pm-ventilators

ന്യൂഡൽഹി: പി.എം. കെയേഴ്സ് പദ്ധതി പ്രകാരം സംസ്ഥാനങ്ങൾക്ക് കെെമാറിയ വെന്റിലേറ്ററുകൾ പ്രവ‌ർത്തന രഹിതമായ സംഭവത്തിൽ രൂക്ഷവിമർശനവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വാങ്ങിയ വെന്റിലേറ്ററുകളും ഒരു പോലെയാണ്. രണ്ടും തങ്ങളുടെ കടമ നിർവഹിക്കുന്നതിൽ പരാജയമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

പി.എം. കെയേ്ഴ്സ് വെന്റിലേറ്ററുകളും പ്രധാനമന്ത്രിയും തമ്മിൽ നിരവധി സാമാനതകൾ ഉണ്ട്. ഇരുവർക്കും അർഹിക്കുന്നതിലധികവും തെറ്റായതുമായ പ്രചാരണം നൽകുന്നു. ഇരുവരും തങ്ങളുടെ ജോലി ചെയ്യുന്നതിൽ പരാജയപ്പെടുന്നു. ആവശ്യമുളള സമയങ്ങളിൽ രണ്ടിനെയും കണ്ടെത്താൻ പ്രയാസമാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

PMCares के वेंटिलेटर और स्वयं PM में कई समानताएँ हैं-

- दोनों का हद से ज़्यादा झूठा प्रचार
- दोनों ही अपना काम करने में फ़ेल
- ज़रूरत के समय, दोनों को ढूँढना मुश्किल।

— Rahul Gandhi (@RahulGandhi) May 17, 2021

പി.എം. കെയർ പദ്ധതി പ്രകാരം നൽകിയ വെന്റിലേറ്ററുകൾ പ്രവർത്തന രഹിതമാണെന്ന റിപ്പോർട്ടുകൾ പ്രധാനമായും പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമാണ് പുറത്തുവന്നത്. പഞ്ചാബിൽ പി.എം. കെയേഴ്സ് ഫണ്ട് വഴി ലഭിച്ച 320 വെന്റിലേറ്ററുകളിൽ 237 എണ്ണത്തോളം പ്രവർത്തിക്കുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതു കൂടാതെ ചില സംസ്ഥാനങ്ങളിൽ രോഗികളുടെ ജീവൻ അപകടത്തിലാകുമെന്ന് ഭയന്ന് പി.എം. കെയേഴ്സ് വഴി ലഭിച്ച വെന്റിലേറ്ററുകൾ ഉപയോഗിക്കാൻ അനസ്‌തെറ്റിസ്റ്റുകൾ തയ്യാറാകുന്നില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാല്‍, ഈ ആരോപണം തളളി കേന്ദ്ര സർക്കാർ രംഗത്തെത്തി. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് വെന്റിലേറ്ററുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കാത്തതിന് കാരണമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. അതേസമയം കൈമാറിയ വെന്റിലേറ്ററുകൾ കൃത്യസമയത്ത് ഇൻസ്റ്റാൾ ചെയ്യാതിരുന്നതും, പ്രവർത്തിപ്പിക്കുന്നതിലെ പരിചയക്കുറവുമെല്ലാമാണ് ഉപകരണങ്ങൾ തകരാറിലാവാൻ കാരണമെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്.