vvv

ന്യൂയോർക്ക്: പലസ്തീനിൽ നിരപരാധികളെ കൊന്നൊടുക്കുന്ന ഇസ്രായേലിന്റെ സൈനിക നടപടിക്കെതിരെ അമേരിക്കയിലെ ബ്രൂക്ക്ലിനിൽ കൂറ്റൻ പ്രതിഷേധ റാലി. പാലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ആയിരക്കണക്കിന് അമേരിക്കൻ പൗരന്മാർ റാലിയിൽ അണി നിരന്നു.

ഇസ്രായേൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് ബേ റിഡ്ജിൽ നടന്ന റാലിയിൽ ജനം ആവശ്യപ്പെട്ടു. മണിക്കൂറുകളോളം തുടർന്ന റാലിക്കിടെ ബ്രൂക്ക്ലിൻ റോഡുകളിലെ പോസ്റ്റുകളിൽ കയറി യുവാക്കൾ പലസ്തീൻ പതാക വീശുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു.

ഹമാസ് കേന്ദ്രങ്ങളെയാണ് ഇസ്രായേൽ ലക്ഷ്യമിടുന്നതെന്നും സ്വയം പ്രതിരോധിക്കാൻ ഇസ്രായേലിന് അവകാശമുണ്ടെന്നും വ്യക്തമാക്കി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തിയിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രിയെ നേരിട്ട് ഫോണിൽ വിളിച്ച് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ അമേരിക്കയിൽ പല പ്രദേശങ്ങളിലും ജനങ്ങൾ പാലസ്തീൻ അനുകൂല റാലികൾ സംഘടിപ്പിക്കുന്നുണ്ട്. ഗാസ വിഷയത്തിൽ ഭരണകൂടവും അമേരിക്കൻ ജനതയും വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുന്നതിന്റെ സൂചനയാണിത്.