vvvv

ഹൂസ്റ്റൺ : അമേരിക്കയിൽ കാണാതായ ഇന്ത്യ എന്ന് പേരുള്ള ബംഗാളി കടുവയെ കണ്ടെത്തി. ദിവസങ്ങൾ നീണ്ടു നിന്ന തിരച്ചിലിനൊടുവിലാണ് ടെക്സാസ് പൊലീസ് കടുവയെ കണ്ടെത്തിയത്. കടുവ പൂർണ ആരോഗ്യവാനാണെന്നും ഹൂസ്റ്റണിലെ മൃഗസംരക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റിയതായും ഹൂസ്റ്റണിലെ പൊലീസ് ഓഫീസർ റോൺ ബോർസ അറിയിച്ചു.

ടെക്സസിലെ ഒരു വീട്ടിൽ ലൈസൻസ് ഇല്ലാതെ വളർത്തിയിരുന്ന കടുവ കഴിഞ്ഞ തിങ്കളാഴ്ചയാണ് ചാടിപ്പോയത്. സിസിടിസി ദൃശ്യങ്ങളിൽ കടുവ റോഡിൽ അലഞ്ഞു നടക്കുന്നതായി കണ്ടെത്തിയിരുന്നു. സംഭവത്തിൽ കടുവയുടെ ഉടമസ്ഥനായ വിക്ടർ ഹ്യൂഗോ കുവീയാസ് എന്ന 26 കാരനെ പോലീസ്അറസ്റ്റ് ചെയ്തിരുന്നു.

എന്നാൽ ഇത്തരത്തിൽ വീട്ടിൽ കടുവയെ വളർത്തുന്നത് അപകടകരമാണെന്ന് അധികൃതർ പറഞ്ഞു. 9 മാസം പ്രായമുള്ള കടുവയുടെ നിലവിലെ ഭാരം 175 പൗണ്ട് ആണ്. പൂർണ വളർച്ചയെത്തിയ കടുവയുടെ ഭാരം 600 പൗണ്ട് വരെയാകാം. അതിനാൽ അക്രമകാരിയാകാനുള്ള സാദ്ധ്യത ഏറെയാണ്. എന്നാൽ വീട്ടിൽ മെരുക്കി വളർത്തിയ കടുവയായതിനാൽ ജനങ്ങളെ ഉപദ്രവിക്കാൻ മുതിർന്നില്ലായെന്ന് പൊലീസ് പറഞ്ഞു.