mamata-banerjee

കൊൽക്കത്ത:നാരദ ഒളിക്യാമറാ കേസിൽ ബംഗാളിൽ രണ്ട് മന്ത്രിമാരെ സിബിഐ അറസ്റ്റ് ചെയ്തു. തൃണമൂൽ മന്ത്രി ഫിർഹാദ് ഹക്കീം, മന്ത്രി സുബ്രതോ മുഖർജിയേയുമാണ് അറസ്റ്റ് ചെയ്തത്. സംഭവമറിഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രി മമത ബാനർജി സിബിഐ ആസ്ഥാനത്തെത്തി.


പറ്റുമെങ്കിൽ തന്നെക്കൂടി അറസ്റ്റ് ചെയ്യൂവെന്നായിരുന്നു ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി പറഞ്ഞത്. ഫിർഹാദിന്റെ വീട്ടിൽ പോയതിന് ശേഷമായിരുന്നു മമത സിബിഐ ആസ്ഥാനത്തെത്തിയത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അദ്ദേഹത്തെ സിബിഐ അറസ്റ്റ് ചെയ്തത്. വീട്ടിലെത്തിയായിരുന്നു അറസ്റ്റ്.

മന്ത്രിമാരെക്കൂടാതെ തൃണമൂൽ എംഎൽഎ. മദൻ മിത്രയേയും മുൻ എംഎൽഎ സോവൻ ചാറ്റർജിയേയും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സോവൻ ചാറ്റർജി 2019ൽ ് ബിജെപിയിൽ ചേർന്നിരുന്നുവെങ്കിലും മാർച്ചിൽ ബി.ജെ.പിയിൽ നിന്നും രാജിച്ചിരുന്നു.


നാരദ ന്യൂസ് പോർട്ടലിലെ മാത്യു സാമുവലാണ് ഒളിക്യാമറ ഓപ്പറേഷൻ നടത്തിയത്.ഐപിഎസ് ഉദ്യോഗസ്ഥനായ എസ്എംഎച്ച് മിർസയുൾപ്പടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങളായിരുന്നു 2016 പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പുറത്തുവന്നത്.