പത്തനംതിട്ട: കനറാ ബാങ്കിൽ നിന്ന് 8.13 കോടി തട്ടിയ കേസിൽ നിക്ഷേപകരുടെ തുക നഷ്ടപ്പെടില്ല. ദേശസാൽകൃത ബാങ്കുകളിൽ ബാങ്കും നിക്ഷേപകനും തമ്മിലുള്ള കരാറിന് തുല്ല്യമാണ് നിക്ഷേപ സർട്ടിഫിക്കറ്റ്. തട്ടിപ്പ് കണ്ടെത്തിയതിനാൽ കനാറ ബാങ്കിൽ നിന്ന് കാലാവധി തീർന്ന നിക്ഷേപം പിൻവലിക്കാൻ ഇടപാടുകാർ എത്തുന്നുണ്ട്. നിക്ഷേപകർ ഭയക്കേണ്ട ആവശ്യമില്ലെന്ന് പത്തനംതിട്ട ലീഡ് ബാങ്ക് മാനേജൻ വിജയകുമാരൻ നായർ പറഞ്ഞു. ആരുടെയും പണം നഷ്ടമാകില്ല. എപ്പോൾ വേണമെങ്കിലും മുഴുവൻ പണവും പിൻവലിക്കാം.
അതേസമയം, നിക്ഷേപകരും ജാഗ്രത പുലർത്തേണ്ടതുണ്ട്. നിക്ഷേപകരുടെ ഫോൺ നമ്പർ ബാങ്ക് അക്കൗണ്ട് നമ്പരുമായി ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. എസ്.എം.എസ്, സൗകര്യം ഏർപ്പെടുത്തുകയും വേണം. പണം പിൻവലിച്ചാലും നിക്ഷേപിച്ചാലും എസ്.എം.എസ് വഴി അറിയാൻ കഴിയും. ഫോൺ നമ്പർ മാറിയാൽ അത് ബാങ്കിൽ അറിയിച്ച് അപ്ഡേറ്റ് ചെയ്യിക്കണം. സ്ഥിരമായുള്ള ഒരു നമ്പർ ബാങ്കിൽ നൽകണം. നെറ്റ് ബാങ്കിംഗ് സംവിധാനം ഉപയോഗപ്പെടുത്തുകയും വേണം. വർഷത്തിലൊരിക്കലെങ്കിലും പാസ് ബുക്ക് ബാങ്കിൽ കൊണ്ടു ചെന്ന് അപ്ഡേറ്റ് ചെയ്യിക്കണം. നെറ്റ് ബാങ്കിംഗിലൂടെയും പാസ് ബുക്ക് വിവരങ്ങൾ ലഭ്യമാണ്.
സ്ഥിരം നിക്ഷേപം കാലാവധി കഴിഞ്ഞാലും പണം നഷ്ടപ്പെടില്ല. പണം പിൻവലിക്കാൻ സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റ് ആരുടെയും കയ്യിൽ കൊടുത്തു വിടരുത്. ഇൗ സർട്ടിഫിക്കറ്റ് ഇല്ലാതെ പണം പിൻവലിക്കാൻ കഴിയില്ല. നഷ്ടപ്പെട്ടാൽ ഡ്യൂപ്ളിക്കേറ്റ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടാം.
നിക്ഷേപകരുടെ ഫോൺ നമ്പർ അക്കൗണ്ടുമായി ലിങ്ക് ചെയ്ത് എസ്.എം.എസ് ഉറപ്പാക്കേണ്ടത് ബാങ്കുകളുടെയും ഉത്തരവാദിത്വമാണെന്ന് വിജയകുമാരൻ നായർ ചൂണ്ടിക്കാട്ടി.