mysore-cheera

പണ്ടുകാലത്ത് വേലിപ്പടർപ്പുകളിൽ സ്ഥിരമായി കണ്ടിരുന്ന മൈസൂർ ചീര ഗുണത്തിലും രുചിയിലും ഏറെ മുന്നിലാണ്. പുതിയതലമുറയിൽ അധികംപേർക്കും ഈ ചീരയെ അറിയാൻ വഴിയില്ല. വേലിച്ചീരയെന്നും മധുരച്ചീരയെന്നും മലയച്ചീരയെന്നും മൈസൂർചീരയെന്നുമൊക്കെ അറിയപ്പെടുന്ന ഇത് ഏതുകാലാവസ്ഥയിലും വളരുന്ന ഒന്നാണ്. എങ്കിലും കാലവർഷമാണ് ഇവ നടാൻ അനുകൂല സമയം. സാധാരണ ചീരയിൽ നിന്നും വ്യത്യസ്തമായി ഇതിൽ കമ്പുകൾ ആണ് സാധാരണ നടീൽവസ്‌തുവായി ഉപയോഗിക്കുന്നത്. ഇളം മൂപ്പായ കമ്പുകൾ 20 മുതൽ 30 സെന്റീമീറ്റർ നീളത്തിൽ മുറിച്ച് നട്ടാണ് കൃഷി ചെയ്യുന്നത്.

മണ്ണിൽ നടുമ്പോൾ കിളച്ചു ഇളക്കി, തവാരണ ഉണ്ടാക്കണം. മണ്ണ് കിളച്ചിളക്കി ഉദ്ദേശം ഒരു മീറ്റർ വീതിയിലും ആവശ്യാനുസരണം നീളത്തിലും നിരപ്പാക്കുക. ഏകദേശം 30 സെന്റീമീറ്റർ ആഴത്തിൽ ചാലുകൾ കീറി അതിൽ കാലിവളമോ, കമ്പോസ്റ്റോ, പച്ചിലവളമോ ചേർത്ത് നികത്തി അതിനുമുകളിൽ കമ്പുകൾ നടാവുന്നതാണ്. ചെടികൾക്ക് വരൾച്ചയെ ചെറുക്കാൻ കഴുവുണ്ടെങ്കിലും വേനൽക്കാലത്ത് നനയ്‌ക്കുന്നത് ചെടി പുഷ്‌ടിയോടെ വളരുന്നതിന് സഹായിക്കും. ഇടയ്‌ക്കിടെ ചാണക പൊടി ചീരയുടെ ചുവട്ടിൽ ഇടാവുന്നതാണ്. കമ്പുകൾ നട്ട് മുന്ന് നാല് മാസങ്ങൾക്കുള്ളിൽ ആദ്യം വിളവെടുക്കാം. വിളവെടുത്തതിനുശേഷം ചെടിക്ക് നേരിയ തോതിൽ വളമിടുന്നത് തുടർവളർച്ചയെ ശക്തിപ്പെടുത്തും. ചീരയെ പ്രധാനമായും ബാധിക്കുന്നത് ഇലതീനി പുഴുക്കൾ, കൂട് കെട്ടി പുഴു എന്നിവയുടെ ആക്രമണങ്ങളാണ്. ഇവയെ പ്രതിരോധിക്കാൻ വേപ്പിൻ കുരുസത്ത് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചു ഇലകളിൽ തളിക്കാം. പുരയിടങ്ങളിൽ വേലിക്ക് പകരമായും ഇവ നട്ട് വളർത്താം.