ഇസ്രായേൽ-പലസ്തീൻ സംഘർഷം അതിരൂക്ഷമാകുന്നതിനിടെ സോഷ്യൽ മീഡിയയിലും മറ്റും വൈറലായി ഗാസ സ്‌ട്രിപ്പിൽ നിന്നുമുള്ള 10 വയസുകാരി പെൺകുട്ടിയുടെ വീഡിയോ. താൻ അസുഖമുള്ളയാളാണെന്നും ഈ വിധത്തിലുള്ള ആക്രമണം നേരിടാൻ മാത്രം തങ്ങൾ എന്ത് തെറ്റാണ് ചെയ്തതെന്നുമാണ് ഇസ്രയേലിന്റെ മിസൈൽ ആക്രമണത്തിൽ തകർന്നു തരിപ്പണമായ കെട്ടിടങ്ങൾക്കു മുന്നിൽ നിന്നുകൊണ്ട് നദീൻ അബ്ദൽ തായിഫ് എന്ന് പേരുള്ള പെൺകുട്ടി കണ്ണുനീരണിഞ്ഞുകൊണ്ട് ചോദിക്കുന്നത്.
ലണ്ടൻ ആസ്ഥാനമാക്കി മിഡിൽ ഈസ്റ്റ് ഐ എന്ന ഓൺലൈൻ മാദ്ധ്യമം ചിത്രീകരിച്ച പെൺകുട്ടിയുടെ ഹൃദയം തകർക്കുന്ന ഈ വീഡിയോ സോഷ്യൽ മീഡിയ വഴിയും മറ്റുമായി ശ്രദ്ധ നേടുകയാണ്. മെയ് പതിനഞ്ചാം തീയതി ഷൂട്ട് ചെയ്ത വീഡിയോയിൽ, വിറയാർന്ന ശബ്ദത്തോടെ, തനിക്ക് തന്റെ ജനങ്ങൾക്കായി ഒന്നും ചെയ്യാൻ കഴിയാതെ പോയി എന്നാണു നദീൻ.വിലപിക്കുന്നത്.
നദീനിന്റെ വീഡിയോ ഇതിനോടകം 40 ലക്ഷത്തിലധികം ആൾക്കാർ കണ്ടുകഴിഞ്ഞു. ഇസ്രായേൽ ആക്രമണമാരംഭിച്ച ശേഷം ഗാസയിൽ ഇതുവരെ 149 പേർ മരണപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇതിൽ 41 കുട്ടികളും ഉൾപ്പെടുന്നു. ആക്രമണങ്ങളിൽ ആയിരം പേർക്കെങ്കിലും പരിക്കുപറ്റിയിട്ടുണ്ടെന്നും ഇതിൽ കൂടുതൽ പേരും പ്രായപൂർത്തിയെത്താത്തവരുമാണെന്നുമാണ് വിവരം.
പെൺകുട്ടിയുടെ വാക്കുകൾ ഇങ്ങനെ:
'എപ്പോഴും അസുഖമാണെനിക്ക്. എനിക്കറിയില്ല...എനിക്കൊന്നും ചെയ്യാൻ കഴിയുന്നില്ല. നിങ്ങൾ ഇതെല്ലാം കാണൂ... ഞാൻ എന്ത് ചെയ്യണമെന്നാണ് നിങ്ങൾ കരുതുന്നത്? ഇതെല്ലാം ഞാൻ നേരെയാക്കണോ? എനിക്ക് 10 വയസ് മാത്രമാണ് പ്രായം. എനിക്ക് ഇതൊന്നും ഇനിയും സഹിക്കാൻ കഴിയില്ല. എനിക്ക് എന്റെ ജനങ്ങളെ സഹായിക്കാനായി ഒരു ഡോക്ടറോ, അതുപോലെ എന്തെങ്കിലുമോ ആകണം. പക്ഷെ എനിക്ക് അതിനു സാധിക്കുന്നില്ല. ഞാൻ വെറുമൊരു കുട്ടിയാണ്.
എന്ത് ചെയ്യണമെന്നുപോലും എനിക്കറിയില്ല. എനിക്ക് പേടി തോന്നാറുണ്ട് തോന്നാറുണ്ട്. പക്ഷെ ആ പേടി അത്ര വലുതൊന്നുമല്ല. എന്റെ ജനങ്ങൾക്കായി എന്ത് ചെയ്യാനും ഞാൻ തയ്യാറാണ്. പക്ഷെ എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല. എനിക്ക് 10 വയസേയുള്ളൂ... എനിക്ക് 10 വയസേയുള്ളൂ... (പുറകിലേക്ക് ചൂണ്ടിക്കൊണ്ട്) ഇതെല്ലാം കണ്ട്, അക്ഷരാർത്ഥത്തിൽ ഞാൻ എല്ലാ ദിവസവും കരയാറുണ്ട്.
ഞാൻ എന്നോടുതന്നെ ചോദിക്കും. ഞങ്ങൾ ഇതൊക്കെ അർഹിക്കുന്നുണ്ടോ? ഇതെല്ലാം നേരിടാൻ മാത്രം ഞങ്ങൾ എന്താണ് ചെയ്തത്? അവർക്ക് ഞങ്ങളോട് വെറുപ്പാണെന്നാണ് എന്റെ കുടുംബം പറയുന്നത്. ഞങ്ങൾ മുസ്ലീങ്ങളായതുകൊണ്ട് അവർക്ക് ഞങ്ങളെ ഇഷ്ടമല്ലെന്ന്. എന്റെ ചുറ്റും നിൽക്കുന്നവരെ നിങ്ങൾ കണ്ടില്ലേ? അവർ കുട്ടികൾ മാത്രമാണ്. എന്തിനാണ് അവർക്കുമേൽ നിങ്ങൾ മിസൈലുകൾ വർഷിച്ച് അവരെ കൊല ചെയ്യുന്നത്? അത് ന്യായമല്ല... അത് ന്യായമല്ല...'
God, my heart. Bless her. pic.twitter.com/ZEsJ4ru2FX
— Barry Malone (@malonebarry) May 15, 2021
content details: weeping palastinian girls video goes viral on social media.