antony-raju

തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ചർച്ചകൾക്കായി ഇടതുമുന്നണി യോഗം ഇവിടെ ചേരുന്നതിനിടെ ആദ്യ ടേമിൽ മന്ത്രിസ്ഥാനം വേണമെന്ന് നിർബന്ധമില്ലെന്ന് ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആന്റണി രാജു അറിയിച്ചു. മന്ത്രിസ്ഥാനം തുടക്കത്തിൽ ലഭിക്കണമെന്ന കാര്യത്തിൽ പിടിവാശിയില്ലെന്നും മുന്നണിയ്ക്ക് വേണ്ടി വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും ആദ്യം മന്ത്രിയാകാൻ താൽപര്യമുള്ളവർ ആകട്ടെയെന്നും ആന്റണി രാജു എൽ.ഡി.എഫ് യോഗത്തിൽ വ്യക്തമാക്കി.

ഇടതു മുന്നണിയിൽ ഒരംഗം വീതമുള്ള നാല് ഘടകകക്ഷികൾക്ക് രണ്ടര വർഷം വീതം രണ്ടു മന്ത്രിസ്ഥാനങ്ങൾ പങ്കുവയ്ക്കാൻ ഉഭയകക്ഷി ചർച്ചകളിൽ ധാരണയായിരുന്നു. ഇതനുസരിച്ച് കേരള കോൺഗ്രസ്- ബി, കോൺഗ്രസ്- എസ്, ഐ.എൻ.എൽ, ജനാധിപത്യ കേരള കോൺഗ്രസ് എന്നിവർക്ക് മന്ത്രിസ്ഥാനം ലഭിക്കും. ലോക് താന്ത്രിക് ജനതാദളിന് മന്ത്രിസ്ഥാനം ലഭിക്കില്ല. രണ്ട് അംഗങ്ങളുള്ള ജനതാദൾ- എസുമായി എൽ.ജെ.ഡി ലയിക്കണമെന്ന നിർദ്ദേശമാണ് നേരത്തേ മുതൽ സി.പി.എം മുന്നോട്ടുവച്ചിരുന്നത്. ഇന്നലെ ഉഭയകക്ഷി ചർച്ചയിൽ രണ്ട് സോഷ്യലിസ്റ്റ് ഗ്രൂപ്പുകൾക്കുമായി ഒരു വകുപ്പ് നൽകാനേ നിവൃത്തിയുള്ളൂവെന്ന് എൽ.ജെ.ഡി നേതാക്കളെ സി.പി.എം നേതൃത്വം അറിയിച്ചു. അതേസമയം, മന്ത്രിസ്ഥാനമില്ലെങ്കിൽ ബോർഡ്, കോർപ്പറേഷൻ പദവികളടക്കം സ്വീകരിക്കരുതെന്നാണ് എൽ.ജെ.ഡിയിലെ വികാരം. എന്നാൽ, മുന്നണി വിടില്ല. മന്ത്രിസ്ഥാനം ലഭിച്ച ഘടകകക്ഷികളിൽ നിന്ന് രാമചന്ദ്രൻ കടന്നപ്പള്ളി (കോൺ. എസ്), അഹമ്മദ് ദേവർകോവിൽ (ഐ.എൻ.എൽ), ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്) എന്നിവർ മന്ത്രിമാരാകും.

അതേസമയം, രണ്ടര വർഷത്തേക്കായി മന്ത്രിസ്ഥാനം സ്വീകരിക്കുന്ന കാര്യത്തിൽ കടുത്ത അതൃപ്തിയിലാണ് കെ.ബി. ഗണേശ് കുമാറും അദ്ദേഹത്തിന്റെ പാർട്ടിയായ കേരള കോൺഗ്രസ് (ബി)യും. ഇക്കാര്യം ഗണേശ് യോഗത്തിൽ അറിയിക്കും. മന്ത്രിയായ ശേഷം വകുപ്പിനെക്കുറിച്ച് പഠിച്ചുവരുമ്പോഴേക്കും സമയം തീരുമെന്ന നിലപാടാണ് ഗണേശിനുള്ളത്. ഇക്കാര്യം ഗണേശ് യോഗത്തിൽ ശക്തമായി ഉന്നയിച്ചു. അതേസമയം,​ രണ്ട് മന്ത്രിസ്ഥാനം നൽകാത്തതിൽ ജോസ് കെ.മാണിയുടെ മുന്നണി യോഗത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ചു. നിലവിൽ ഒരു മന്ത്രിസ്ഥാനവും കാബിനറ്റ് റാങ്കോടെയുള്ള ചീഫ് വിപ്പ് സ്ഥാനവും ആണ് കേരളാ കോൺഗ്രസിന് സി.പി.എം നൽകിയിരിക്കുന്നത്. ഇതനുസരിച്ച് റോഷി അഗസ്റ്റിൻ മന്ത്രിയും ഡോ.എൻ.ജയരാജ് ചീഫ് വിപ്പുമാകും. റോഷിയെ ഇന്നലെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തിരുന്നു.

അതേസമയം,​ സി.പി.എം- സി.പി.ഐ വകുപ്പുകളിൽ ധാരണയായിട്ടുണ്ട്. പ്രധാന വകുപ്പുകൾ ഇരു പാർട്ടികളും കൈയിൽ വയ്ക്കും. ഇന്നത്തെ യോഗത്തിൽ വകുപ്പ് വിഭജനം ചർച്ച ചെയ്യാൻ ഇടയില്ല. പകരം തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തും. സി.പി.ഐയുടെ നാല് മന്ത്രിമാരും പുതുമുഖങ്ങളായിരിക്കും.