ലക്നൗ:യു.പിയിലെ പ്രയാഗ്‌രാജിൽ ഗംഗാ തീരത്ത് മണലിൽ കുഴിച്ചിട്ട നിലയിൽ നിരവധി മൃതദേഹങ്ങൾ കണ്ടെത്തി. കഴിഞ്ഞയാഴ്ച യു.പിയിലെ ഗാസിപൂരിലും ബിഹാറിലെ ബക്‌സറിലും അഴുകിത്തുടങ്ങിയ നിരവധി മൃതദേഹങ്ങൾ നദിയിലൂടെ ഒഴുകിയെത്തിയിരുന്നു.
ത്രിവേണി സംഗമത്തിനടുത്തുപോലും മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടോ മൂന്നോ മാസമായി പലരും ഇവിടെയെത്തി മൃതദേഹങ്ങൾ മണലിൽ കുഴിച്ചിടുന്നുണ്ടെന്നാണ് വിവരം. ശക്തമായ കാറ്റിൽ മണല്‍ നീങ്ങുന്നതോടെ അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍ പലതും പുറത്തുവരുന്നു. നായകളും പക്ഷികളും മൃതദേഹാവശിഷ്ടങ്ങൾ കടിച്ചുവലിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അധികൃതര്‍ ഇടപെടണമെന്നും മൃതദേഹങ്ങൾ ശരിയായ രീതിയിൽ സംസ്‌കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
അതിനിടെ, സംഭവത്തെപ്പറ്റി പ്രതികരിക്കാൻ അധികൃതർ തയ്യാറായില്ലെന്നാണ് വിവരം.
നിരവധിപേർ സ്‌നാനം ചെയ്യാൻ വന്നിരുന്ന സ്ഥലമാണിത്. എന്നാൽ ഇപ്പോൾ ഇവിടേക്ക് വരാൻ ജനങ്ങൾ മടിക്കുന്നു. പ്രശ്‌നത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ ഇടപെടണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു.
യുപിയിലെ ഉന്നാവിലും ഇത്തരത്തിൽ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.