tesla

വാഹനവിപണിയുടെ ഭാവി ഇലക്‌ട്രിക് കാറുകളിലാണെന്നാണ് പൊതുവെ കണക്കാക്കുന്നത്. നിലവിൽ വാഹന ഇന്ധനമായ പെട്രോളിന്റെയും ഡീസലിന്റെയുമെല്ലാം ശേഖരം കുറഞ്ഞുവരുന്നതും ഇവയുടെ ഉൽപാദക രാജ്യങ്ങൾ വില വർദ്ധിപ്പിക്കുന്നതും ലോക രാജ്യങ്ങളിലെ വാഹന വിപണിയിൽ അതിവേഗം വൈദ്യുതി വാഹനങ്ങൾ ഇറങ്ങാൻ കാരണമായി.

ഇന്ത്യയിലും ഇത്തരം വാഹനങ്ങൾക്ക് ആവശ്യക്കാരേറി വരികയാണ്. വിലയിൽ വർദ്ധനയുണ്ടെങ്കിലും പ്രകൃതിയ്‌ക്ക് സംഭവിക്കുന്ന ആഘാതം വളരെ കുറവാണ് വൈദ്യുത വാഹനങ്ങളിൽ. മാത്രമല്ല കൃത്യമായ ചാർജിംഗ് സംവിധാനവുമുണ്ടെങ്കിൽ നല്ല ലാഭമാണ് താനും.

2021ൽ ഇലക്‌ട്രിക് കാറുകളുടെ കാര്യത്തിൽ വിപ്ളവം തന്നെയാണ് രാജ്യത്തുണ്ടാകുക. മിക്ക കാർ നിർമ്മാതാക്കളും തങ്ങളുടെ കാറുകളുടെ ഇലക്‌ട്രിക് മോഡലുകൾ തയ്യാറാക്കി കഴിഞ്ഞു. ആഗോള, പ്രാദേശിക വാഹന നിർമ്മാതാക്കൾ ഇലക്‌ട്രിക് മേഖലയിൽ ധാരാളം നിക്ഷേപങ്ങളും നടത്തിക്കഴിഞ്ഞു.

നിലവിൽ രാജ്യത്തെ വാഹനവിപണിയിൽ ടാ‌റ്റ നെക്‌സൺ ഇവി, എം.ജി സട്എസ് ഇവി എന്നിവ നല്ല മുന്നേ‌റ്റം കാഴ്‌ചവച്ചിട്ടുണ്ട്. ഇത് മ‌റ്റ് വാഹന നി‌ർമ്മാതാക്കളും ഇന്ത്യൻ ഇലക്‌ട്രിക് കാർ വിപണിയിൽ പ്രവേശിക്കാൻ ധൈര്യമേകിയിട്ടുണ്ട്. രാജ്യത്ത് വരാൻ പോകുന്ന പ്രധാന വൈദ്യുത കാറുകൾ ഇവയാണ്.

ടെസ്‌ല മോഡൽ 3

മുംബയിൽ ഓഫീസ് ആരംഭിച്ച ആഗോള വാഹന നിർമ്മാണ ഭീമനായ ടെസ്‌ല അവരുടെ നിർമ്മാണ യൂണി‌റ്റ് സ്ഥാപിക്കുക കർണാടകയിലാണ്. ടെസ്‌ല മോഡൽ 3 എന്ന പൂർണമായും വിദേശത്ത് നിർമ്മിച്ച കാറാണ് ഇന്ത്യയിൽ ടെസ്‌ല ആദ്യം പുറത്തിറക്കുക. ഇതിന് 55 ലക്ഷത്തിനടുത്ത് വിലയുണ്ടാകും. ഈ കാറിന്റെ പരമാവധി വേഗം 162 കിലോമീ‌റ്ററാണ്. 3.1 സെക്കന്റ് കൊണ്ട് പൂജ്യത്തിൽ നിന്ന് നൂറ് കിലോമീ‌റ്ററെത്താൻ കഴിയും.

tesla

വോൾവോ എക്‌സ്‌സി40 റീച്ചാർജ്

ചൈനീസ് ഉടമസ്ഥതയിലുള‌ള സ്വീഡിഷ് കമ്പനിയായ വോൾവോയുടെ എക്‌സ്‌സി40 റീച്ചാർജ് എന്ന ഇല‌ക്‌ട്രിക് കാർ വൈകാതെ ഇന്ത്യൻ വിപണിയിലെത്തും. ജൂൺ മാസത്തിൽ ഇവയുടെ ബുക്കിംഗ് ആരംഭിക്കുമെന്നും ഒക്‌ടോബറിൽ വിതരണം തുടങ്ങുമെന്നാണ് വോൾവോ കാർ ഇന്ത്യ അറിയിച്ചിരിക്കുന്നത്.

