തിരുവനന്തപുരം : ഭരണത്തുടർച്ചയോടെ കേരള രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത വിജയവുമായി എൽ ഡി എഫ് സത്യപ്രതിജ്ഞയിലേക്ക് ഒരു ചുവട് കൂടി അടുത്തു. മന്ത്രി കസേരകൾ പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഘടക കക്ഷികളുമായി നടത്തിയ ചർച്ച അവസാനിച്ചതിന് പിന്നാലെയാണ് മധുരം പങ്കിട്ട് എൽ ഡി എഫ് തുടർ ഭരണത്തിലേക്ക് തയ്യാറെടുക്കുന്നത്. തിരുവനന്തപുരത്ത് എ.കെ.ജി സെന്റെറിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേക്ക് മുറിച്ചാണ് മുന്നണിയിലെ മറ്റ് നേതാക്കളുമായി സന്തോഷം പങ്കുവച്ചത്.
മന്ത്രിസ്ഥാനങ്ങൾ എങ്ങനെ വീതംവെക്കണം എന്നത് സംബന്ധിച്ചുള്ള ചർച്ചകൾക്കാണ് എ കെ ജി സെന്ററിൽ പര്യവസാനമായത്. ഇനി ഓരോ പാർട്ടിക്കും ലഭിച്ച മന്ത്രി പദവികളിൽ ആരൊക്കെ ഇരിക്കണമെന്നുള്ളത് അതാത് പാർട്ടികളാവും തീരുമാനിക്കുക. കുറച്ച് മണിക്കൂറുകൾക്കുള്ളിൽ ഇതിനും അന്തിമരൂപം കൈവരും.
കഴിഞ്ഞ തവണ മുഖ്യമന്ത്രി ഉൾപ്പെടെ പതിമൂന്ന് മന്ത്രിമാരുണ്ടായിരുന്ന സി പി എം ഇക്കുറി ഒരു മന്ത്രി കസേര കൂടി വിട്ടു കൊടുത്തിട്ടുണ്ട്. സി.പി.എമ്മിന് ഇത്തവണ 12 മന്ത്രിമാരാണുണ്ടാവുക. സി.പി.ഐയ്ക്ക് നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും ലഭിക്കും. കേരള കോൺഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും ജെ.ഡി.എസ്., എൻ.സി.പി. എന്നിവർക്ക് ഒരു മന്ത്രിസ്ഥാനം വീതവും എന്നതാണ് തീരുമാനമായത്. ശേഷിക്കുന്ന രണ്ട് മന്ത്രി സ്ഥാനങ്ങൾ നാല് ചെറുകക്ഷികൾക്കായി രണ്ടര വർഷം വീതം എന്ന നിലയിൽ നൽകും.
കേരള കോൺഗ്രസിന് വേണ്ടിയാണ് സി പി എം കഴിഞ്ഞ തവണ കൈവശം വച്ചിരുന്ന ഒരു സീറ്റ് നൽകുക. രണ്ട് മന്ത്രി സ്ഥാനങ്ങൾക്കായി അവസാന നിമിഷം വരെ മുന്നിട്ട് നിന്ന കേരള കോൺഗ്രസിന് വൈദ്യുതി വകുപ്പ് കൊണ്ട് തൃപ്തി അടയേണ്ടിവരുമെന്ന സൂചനയാണ് പുറത്ത് വരുന്നത്. എങ്കിൽ റോഷി അഗസ്റ്റിനാവും അടുത്ത വൈദ്യുത മന്ത്രി. അതേസമയം പാർട്ടിയിലെ മറ്റൊരു സീനിയർ എം എൽ എയായ ജയരാജന് ചീഫ് വിപ്പ് സ്ഥാനവും ലഭിച്ചേക്കും.
സി പി ഐക്ക് കഴിഞ്ഞ മന്ത്രിസഭയിൽ ഉണ്ടായിരുന്ന അതേ വകുപ്പുകൾ തന്നെ ഇപ്രാവശ്യവും ലഭിക്കും. തങ്ങളുടെ വകുപ്പുകൾ ഒന്നും കൈമാറാൻ ഒരുക്കമല്ലെന്ന നിലപാടാണ് ആദ്യം മുതൽക്കേ സി പി ഐ സ്വീകരിച്ചത്. ഇക്കാര്യത്തിൽ പാർട്ടിയുടെ താത്പര്യം പൂർണമായും സംരക്ഷിക്കാൻ കാനം രാജേന്ദ്രന് കഴിഞ്ഞു.
കായികം, തുറമുഖം, ഗതാഗതം, ജലസേചനം എന്നീ വകുപ്പുകളാവും ഇക്കുറിയും ചെറുപാർട്ടികൾക്ക് ലഭിക്കുക. അതേസമയം ഒരു എം എൽ എ മാത്രമുള്ള പാർട്ടികൾക്കും ഇക്കുറി മന്ത്രി സ്ഥാനങ്ങൾ ലഭിക്കും. രണ്ടര വർഷം വച്ച് കൈമാറാം എന്ന വ്യവസ്ഥയിലാവും ഇത്.
മേയ് 20നാണ് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി മറ്റെന്നാൾ മുഖ്യമന്ത്രി ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കും. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മുൻ നിശ്ചയിച്ചതിലും കുറച്ചാളുകളെ മാത്രമേ ചടങ്ങിലേക്ക് ക്ഷണിക്കുകയുള്ളു.