മലയാളത്തിന്റെ യുവതാരം ആന്റണി വർഗ്ഗീസും കൂട്ടരും നടത്തിയ ഹിമാചൽ
യാത്രയുടെ വിവരണവുമായി എത്തിയ 'വാബി സാബി'യുടെ ആദ്യ എപ്പിസോഡ് പുറത്തിറങ്ങി.
ക്രിയേറ്റീവ് ഡിസൈനറായ സാനി യാസ് എഴുതി, സംവിധാനം ചെയ്ത മലയാളത്തിലെ ഈ
വേറിട്ട യാത്രവിവരണം അവതരണം കൊണ്ട് മനോഹരമാണ്. പത്തു ദിവസത്തോളം നീണ്ട
യാത്രയിലെടുത്ത നുറുങ്ങു വീഡിയോകൾ ഒരു യാത്രാ വിവരണം പോലെ എഡിറ്റ്
ചെയ്ത് തയ്യാറാക്കിയ പന്ത്രണ്ടു മിനിട്ടോളം ദൈർഘ്യമുള്ളതാണ് ഈ വീഡിയോ.
രണ്ടു എപ്പിസോഡുകളായി പുറത്തിറക്കുന്ന വാബി സബിയിലെ ആദ്യത്തെ എപ്പിസോഡിൽ
ഹിമാചൽ പ്രദേശിലെ കൽഗയെ കേന്ദ്രീകരിച്ചാണ് വിവരിക്കുന്നത് . കൽഗയുടെ
താഴ്‌വരകളും മഞ്ഞുമലയും കുന്നിൻ ചരിവിലെ ഗ്രാമങ്ങളിൽ താമസിക്കുന്ന
ദേശവാസികളിലൂടെയും നടോടികളിലൂടെയുമൊക്കെ ഒരു യാത്രയിലെന്ന പോലെ
പ്രേക്ഷകരെ കൊണ്ട് പോകുന്നിടത്താണ് വാബി സബി മനോഹരമാകുന്നത്.
ഒരു കഥയിലെ കഥാപാത്രങ്ങൾ എന്ന പോലെ കണ്ട്
മുട്ടിയ ബാബ, മാതാജി, ചാർളി തുടങ്ങിയ വ്യത്യസ്തരായ ആളുകളും അവരുടെ
ജീവിതങ്ങളും വ്യത്യസ്തമായി അവതരിപ്പിക്കുന്നതിലൂടെയാണ് മറ്റുള്ള
ട്രാവലോഗുകളിൽ നിന്നും വാബി സബി വേറിട്ട് നിൽക്കുന്നത്. കൽഗയിൽ നിന്നും
തുടങ്ങി മണാലിയിലേക്കുള്ള യാത്ര തുടങ്ങുന്നിടത്ത് ആദ്യ എപ്പിസോഡ്
അവസാനിക്കുമ്പോൾ രണ്ടാം എപ്പിസോഡ് ഒരുക്കി വെച്ചിരിക്കുന്നത് മുഴുവൻ
മലയാളികളെല്ലാം സ്വന്തം നാടുപോലെ പറഞ്ഞു കേൾക്കുന്ന മണാലിയാണ്. മലയാള
ചലച്ചിത്ര ലോകത്തെ നിരവധിപേർ ചേർന്നാണ് സംഭവബഹുലമായ അനുഭവങ്ങൾ
കോർത്തിണക്കിയ ആദ്യ എപ്പിസോഡ് പ്രേക്ഷകരിലേക്കെത്തിച്ചത്.
വൈശാഖ് സി. വടക്കേവീട്, സഫ സാനി എന്നിവർ ചേർന്ന് നിർമിച്ചിരിക്കുന്ന
യാത്രാവിവരണത്തിന്റെ സംഗീതം സുമേഷ് സോമസുന്ദർ ആണ്. വരികൾ
എഴുതിയിരിക്കുന്നത് സോനു കുര്യൻ. റിയാസ് മുഹമ്മദ് ആണ് എഡിറ്റിംഗ്
നിർവ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം രാഹുൽ ഓസ്. ഡ്രോൺ സൽമാൻ യാസ് .
വിവരണം ഷഹനീർ ബാബു. വാർത്ത പ്രചരണം പി.ശിവപ്രസാദ്