പൂർണമായും പുറമേ നി‌ർമ്മിച്ച കാറാണിത്. ഡ്യുവൽ മോട്ടോർ പവ‌ർ ട്രെയിനാണ് ഇതിലുള‌‌ളത്. ഓരോ ആക്‌സിലും 402 ബിഎച്ച്പി 660 എൻ‌എം പരമാവധി ടോർക്കായി പരിവർത്തനം ചെയ്യുന്നു. 78 കിലോവാട്ടിന്റെ ബാറ്ററി പരമാവധി 418 കിലോമീ‌റ്റ‌ർ വരെ ഉപയോഗിക്കാം. പൂജ്യത്തിൽ നിന്ന് 100 കിലോമീ‌റ്റർ വേഗതയിലെത്താൻ വേണ്ടത് വെറും 4.9 സെക്കന്റുകളാണ്.

volvo

ഓഡി ഇ-ട്രോൺ

രണ്ട് മോഡൽ ഇലക്‌ട്രിക് കാറുകളാണ് ഓഡി ഈ വർഷം പുറത്തിറക്കുക. ഓഡി ഇ-ട്രോണും, ഇ-ട്രോൺ സ്‌പോർട്ട്ബാക്കും. രണ്ട് മോഡലുകളും ഏതാണ്ട് ഒരേ സവിശേഷതകൾ അടങ്ങിയതാണെങ്കിലും ഇ-ട്രോൺ കൂപ്പെയ്‌ക്ക് പിൻഭാഗത്ത് ചില മാ‌റ്റങ്ങളുണ്ടാകും. മാത്രമല്ല ചെരിവോടുകൂടിയ റൂഫ്‌ലൈനും ഇതിനുണ്ടാകും.

355 ബിഎച്ച്‌പിയിൽ 561 എൻ‌എം ടോർക്കുള‌ളതാണിവ. ബൂസ്‌റ്ര് മോഡിൽ ഇത് 408 ബിഎച്ച്‌പിയും 664 എൻഎം ടോർക്കുമാകും. ഒറ്റ ചാർ‌ജിൽ 452 സഞ്ചരിക്കുന്ന ഇവ എട്ടര മണിക്കൂറുകൊണ്ട് പൂർണമായും ചാ‌ർജ് ചെയ്യാം.

മഹീന്ദ്ര ഇകെയുവി 100

2020 ഓട്ടോ എക്‌സ്‌പോയിൽ മാതൃക അവതരിപ്പിച്ചതാണ് മഹിന്ദ്ര ഇകെയുവി 100ന്റേത്. വിലയും അന്ന് പ്രഖ്യാപിച്ചിരുന്നു. 8.25 ലക്ഷമാകും മഹിന്ദ്ര ഇകെയുവി 100ന് വില. പെട്രോൾ വേരിയന്റുമായി കാഴ്‌ചയിൽ വലിയ വ്യത്യാസമൊന്നുമില്ലാത്ത ഇവ മുഖ്യമായും ഫ്ളീ‌റ്റ് ഓപ്പറേറ്റർമാരെ ഉദ്ദേശിച്ചുള‌ളതാണ്.

40 കിലോവാട്ട് ഇലക്‌ട്രിക് ആയ ഇവയ്‌ക്ക് 53 ബിഎച്ച്പിയിൽ പരമാവധി 120 എൻഎം ടോർക്ക് നൽകാനാകും. സിംഗിൾ സ്‌പീഡ് ട്രാൻസ്‌മിഷനിൽ പ്രവ‌ർത്തിക്കുന്ന മുൻ വീലുകളാണുള‌ളത്. 15.9 കിലോവാട്ട് ലിഥിയം ഇയോൺ ബാ‌റ്ററിയാണുള‌ളത്. ഒറ്റ ചാർജിൽ പരമാവധി 120 കിലോമീ‌റ്റർ പോകാനാകും.

mahindra

ടാ‌റ്റ ആൾട്രോസ് ഇവി

2019ലെ ജെനീവെയിലെ മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച കാറാണ് ടാ‌റ്റ ആൾട്രോസ് ഇവി. പൂർണമായും ഇലക്‌ട്രിക് ആയ ഈ ഹാച്ച്ബാക്ക് മോഡൽ ഈ വർഷം തന്നെ ഇന്ത്യൻ വിപണിയിലെത്തും. സിപ്‌ട്രോൺ പവർട്രെയിൻ സാങ്കേതിക വിദ്യയാകും ടാ‌റ്റ ഇനിയുള‌ള ഇലക്‌ട്രിക് കാറുകളിൽ ഉപയോഗിക്കുക. ഐ‌പി67 അംഗീകാരമുള‌ള ലിഥിയം ഇയോൺ ബാ‌റ്ററിയാകും കാറിലുണ്ടാകുക.

altroz

മെഴ്‌സിഡെസ് ബെൻസ് ഇക്യുഎസ്

ആഗോള വിപണിയിൽ ഇക്യുഎസ് സെഡാൻ ഉടൻ പുറത്തിറക്കുമെന്ന് ബെൻസ് പ്രഖ്യാപിച്ചത് കഴിഞ്ഞ മാസമാണ്. ഈ വർഷം തന്നെ ഇന്ത്യൻ വിപണിയിലും ഇക്യുഎസ് എത്തും. രണ്ട് വേരിയന്റിലാണ് ഈ ആഡംബര ഇലക്‌ട്രിക് സെഡാൻ ലഭിക്കുക. ഇക്യുഎസ് 450 4മാ‌റ്റികും, 580 4മാ‌റ്റികും.

ബേസ് മോഡലായ ഇക്യുഎസ് 4മാറ്റിക് 328 ബിഎച്ച്പിയും 568 എൻഎം. ടോർക്കുമുള‌ളതാണ്. 4.1 സെക്കന്റിൽ 100 കിലോമീ‌റ്റ‌‌ർ വേഗതയിൽ എത്താനാകും.