ലണ്ടൻ:കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് കടുത്ത പ്രതിസന്ധിയിലായ ഇന്ത്യക്ക് ആശ്വാസമായി പുതിയ പഠന ഫലം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാരത് ബയോടെകിന്റെ കോവാക്സിൻ ഇന്ത്യയിലും ബ്രിട്ടണിലും കൂടുതലായി കണ്ടു വരുന്ന കൊവിഡ് വകഭേദം B.1.617, B.1.1.7 എന്നിവ ഉൾപ്പെടെ എല്ലാ പ്രധാന വകഭേദങ്ങൾക്കും എതിരെ ഫലപ്രദമാണെന്ന് തെളിയിക്കുന്ന പുതിയ പഠനഫലം പുറത്തു വിട്ടു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി സഹകരിച്ച് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുകൾ. ഇതുമായി ബന്ധപ്പെട്ട് മെഡിക്കൽ ജേണലായ ക്ലിനിക്കൽ ഇൻഫെക്ഷിയസ് ഡിസീസസിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് ഭാരത് ബയോടെക് ജോയിന്റ് മാനേജിംഗ് ഡയറക്ടർ സുസിത്ര എല്ല ട്വിറ്ററിൽ പങ്കുവെച്ചു. നേരേെത്ത തന്നെ ഇന്ത്യയിൽ വ്യാപകമായി കണ്ടുവരുന്ന വൈറസ് വകഭേദം B.1.617 നെ കോവാക്സിൻ നിർവീര്യമാക്കുമെന്ന് കണ്ടെത്തിയതായി വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് അന്തോണി ഫൗചി പറഞ്ഞിരുന്നു. ഐസിഎംആറന്റേയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടേയും പങ്കാളിത്തത്തോടെയാണ് ഭാരത് ബയോടെക് കോവാക്സിൻ വികസിപ്പിച്ചെടുത്തത്. നിലവിൽ ഇന്ത്യയിൽ അനുമതിയുള്ള മൂന്ന് കോവിഡ് വാക്സിനുകളിൽ ഒന്നാണ് കോവാക്സിൻ.