻക്രോഫ്റ്റ് പറഞ്ഞത്
''ഞാൻ ബൗളർമാർക്കുവേണ്ടിയാണ് ആ സാഹസം ചെയ്തത്. സ്വാഭാവികമായും അവർക്കെല്ലാം അതേക്കുറിച്ച് അറിയാമായിരുന്നു. അങ്ങനെയൊരു ദൗത്യം ഏറ്റെടുക്കുമ്പോൾ ടീമിലെ എല്ലാവരുടെയും ഇഷ്ടം സമ്പാദിക്കുക, അതുവഴി ടീമിൽ എന്റെ പ്രാധാന്യം ഉറപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. പക്ഷേ, അതിലൂടെ നഷ്ടമാകുന്ന ധാർമികതയെപ്പറ്റി വേണ്ടത്ര ആലോചിച്ചില്ല. അത് എന്റെ തെറ്റാണ്. അതിൽനിന്ന് ഏറെ പാഠങ്ങൾ പഠിച്ചു.''