triple-lockdown

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി നാല് ജില്ലയിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹോട്ടലുകളും റസ്റ്ററന്റുകളിലും രാവിലെ എട്ടു മുതല്‍ വൈകിട്ട് 7.30 വരെ ഹോം ഡെലിവറി നടത്താം. പാഴ്സല്‍ അനുവദിക്കില്ല. പത്രം, പാല്‍, തപാല്‍ വിതരണം രാവിലെ എട്ട്വരെയായിരിക്കും. പാല്‍ സംഭരണം ഉച്ചയ്ക്ക് 2ന് വരെ നടത്താം. പലചരക്ക് കടകള്‍, ബേക്കറി, പഴം-പച്ചക്കറി, മത്സ്യ-മാംസ, കോഴി വില്‍പ്പന കേന്ദ്രങ്ങള്‍, കോള്‍ഡ് സ്റ്റോറേജ് എന്നിവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാം. ഇവയും ഹോം ഡെലിവറി സംവിധാനമാക്കണം. ഇതിനായി വാര്‍ഡ്തല സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം തേടാം.

അവശ്യ വസ്തുക്കള്‍ വീടിനടുത്തുള്ള കടകളില്‍ നിന്ന് വാങ്ങണം. ദൂരെ സ്ഥലങ്ങളില്‍ നിന്ന് ഇവ വാങ്ങാന്‍ അനുവദിക്കില്ല. വഴിയോര കച്ചവടങ്ങള്‍ പാടില്ല. ഇലക്ട്രിക്കല്‍, പ്ലംബിങ്, ടെലികമ്മ്യുണിക്കേഷന്‍ മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് അടിയന്തിര ആവശ്യങ്ങള്‍ക്ക് തിരിച്ചറില്‍ രേഖ സഹിതം യാത്ര ചെയ്യാം. ഹോം നഴ്സുമാര്‍, വീട്ടു ജോലിക്കാര്‍ എന്നിവര്‍ക്ക് ഓണ്‍ലൈന്‍ പാസ് ലഭ്യമാക്കി യാത്രയാകാം. https://pass.bsafe.kerala.gov.in/ൽ നിന്ന് പാസ് എടുക്കാം. റേഷന്‍ കട, പൊതുവിതരണ കേന്ദ്രം, മാവേലി, സപ്ലൈകോ കടകള്‍ എന്നിവ വൈകിട്ട് 5 വരെ പ്രവര്‍ത്തിക്കാം.

പെട്രോള്‍ പമ്പ്, മെഡിക്കല്‍ ഷോപ്പ്, എടിഎം, മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍പ്പന സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍, മെഡിക്കല്‍ ലാബുകള്‍ എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ല. വിവാഹം ഉള്‍പ്പെടെയുള്ള ആഘോഷങ്ങളും കൂട്ടംചേരലും മാറ്റിവയ്ക്കണം. മുന്‍കൂട്ടി നിശ്ചയിച്ച വിവാഹം 20 പേരെ പങ്കെടുപ്പിച്ച് നടത്താം. മരണാനന്തര ചടങ്ങള്‍ക്കും 20 പേരെയാണ് അനുവദിക്കൂ. വിവാഹം, മരണാനന്തര ചടങ്ങുകള്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ആരാധനാലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല.

മഴക്കാല പൂര്‍വ ശുചീകരണം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താം. പരമാവധി അഞ്ച് പേരെ പങ്കെടുപ്പിക്കാം. ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ ചുരുങ്ങിയ ജീവനക്കാരെ വച്ച് പ്രവര്‍ത്തിപ്പിക്കാം. അവശ്യ വസ്തുക്കള്‍ക്കുള്ള ഇ--കൊമേഴ്സ്, ഡെലിവറി സ്ഥാപനങ്ങള്‍ക്ക് രാവിലെ 10 മുതല്‍ രണ്ട് വരെ പ്രവര്‍ത്തിക്കാം.

പ്ലാന്റേഷന്‍, നിര്‍മാണ മേഖലകളിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നോ, മറ്റ് ജില്ലകളില്‍ നിന്നോ തൊഴിലാളികളെ കൊണ്ടുവരാന്‍ പാടില്ല. നിലവില്‍ തൊഴിലെടുക്കുന്നയിടങ്ങളില്‍ നിന്ന് പുറത്തിറങ്ങരുത്. ജില്ലാ അതിര്‍ത്തികളിലും കണ്ടെയ്മെന്റ് സോണുകളും പൊലീസ് നിരീക്ഷണമുണ്ടാകും. ഐടി, ഐടി ഇതര സ്ഥാനപങ്ങളിലും മിനിമം ജീവനക്കാരെ പാടുള്ളു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജില്ല വിട്ടുള്ള യാത്രകള്‍ക്ക് പൊലീസിന്റെ പ്രത്യേക പാസ് വേണം. ഞായറാഴ്ച രാത്രി 12 മുതല്‍ 23 വരെയാണ് നിയന്ത്രണം. നിയമ ലംഘകര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കും.